Wednesday April 8th, 2020 - 1:17:am
topbanner

കോവിഡ് 19 : തൊഴിലുറപ്പ് പ്രവൃത്തിസ്ഥലങ്ങളില്‍ മുന്‍കരുതല്‍ വേണം : കോട്ടയം ജില്ലാ കളക്ടര്‍

Anusha Aroli
കോവിഡ് 19 : തൊഴിലുറപ്പ് പ്രവൃത്തിസ്ഥലങ്ങളില്‍ മുന്‍കരുതല്‍ വേണം : കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം : കോവിഡ് - 19 ബാധ പ്രതിരോധിക്കുന്നതിനായി ജില്ലയിലെ തൊഴിലുറപ്പ് പ്രവൃത്തി സ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജോലി തുടങ്ങുന്നതിനു മുന്‍പും ശേഷവും ഇടവേളകളിലും തൊഴിലാളികള്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം. വീട്ടില്‍ തിരികെ എത്തിയശേഷവും ഇതേ രീതിയില്‍ കൈകള്‍ ശുചീകരിക്കണം. തൊഴിലിടങ്ങളില്‍ സോപ്പും വെള്ളവും കരുതേണ്ടതാണ്. ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുള്ള കയ്യുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

വിയര്‍പ്പ് തുടയ്ക്കാന്‍ ഓരോരുത്തരും തോര്‍ത്ത് കരുതണം. ദിവസവും കഴുകി വൃത്തിയാക്കിയ തോര്‍ത്താണ് ഉപയോഗിക്കേണ്ടത്. പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ പരസ്പരം കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം.

തൊഴില്‍ സ്ഥലത്തെ അനൗപചാരികമായ ഒത്തുകൂടല്‍ ഒഴിവാക്കണം. പനി,ചുമ, ശ്വാസതടസം എന്നിവയുള്ളവര്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ വൈദ്യസഹായം തേടണം. കൊറോണ വൈറസ് ബാധയുള്ള വ്യക്തികളുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ തൊഴിലിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

നിരോധനം ലംഘിച്ചാല്‍ ശിക്ഷാ നടപടി

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുളള അടിയന്തിര നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 51, ഐ.പി.സി സെക്ഷന്‍ 269 എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ 50 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍, ആഘോഷങ്ങള്‍, പരിപാടികള്‍, ഒത്തുചേരലുകള്‍ എന്നിവ നിരോധിച്ച് വ്യാഴാഴ്ച്ച രാത്രിയാണ് ജില്ലാ കളക്ടര്‍ ഉത്തരവായത്.

തോട്ടം തൊഴിലാളികളുടെ സുരക്ഷയ്ക്ക് നിര്‍ദ്ദേശങ്ങളുമായി തൊഴില്‍വകുപ്പ്

കൊറോണ വൈറസ് ബാധ നിയന്ത്രണത്തിന് തോട്ടം മേഖലയില്‍ നടപ്പാക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ചീഫ് ഇന്‍സ്‌പെകടര്‍ ഓഫ് പ്ലാന്റേഷന്‍ (തൊഴില്‍ വകുപ്പ്) തോട്ടം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മസ്റ്ററിംഗ്, ശമ്പള വിതരണം, തേയിലയുടെ തൂക്കം നിര്‍ണയിക്കല്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളിലും കാന്റീനുകള്‍, ക്രഷുകള്‍ എന്നിവിടങ്ങളിലും സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ ഉറപ്പു വരുത്തണം. എല്ലാ തൊഴിലാളികള്‍ക്കും മാസ്‌ക് സൗജന്യമായി നല്‍കണം.

തൊഴിലാളികള്‍ കൂട്ടംകൂടി നില്‍ക്കുന്നതും യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും ഒഴിവാക്കണം. തോട്ടങ്ങളില്‍ വിദേശികള്‍ ഉള്‍പ്പെടെയുളള സന്ദര്‍ശകരെ ഒഴിവാക്കണം. ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.

പനി, ചുമ, തുമ്മല്‍ എന്നിവ ഉളളവരില്‍ നിന്ന് മൂന്നടി അകലം പാലിക്കണമെന്നും അസുഖങ്ങള്‍ ഉളളവര്‍ താമസസ്ഥലങ്ങളില്‍തന്നെ കഴിയണമെന്നും തൊഴിലാളികളെ അറിയിക്കണം. രോഗബാധിതരുടെയും കുടുംബങ്ങളുടെയും വിവരങ്ങള്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിക്കണം.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികളുടെ മാതൃഭാഷയില്‍ തയ്യാറാക്കി തോട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഉച്ചഭാഷിണി ഉപയോഗിച്ചുളള പ്രചാരണങ്ങളും വ്യക്തി ശുചിത്വം, കൊറോണ മുന്‍കരുതല്‍ എന്നിവ സംബന്ധിച്ച ബോധവത്കരണവും നടത്തണമെന്നും ഇതു സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.

English summary
covid 19 kottayam collector about NREGA
topbanner

More News from this section

Subscribe by Email