Thursday August 13th, 2020 - 10:17:pm

ഗുരുവായൂര്‍ ഉത്സവം: നഗരപ്രദക്ഷിണത്തിനായി കണ്ണനിറങ്ങി

NewsDesk
ഗുരുവായൂര്‍ ഉത്സവം: നഗരപ്രദക്ഷിണത്തിനായി  കണ്ണനിറങ്ങി

തൃശൂര്‍: കനകപ്രഭ വര്‍ഷിച്ചു നഗരപ്രദക്ഷിണത്തിനായി കണ്ണനിറങ്ങി. വര്‍ഷത്തില്‍ ഉത്സവക്കാലത്ത് മാത്രം പുറത്തേക്കെഴുന്നള്ളുന്ന ഭഗവാനെ തേടിയെത്തിയവര്‍ക്ക് അത് അനുഭൂതിയുടെ കൂടി ദര്‍ശന സായുജ്യമായി.  സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷമായിരുന്നു മരതകവര്‍ണന്‍ അഞ്ചാനകളുടെ അകമ്പടിയില്‍ രാജകീയമായി പുറത്തേക്കെഴുന്നള്ളിയത്. നൂറുകണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തര്‍ വരവേല്‍പ്പ് നല്‍കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊമ്പന്‍ വലിയകേശവനായിരുന്നു ഗ്രാമ പ്രദക്ഷിണത്തിനു സ്വര്‍ണക്കോലമേറ്റിയത്. ലക്ഷണമൊത്ത കൊമ്പന്മാരായ നന്ദന്‍, ശ്രീധരന്‍, വിഷ്ണു, ദാമോദര്‍ദാസ് എന്നീ ആനകള്‍ ഇടംവലം അണിനിരന്നു. കൃഷ്ണനാട്ടം കലാകാരന്മാര്‍ ആയോധനവേഷം ധരിച്ച് വാളും പരിചയുമേന്തി ചുവടുവയ്ക്കുന്നത് കാണാമായിരുന്നു. നൂറുകണക്കിന് വാദ്യകലാകാരന്മാര്‍ അണിനിരന്ന മേളത്തിന് മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ അമരക്കാരനായി. വിസ്തരിച്ച പാണ്ടിമേളത്തിനുമുന്നില്‍ കൊടിക്കൂറകള്‍, തഴകള്‍, സൂര്യമറകള്‍, ഭജനസംഘം എന്നിവയും ഒപ്പം അണിനിരന്നു.

സാധാരണ ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്നലെ കൊടിമരച്ചുവട്ടിലായിരുന്നു ദീപാരാധന, വര്‍ഷത്തില്‍ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ മാത്രമാണ് ശ്രീകോവിലിനു പുറത്ത് ദീപാരാധന നടക്കുക. ശാന്തിയേറ്റ കീഴ്ശാന്തി നാഗേരി ഹരി നമ്പൂതിരി ദീപാരാധന നിര്‍വഹിച്ചു. തുടര്‍ന്നായിരുന്നു സ്വര്‍ണക്കോലം ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നത്. നാരായണനാമധ്വനികളാല്‍ അന്തരീക്ഷം ഭക്തിസാന്ദ്രമായപ്പോള്‍ കൃഷ്ണനഗരി ഉത്സവത്തിലാറാടി. എഴുന്നള്ളിപ്പിന് മുന്നില്‍ ഓതിക്കന്‍ ഗ്രാമബലിയര്‍പ്പിച്ച് നടന്നു. വെള്ളിവിളക്കുകളുമായി കഴകക്കാര്‍ വഴിയൊരുക്കി. എഴുന്നള്ളിപ്പ് കുളപ്രദക്ഷിണം പൂര്‍ത്തിയാക്കി ക്ഷേത്രത്തിനകത്തേക്കു മടങ്ങിയതോടെ ഭഗവാന്റെ ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയായി.

ഗുരുവായൂര്‍ ആറാട്ട് ഇന്ന്

ഗുരുവായൂര്‍ ആറാട്ട് ഇന്ന്. ഭഗവാന്‍ കൃഷ്ണന്‍ ആറാടിയ രുദ്രതീര്‍ഥത്തില്‍ ആറാട്ടുകുളിക്കാന്‍ പതിനായിരങ്ങളാണ് ഗുരുപവന പുരിയിലെത്തുക. പത്തുദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് അതോടെ കൊടിയിറങ്ങും.
പള്ളിവേട്ടയ്ക്കുശേഷം ക്ഷീണിതനായി പള്ളിയുറങ്ങുന്ന ഭഗവാനെ പള്ളിക്കുറുപ്പുണര്‍ത്തലാണ് ആറാട്ടുദിവസത്തെ ആദ്യ ചടങ്ങ്. തുടര്‍ന്ന് വൈകുന്നേരം നാലരയ്ക്ക് മൂലവിഗ്രഹത്തിലുള്ള ചൈതന്യം പഞ്ചലോഹ തിടമ്പിലേക്കാവാഹിച്ച് പുറത്തേക്കെഴുന്നള്ളിക്കും. പഴുക്കാമണ്ഡപത്തില്‍ കൊടിമരത്തിന് സമീപം കീഴ്ശാന്തി ദീപാരാധന നടത്തിയശേഷമാണ് നഗര പ്രദക്ഷിണം പുറത്തേക്കെഴുന്നള്ളുമ്പോള്‍ പഞ്ചവാദ്യമാണ് അകമ്പടിയാവുക.

എഴുന്നള്ളിപ്പ് രുദ്രതീര്‍ത്ഥക്കുളത്തിന്റെ വടക്കുഭാഗത്ത് എത്തിയാല്‍ പഞ്ചവാദ്യം അവസാനിപ്പിച്ച് മേളം തുടങ്ങും. മേളത്തോടെയുള്ള എഴുന്നള്ളിപ്പ് ഭഗവതി ക്ഷേത്രത്തിലൂടെ ആറാട്ട് കടവിലെത്തിയാല്‍ ക്ഷേത്രം തന്ത്രിയും ഓതിക്കന്മാരും ചേര്‍ന്ന് ഗംഗ, യമുന, സരസ്വതി തുടങ്ങിയ പുണ്യതീര്‍ഥങ്ങളെ രുദ്രതീര്‍ത്ഥക്കുളത്തിലേക്കാവാഹിച്ച് പുണ്യാഹം നടത്തുന്ന ചടങ്ങ് വിശിഷ്ടമാണ്.

തുടര്‍ന്ന് തന്ത്രി നമ്പൂതിരിപ്പാട് പാപനാശിനി സൂക്തം ജപിച്ച് ഭഗവാന്റെ പഞ്ചലോഹ തിടമ്പ് മാറോടുചേര്‍ത്ത് രുദ്ര തീര്‍ത്ഥക്കുളത്തിലിറങ്ങി മൂന്നുവട്ടം മുങ്ങിക്കയറുന്നതോടെ ആറാട്ട് ചടങ്ങ് പൂര്‍ത്തിയാകും. അതിനുശേഷമാണ് ഭഗവാന്‍ ആറാടിയ തീര്‍ത്ഥത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ മുങ്ങിക്കയറുക.

Read more topics: Guruvayoor, ulsavam,
English summary
guruvayoor ulsavam nagrapradhikshanam
topbanner

More News from this section

Subscribe by Email