Friday August 23rd, 2019 - 11:25:pm
topbanner
topbanner

നല്ല സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ കുടുംബ ബന്ധങ്ങള്‍ ശക്തമായിരിക്കണം: ഡോ.ഷാഹിദ കമാല്‍

Anusha Aroli
നല്ല സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ കുടുംബ ബന്ധങ്ങള്‍ ശക്തമായിരിക്കണം: ഡോ.ഷാഹിദ കമാല്‍

കാസർഗോഡ് : നല്ല സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ കുടുംബ ബന്ധങ്ങള്‍ എന്നും ശക്തമായിരിക്കണമെന്ന് വനിത കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ അഭിപ്രായപ്പെട്ടു. കേരള വനിതാ കമ്മീഷനും ത്രിവേണി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും സംയുക്തമായി സംഘടിപ്പിച്ച വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഇന്നത്തെ യുവത്വമാണ് നാളത്തെ പ്രതീക്ഷ. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളെ കുറിച്ചും, പ്രാധാന്യത്തെ കുറിച്ചും യുവ തലമുറ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ജീവിതം എത്ര തന്നെ ഉയരങ്ങളില്‍ എത്തിയാലും കുടുംബത്തെയും ചേര്‍ത്തു പിടിക്കണം. അപ്പോഴെ ജീവിത വിജയം പൂര്‍ത്തിയാവൂ. കുടുംബ ബന്ധങ്ങള്‍ എളുപ്പം ശിഥിലമാകുന്ന ഇന്നത്തെ കാലത്ത് യുവത്വം കുടുംബത്തിന്റെ മഹിമ തിരിച്ചറിഞ്ഞ് വളരണം. അതുകൊണ്ടാണ് കലാലയങ്ങളില്‍ വനിതാ കമ്മീഷന്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. നമ്മുടെ അടിത്തറ നമുക്ക് നഷ്ടപ്പെടരുത്. കലാലയങ്ങളില്‍ ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതോടെ മാന്യ വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും ഷാഹിദ കമാല്‍ അഭിപ്രായപ്പെട്ടു.

ഇന്നത്തെ കൗമാരപ്രായക്കാര്‍ നാളെ വൈവാഹിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അവര്‍ സ്‌നേഹത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കണം. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞ് മിക്ക ഭാര്യമാരും വനിതാ കമ്മീഷന്‍ ഓഫീസില്‍ പരാതിയുമായി കയറി ഇറങ്ങുന്നത് സ്ഥിരം കാഴ്ചകള്‍ ഭാവിയില്‍ ഇല്ലാതാകട്ടെ. എല്ലാവിധ കുടുംബ പ്രശ്‌നങ്ങളെയും അതിജീവിക്കാനുള്ള സാഹചര്യം വനിതാ കമ്മീഷന്‍ ഒരുക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വലിയൊരു കാര്യം ഓര്‍മ്മ വരികയാണ്.

രണ്ട് ചിറകുകള്‍ക്കും കേടുപാടില്ലാത്ത പക്ഷിക്ക് മാത്രമേ വായുവിനെ കീറി മുറിച്ച് ലക്ഷ്യ സ്ഥാനത്തേക്കെത്താന്‍ കഴിയൂ. സമൂഹത്തിന്റെ കാര്യവും അതേ പോലെയാണ്. ഒരു ചിറക് പുരുഷനാണെങ്കില്‍ മറ്റൊരു ചിറക് സ്ത്രീയാണ്. രണ്ട് പേരും സഹകരിച്ചാലെ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയൂ. കലാലയമോ , ഓഫീസോ, വീടോ മറ്റ് ഏത് മേഖലയുമാകട്ടെ സ്ത്രീക്കും പുരുഷനും നല്ല രീതിയില്‍ സഹകരിക്കാന്‍ കഴിഞ്ഞെങ്കിലേ മുന്നോട്ട് പോകാന്‍ കഴിയൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ന് വിവാഹവും വിവാഹമോചനവും സാമ്പത്തിക വിലപേശലുകളിലാണ് അവസാനിക്കുന്നത്. പണം കൊടുത്ത് വിലക്ക് വാങ്ങേണ്ട ഒന്നല്ല വിവാഹവും വിവാഹമോചനവും. ഇനിയെങ്കിലും അത്തരം കാര്യങ്ങളില്‍ നിന്ന് നമുക്ക് മോചനമുണ്ടാകട്ടെ എന്നും ഷാഹിദ കമാല്‍ പറഞ്ഞു.

ത്രിവേണി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന സെമിനാറില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. കാസര്‍കോഡ് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സവിത കെ ഭട്ട്, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ വിജയന്‍ നമ്പ്യാര്‍, മലയാളം അധ്യാപിക ഇ രമണി, ട്രൈനര്‍ ഫഹദ് സലിം എന്നിവര്‍ സംസാരിച്ചു.

English summary
dr.shahida inagurated vanitha seminar in kasargod
topbanner

More News from this section

Subscribe by Email