Sunday March 29th, 2020 - 11:36:pm
topbanner

പിണറായി സ്വിമ്മിംഗ് പൂള്‍; ഒരു വര്‍ഷം എത്തിയത് പതിനായിരം പേര്‍

Anusha Aroli
പിണറായി സ്വിമ്മിംഗ് പൂള്‍; ഒരു വര്‍ഷം എത്തിയത് പതിനായിരം പേര്‍

കണ്ണൂർ : ഗ്രാമാന്തരീക്ഷത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പിണറായി സ്വിമ്മിംഗ് പൂള്‍ ഇന്ന് നാടിനും നാട്ടുകാര്‍ക്കും അഭിമാനമാണ്. നാട്ടിന്‍പുറത്ത് ലക്ഷങ്ങള്‍ മുടക്കി ഒരു നീന്തല്‍കുളം നിര്‍മ്മിച്ചാല്‍ അത് വിജയിക്കുമോയെന്ന സംശയത്തെ വെല്ലുവിളിച്ചാണ് പിണറായി സ്വിമ്മിംഗ് പൂള്‍ നീന്തല്‍ പ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പൂളില്‍ കണ്ണൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍, തലശ്ശേരി, തളിപ്പറമ്പ്, മാടായി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിനംപ്രതി നിരവധിയാളുകളാണ് നീന്തല്‍ പരിശീലനത്തിനും വ്യായാമത്തിനുമായി എത്തുന്നത്. ഞായറാഴ്ചകളില്‍ മാത്രമെത്തുന്നവരും കുറവല്ല. ഒരു വര്‍ഷത്തിനിടയില്‍ ഇവിടെ നീന്തലിനെത്തിയത് പതിനായിരത്തിലേറെപേരാണ്. 2018 നവംബര്‍ മൂന്നിനാണ് 1.2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്വിമ്മിംഗ് പൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്.

എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ 10 മണിവരെയും വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെയുമാണ് സ്വിമ്മിംഗ് പൂളിന്റെ പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ പതിവ് പോലെയും വൈകുന്നേരം മൂന്ന് മുതല്‍ ആറ് മണിവരെയുമാണ് പൂള്‍ പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച ശുചീകരണ പ്രവൃത്തികള്‍ക്കായി പൂളിന് അവധിയാണ്. പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് ആറ് മണി മുതല്‍ ഏഴ് മണി വരെ സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം.

ഒരു മണിക്കൂര്‍ നേരത്തെ വ്യായാമത്തിന് 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. കുട്ടികളെ നീന്തല്‍ അഭ്യസിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് 1300 രൂപയും മുതിര്‍ന്നവര്‍ക്ക് 1750 രൂപയുമാണ് ഫീസ്. ഒരു മാസം നീന്തുന്നതിന് കുട്ടികള്‍ക്ക് 750 രൂപയും മുതിര്‍ന്നവര്‍ക്ക് 1000 രൂപയുമാണ്. ഒരു മാസത്തെ രജിസ്‌ട്രേഷന്‍ കൂടാതെ ആളുകളുടെ സൗകര്യം കണക്കിലെടുത്ത് 10, 15 ദിവസങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ട്.

135 സെന്റീമീറ്റര്‍ ഉയരം വേണമെന്നുള്ളതാണ് നീന്തല്‍ കുളത്തിലിറങ്ങാനുള്ള യോഗ്യത. മദ്യപിച്ചെത്തുന്നവരെയും പകര്‍ച്ച വ്യാധിയുള്ളവരെയും പൂളില്‍ പ്രവേശിപ്പിക്കാറില്ല. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും പിണറായി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായാണ് ആരംഭിച്ചതെങ്കിലും ആറ് മാസം മുമ്പാണ് പൂളിന്റെ പൂര്‍ണ നിയന്ത്രണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പഞ്ചായത്തിനെ ഏല്‍പ്പിച്ചത്. ഏഴംഗങ്ങളുള്ള ജനകീയ കമ്മിറ്റിയാണ് സ്വിമ്മിംഗ് പൂളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നിലവില്‍ രണ്ട് പരിശീലകര്‍, ഒരു സെക്യൂരിറ്റി, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരാണ് ഇവിടെയുള്ളത്.

