Tuesday November 12th, 2019 - 6:48:pm
topbanner

പ്രളയ ദുരിതാശ്വാസം: കണ്ണൂർ ജില്ലാ ഭരണകൂടത്തിന് വികസന സമിതിയുടെ അഭിനന്ദനം

Anusha Aroli
പ്രളയ ദുരിതാശ്വാസം: കണ്ണൂർ ജില്ലാ ഭരണകൂടത്തിന്  വികസന സമിതിയുടെ അഭിനന്ദനം

കണ്ണൂർ : ആഗസ്ത് ആദ്യവാരം ജില്ലയിലുണ്ടായ പ്രളയത്തെ നേരിടാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളെ ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ അഭിനന്ദിച്ചു. പ്രളയബാധിതരെ രക്ഷപ്പെടുത്തുന്നതിലും ഒരു പരാതിക്കും ഇടനല്‍കാത്ത വിധം ദുരിതാശ്വാസ ക്യാംപുകളില്‍ അവര്‍ക്ക് താമസമടക്കമുള്ള സൗകര്യമൊരുക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടം കാഴ്ചവച്ചതെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ക്യാംപുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവര്‍ക്കും വീടുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്കുമുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നു നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ നേട്ടമാണിതെന്ന് കെ സി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. പുരനരധിവാസ പ്രവര്‍ത്തനങ്ങളിലും ഈ പ്രവര്‍ത്തന മികവ് പ്രകടമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് പ്രളയവേളയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്കു പുറമെ, പ്രളയത്തെ തുടര്‍ന്ന് ബന്ധുവീടുകളില്‍ മാറിത്താമസിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അഭിനന്ദനീയമാണെന്ന് ടി വി രാജേഷ് എംഎല്‍എ പറഞ്ഞു.

പ്രളയബാധിതര്‍ക്കായി ക്യാംപുകളില്‍ മികച്ച സൗകര്യങ്ങളൊരുക്കാനും വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ എല്ലാവര്‍ക്കും കിറ്റുകള്‍ നല്‍കാനും സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളളവരുടെ നേതൃത്വത്തില്‍ എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കാനായതാണ് പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കിയതെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ മറ്റ് വികസന കാര്യങ്ങളിലും ഇത്തരമൊരു സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ വീടുകളുടെയും കടകളുടെയും മറ്റും കണക്കെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് ജില്ലയിലെ പുഴകളിലുണ്ടായ കരയിടിച്ചിലിനെ കുറിച്ച് പഠിക്കാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വീടുകള്‍ നഷ്ടപ്പെട്ട് മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുന്നവര്‍ക്ക് വീട്ടുവാടക ലഭ്യമാക്കുന്ന കാര്യത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ ജില്ലയിലെ റോഡുകള്‍ വ്യാപകമായി തകര്‍ന്ന പശ്ചാത്തലത്തില്‍ അവയുടെ പുനര്‍നിര്‍മാണത്തിനായി ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആസൂത്രണ സമിതി യോഗം സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

English summary
flood kannur Development Committee congratulated district administration
topbanner

More News from this section

Subscribe by Email