Thursday June 4th, 2020 - 6:45:pm

ക്വാറന്റൈനുശേഷം വീടുകള്‍ അണുനശീകരണം നടത്തണം: ജില്ലയിലെ ആശുപത്രികളിലെ പ്രസവ വാര്‍ഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും : കണ്ണൂർ ഡി എം ഒ

Anusha Aroli
ക്വാറന്റൈനുശേഷം വീടുകള്‍ അണുനശീകരണം നടത്തണം: ജില്ലയിലെ ആശുപത്രികളിലെ പ്രസവ വാര്‍ഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും : കണ്ണൂർ ഡി എം ഒ

കണ്ണൂർ : കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോം ക്വാറന്റൈനിലും ആശുപത്രി ക്വാറന്റൈനിലും ഉണ്ടായിട്ടുള്ള വ്യക്തികള്‍ താമസിക്കുന്ന വീടുകളില്‍ അവരുടെ ക്വാറന്റൈന്‍ സമയം കഴിയുന്നതോടെ നിര്‍ബന്ധമായും അണുനശീകരണം നടത്തണമെന്ന് ഡി എം ഒ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആശുപത്രി ക്വാറന്റൈനിലേക്ക് ആളുകളെ മാറ്റിയാല്‍ അവര്‍ ഉപയോഗിച്ച മുറി ചുരുങ്ങിയത് മൂന്ന് ദിവസം അടച്ചിടാന്‍ പ്രതേ്യകം ശ്രദ്ധിക്കണം. അതിനിടയില്‍ ആരുംതന്നെ ആ മുറിയിലേക്ക് പ്രവേശിക്കരുത്. 

30 ശതമാനം ക്ലോറിന്‍ അടങ്ങിയ 17.5 ഗ്രാം ബ്ലീച്ചിങ്ങ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തയ്യാറാക്കുന്ന കാത്സ്യം ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍ ഉപയോഗിച്ചാണ് അണുനശീകരണം നടത്തേണ്ടത്. ശുചീകരണത്തിനായി ക്ലോറിന്‍ സൊലൂഷനില്‍ ഒരു ലിറ്ററില്‍ ഒരു ടീസ്പൂണ്‍ ഡിറ്റര്‍ജന്റ് കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും.

ബ്ലീച്ച് സൊലൂഷന്‍ പ്രതലങ്ങളില്‍ തളിച്ച് പത്ത് മിനുട്ടിന് ശേഷം മാത്രമേ തുടച്ചുവൃത്തിയാക്കാന്‍ പാടുള്ളു.
കോവിഡ് -19 പോസിറ്റീവ് ആയിട്ടുള്ള വ്യക്തി സ്പര്‍ശിക്കുകയോ സ്പര്‍ശിക്കാന്‍ സാധ്യതയുള്ളതോ ആയ എല്ലാ പ്രതലങ്ങളും ഈ രീതിയില്‍ വൃത്തിയാക്കേണ്ടതാണ്. ജനല്‍ കമ്പികള്‍, ഫര്‍ണിച്ചര്‍ എന്നിവയും ഈ രീതിയില്‍ വൃത്തിയാക്കേണ്ടതാണ്.

ആശുപത്രി ക്വാറന്റൈന്‍ കഴിഞ്ഞു വരുന്നവരെ അണുനശീകരണം നടത്തി വൃത്തിയാക്കിയ വീടുകളില്‍ മാത്രമേ പാര്‍പ്പിക്കാന്‍ പാടുള്ളൂ. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വ്യക്തികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീററുകള്‍, തലയിണയുറകള്‍, മേശവിരികള്‍, ജനറല്‍ കര്‍ട്ടണുകള്‍ തുടങ്ങിയവ 10 മിനിറ്റ് ഹൈപ്പോക്ലോറൈറ്റ് സൊലൂഷനില്‍ കുതിര്‍ത്തിട്ടതിനുശേഷം അലക്കണം.

ബ്ലീച്ച് സൊലൂഷന്‍ പ്രതലങ്ങളില്‍ ഒഴിക്കുന്നതിനുമുമ്പായി കൈയുറയില്ലാതെ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കിടക്ക, തലയണ, കുഷ്യന്‍ എന്നിവ വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. ശുചീകരണം നടത്തുന്നയാള്‍ അതിനുശേഷം നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് ശരീരം കഴുകി വൃത്തിയാക്കുകയും വേണം.

പ്രസവ വാര്‍ഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും: ഡി എം ഒ

ജില്ലയില്‍ കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതോടൊപ്പം മാതൃശിശു ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ടെന്ന് ഡി എം ഒ ഡോ.നാരായണ നായ്ക് അറിയിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശു പത്രി, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രസവ വാര്‍ഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.

ജില്ലയിലെ പ്രസവ വാര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. മാതൃശിശു ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഗര്‍ഭകാല പരിചരണം കൃത്യമായി നടത്തേണ്ടതും യഥാസമയം ആശുപത്രി സേവനം തേടേണ്ടതുമാണെന്നും ഡി എം ഒ അറിയിച്ചു.

Read more topics: kannur DMO,home quarantine
English summary
kannur DMO about home quarantine
topbanner

More News from this section

Subscribe by Email