Monday October 21st, 2019 - 3:04:am
topbanner

സ്ത്രീകള്‍ നിയമപരിരക്ഷ ദുരുപയോഗം ചെയ്യരുത്: ഡോ. ഷാഹിദ കമാല്‍

Anusha Aroli
സ്ത്രീകള്‍ നിയമപരിരക്ഷ ദുരുപയോഗം ചെയ്യരുത്: ഡോ. ഷാഹിദ കമാല്‍

പത്തനംതിട്ട : സ്ത്രീകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമപരിരക്ഷ ദുരുപയോഗം ചെയ്യരുതെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു കമ്മീഷനംഗം. കൊടുമണ്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഒരു വീട്ടില്‍ കേസിലെ പ്രതിയായി ഒളിവില്‍ കഴിയുന്ന വ്യക്തി വന്നു പോകുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വാസ്തവമാണെന്ന് ബോധ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഈ വീട്ടിലെ വനിതയോട് ഫോണിലൂടെ വിവരങ്ങള്‍ അന്വേഷിച്ചതിന്റെ പേരില്‍ ഇവര്‍ വനിതാ കമ്മീഷനില്‍ പോലീസിന് എതിരേ പരാതി നല്‍കി. എന്നാല്‍, പരാതിക്കാരി തുടര്‍ച്ചയായി അദാലത്തില്‍ എത്താതിരിക്കുകയും കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളി. കുറ്റവാളികളെ കുറിച്ചുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും മറച്ചു വയ്ക്കുന്നതും അവരെ സംരക്ഷിക്കുന്നതും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സ്ത്രീകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമപരിരക്ഷ ദുരുപയോഗം ചെയ്യരുതെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

ഭര്‍ത്താവിന്റെ മരണശേഷം ഭര്‍ത്തൃഗൃഹത്തിലെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി എത്തിയ കോറ്റാത്തൂര്‍ സ്വദേശിനിയുടെ പരാതിയും അദാലത്തില്‍ തീര്‍പ്പായി. പരാതിക്കാരിയും ഭര്‍ത്താവുമായി പിണങ്ങി കഴിയുകയും വിവാഹ ബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇവരുടെ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കവേയാണ് ഭര്‍ത്താവ് മരണപ്പെട്ടത്.

ഭര്‍ത്താവ് മുന്‍പ് തന്നെ പേരിലുള്ള സ്വത്ത് സഹോദരന് വിറ്റതിനാല്‍ നിയമപരമായി പരാതിക്കാരിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹത ഇല്ലായിരുന്നു. എങ്കിലും മാനുഷിക പരിഗണന നല്‍കി കമ്മീഷന്റെ അഭ്യര്‍ഥന പ്രകാരം എതിര്‍ കക്ഷിയായ ഭര്‍ത്തൃസഹോദരന്‍ പരാതിക്കാരിയുടെ പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിലെ ഒരു ലക്ഷം രൂപയോളം വരുന്ന വായ്പ അടയ്ക്കുന്നതിനുള്ള തുകയും കൂടാതെ 50,000 രൂപയും നല്‍കുന്നതിന് സമ്മതിച്ച് പരാതി തീര്‍പ്പാക്കി. ഈ തുക അടുത്ത അദാലത്തില്‍ കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കും.

നിരവധി സ്വത്ത്, വസ്തു, വഴിത്തര്‍ക്കങ്ങളും, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയും കമ്മീഷന്‍ മുന്‍പാകെ എത്തിയിരുന്നു. ഇതില്‍ സമവായവും പക്വതയും വിട്ടുവീഴ്ചാ മനോഭാവവും ഉണ്ടെങ്കില്‍ ഭൂരിഭാഗം പ്രശ്നങ്ങളും ഒഴിവാക്കാവുന്നതാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

2017 ല്‍ പരാതി നല്‍കിയ ശേഷം വാദിയും പ്രതിയും പരസ്പരം ഹാജാരാകാതിരുന്ന കേസിലെ ഇരു കക്ഷികളേയും കമ്മീഷന്‍ അദാലത്തില്‍ എത്തിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. ആകെ 72 പരാതികള്‍ അദാലത്തില്‍ പരിഗണനയ്ക്കു ലഭിച്ചു. ഇതില്‍ 28 പരാതികള്‍ തീര്‍പ്പായി. നാല് പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിന് അയച്ചു. 40 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.

വനിതാ കമ്മീഷന്‍ ഇന്‍സ്പെക്ടര്‍ എം. സുരേഷ് കുമാര്‍, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ എം. ഹസീനാ ബീവി, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സബീന, അഡ്വ. സീമ, അഡ്വ.കെ.ജെ. സിനി, കൗണ്‍സിലര്‍മാരായ ജിന്‍സി ബാബു, ഒബിനി സൂസന്‍ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
dr shahida kamaal talking about womens missusing law
topbanner

More News from this section

Subscribe by Email