Saturday August 24th, 2019 - 12:13:am
topbanner
topbanner

പ്രളയം: തൃശൂർ ജില്ലയിൽ നടപ്പാക്കിയത് 775 കോടി രൂപയുടെ പുനർനിർമ്മാണ പദ്ധതികൾ

Anusha Aroli
പ്രളയം: തൃശൂർ ജില്ലയിൽ നടപ്പാക്കിയത് 775 കോടി രൂപയുടെ പുനർനിർമ്മാണ പദ്ധതികൾ

തൃശൂർ : 2018 ലെ പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങൾ മറിക്കടക്കാനുളള അതിജീവന-പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ നടപ്പാക്കിയത് 775 കോടി രൂപയുടെ പദ്ധതികൾ. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ് പുനർനിർമ്മാണത്തിനായി വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചത് നടപ്പാക്കിയത്. പ്രളയാനന്തരം സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം പരിപാടിയിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച ജില്ലകളിലൊന്നാണ് തൃശൂർ. എങ്കിലും സർക്കാർ നടപ്പാക്കിയ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് അതിവേഗം കഴിഞ്ഞു. അടിയന്തിര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 10000 രൂപ 1,25,932 കുടുംബങ്ങൾക്ക് ജില്ലയിൽ വിതരണം ചെയ്തു. 125.932 കോടി രൂപ ഇതിനായി ജില്ലയിൽ ചെലവഴിച്ചു.

പൂർണ്ണമായി തകർന്ന വീടുകളിൽ 1389 വീടുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയാക്കി. ഭാഗികമായി തകർന്ന 24,208 വീടുകൾക്ക് ധനസഹായം നൽകുന്നതിനായി 268.18 കോടി രൂപ ചെലവഴിച്ചു. കുടുംബശ്രീ വഴി 41,987 വനിതകൾക്ക് കുടുംബസഹായ വായ്പ ലഭ്യമാക്കി. 345.02 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. ഉജ്ജീവന സഹായ പദ്ധതിയിലൂടെ 19.03 കോടി രൂപ വായ്പയായി വിതരണം ചെയ്തു. 23792 കർഷകർക്ക് ദുരിതാശ്വാസ സഹായം ലഭ്യമാക്കി. കാർഷിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിനായി 23.69 കോടി രൂപയാണ് ജില്ലയിൽ ചെലവഴിച്ചത്. സ്‌കൂൾ പൗൾട്രി ക്ലബുകൾ മുഖേന 25000 കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു.

പ്രളയത്തിൽ വിച്ഛേദിക്കപ്പെട്ട 4.28 ലക്ഷം വൈദ്യുതി കണക്ഷനുകൾ പുന:സ്ഥാപിച്ചു. 186 ട്രാസ്‌ഫോർമറുകളും 1388 പോസ്റ്റുകളും പുന:സ്ഥാപിച്ചു. 28.82 കോടി രൂപ വൈദ്യുതി വിതരണം പൂർവ്വസ്ഥിതിയിലാക്കാൻ ചെലവഴിച്ചു. പ്രളയത്തിൽ തകർന്ന 764 റോഡുകൾ ഇതിനകം പുനർനിർമ്മിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ 12 പാലങ്ങൾ നവീകരിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ 128.661 കി.മീ റോഡുകളും 13 പാലങ്ങളും അറ്റകുറ്റപ്പണികൾ നടത്തി പൂർവ്വസ്ഥിതിയിലാക്കി. ജില്ലയിലെ ആശുപത്രികളുടെ നവീകരണത്തിനായി 1.25 കോടി രൂപ ചെലവഴിച്ചു. 4 ആശുപത്രികൾ പുനരുദ്ധരിച്ചു. 9 സ്‌കൂളുകളുടെയും 38 അങ്കണവാടികളുടെയും പുന:നിർമ്മാണം പൂർത്തിയായി.

പ്രളയാനന്തരം ജില്ലയിൽ നടപ്പാക്കിയ പദ്ധതികൾ ജില്ലാ കളക്ടർ എസ് ഷാനവാസ് പവർപോയിന്റ് പ്രസന്റേഷനിലൂടെ വിശദമാക്കി. ടൗൺ ഹാളിൽ നടന്ന 'ജനകീയം ഈ അതിജീവനം' പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അദ്ധ്യക്ഷനായി.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി നിർമ്മാണം പൂർത്തിയാക്കിയ 23 വീടുകളുടെ താക്കോൽദാനവും, ഭൂമിയും വീടും നഷ്ടമായവർക്കായി സർക്കാർ വാങ്ങി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറലും പുനർനിർമ്മാണ പ്രക്രിയയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർക്കുള്ള പുരസ്‌ക്കാര വിതരണവും മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ 'പ്രളയാതിജീവനം' സിഡി പ്രകാശനവും മന്ത്രി നിർവഹിച്ചു.

കോർപ്പറേഷൻ മേയർ അജിത വിജയൻ, എം.എൽ.എമാരായ ബി.ഡി ദേവസി, കെ.വി. അബ്ദുൽ ഖാദർ, ഗീത ഗോപി, മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്‌റ എൻ.കെ. ഉദയപ്രകാശ്, മാടക്കത്തറ ഗ്രമാപഞ്ചായത്ത് പ്രസിഡൻ്‌റ പി.എസ്. വിനയൻ, മുൻ മേയർ ഐ.പി പോൾ, കോൺഗ്രസ് എസ്. ജില്ലാ പ്രസിഡൻ്‌റ സി.ആർ്. വത്സൻ, എഡിഎം റെജി പി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

English summary
flood Reconstruction projects in thrissur
topbanner

More News from this section

Subscribe by Email