ഹെയര്‍ക്യാപ്പ് അടക്കമുള്ള നീന്തല്‍ വസ്ത്രങ്ങള്‍ പൂളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നീന്തുന്നതിന് മുമ്പും ശേഷവുമുള്ള കുളിയും കര്‍ശനമാണ്. ആദ്യത്തെ കുളി വിയര്‍പ്പും ശരീരത്തിലെ മറ്റ് അഴുക്കുകളും കളയാനും നീന്തലിന് ശേഷമുള്ള കുളി കുളത്തിലെ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ക്ലോറിന്‍ പോലുള്ള ഘടകങ്ങള്‍ ശരീരത്തില്‍ നിന്ന് കളയുന്നതിനുമാണെന്ന് കമ്മിറ്റി സെക്രട്ടറി അഡ്വ. അജിത്ത് കുമാര്‍ പറയുന്നു. പരീക്ഷാക്കാലമായതിനാല്‍ ഇപ്പോള്‍ പൂളില്‍ തിരക്ക് കുറവാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസങ്ങളില്‍ കുടുംബമായിട്ടാണ് ആളുകള്‍ എത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'നീന്തല്‍ ശീലമാക്കൂ ആരോഗ്യം സംരക്ഷിക്കൂ' എന്ന മുദ്രാവാക്യം തന്നെയാണ് ഇവരും ജനങ്ങളിലേക്കെത്തിക്കുന്നത്. പൂളില്‍ സ്ഥിരമായി വ്യായാമത്തിനെത്തുന്ന ഡോക്ടര്‍മാരുടെ നീണ്ട നിരതന്നെയാണ് ഇവര്‍ ഇതിന് ഉദാഹരണമായി പറയുന്നതും. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന നിലവാരവും മികച്ച പങ്കാളിത്തവുമുള്ള പൂളുകളിലൊന്നാണ് പിണറായി സ്വിമ്മിംഗ് പൂളെന്നും ഗ്രാമപ്രദേശമാണെന്നുള്ളത് ഇവിടേക്ക് ആള്‍ക്കാരെ ആകര്‍ഷിക്കുന്നുണ്ടന്നും അജിത് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി വിജയികളായ 1150 കുട്ടികള്‍ക്ക് നീന്തല്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനായി ഇവിടെ നിന്നാണ് നീന്തല്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബില്‍, ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള പൂളിന്റെ നടത്തിപ്പിന് ഒരുമാസം 70,000 രൂപയോളം ചെലവ് വരും. പൂളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഈ ചെലവുകള്‍ നടത്തുന്നത്. പൂളില്‍ നിന്ന് ലഭിച്ച ലാഭമുപയോഗിച്ച് മൂന്ന് ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയുടെ ഫ്രൈം ഗ്ലാസ് സ്ഥാപിക്കല്‍, ആളുകളുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതിന് 70,000 രൂപ ചിലവില്‍ അലമാരകള്‍ വാങ്ങല്‍ തുടങ്ങിയ ഇതില്‍പ്പെടുന്നു.

ഇവിടെ നിന്നും നീന്തല്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ജില്ലാതല മത്സരങ്ങളിലുള്‍പ്പെടെ ചാമ്പ്യന്മാരായിട്ടുണ്ടെന്ന് നീന്തല്‍ പരിശീലകനും ആര്‍മിയിലെ മുന്‍ ഫിസിക്കല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടറുമായ കെ ജയദേവന്‍ പറയുന്നു. സ്ത്രീകള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി ജില്ലാതല നീന്തല്‍ മത്സരം നടത്താനുള്ള പദ്ധതിയും ഇവര്‍ക്കുണ്ട്. മികച്ച ജീവനക്കാരും വൃത്തിയുള്ള അന്തരീക്ഷവുമാണ് ഇവിടുള്ളതെന്ന് പൂളിലെത്തുന്നവരും അഭിപ്രായപ്പെട്ടു.

Read more topics: kannur, pinarayi swimming pool
English summary
kannur pinarayi swimming pool
topbanner

More News from this section

Subscribe by Email