പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ വഴി ഇന്നലെ കേരളത്തിലേക്ക് കൂടുതല്‍ പേര് എത്തി. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ 1063 വാഹനങ്ങളിലായി 2377 പേരാണ് വന്നത്. ഇതില്‍ 1713 പുരുഷന്മാര്, 458 സ്ത്രീകള്‍, 206 കുട്ടികളുമാണ്. 668 കാറുകള്‍, 18 ട്രാവലറുകള്‍, രണ്ട് ഓട്ടോകള്‍, അഞ്ച് മിനി ബസുകള്‍, 370 ഇരുചക്രവാഹനങ്ങള്‍ എന്നിവയിലാണ് യാത്രക്കാര്‍ കേരളത്തിലെത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കൂടാതെ, സംസ്ഥാനത്തിന് പുറത്തേക്ക് വൈകീട്ട് ആറു മണി വരെയുള്ള കണക്കു പ്രകാരം ചെക്ക്പോസ്റ്റ് വഴി ഒമ്പത് വാഹനങ്ങളിലായി 23 യാത്രക്കാര്‍ കടന്നുപോയി. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരാണ് കഴിഞ്ഞ ദിവസം മുതല്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെത്തി തുടങ്ങിയത്. വാഹനങ്ങളില്‍ എത്തുന്നവരെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയിലൂടെയാണ് കടത്തിവിടുന്നത്. ആദ്യദിനം സഞ്ചരിച്ച ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.
എന്നാല്‍ ഇന്നലെ എത്തിയ മൂന്ന് പേരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. സേലത്തു നിന്നും ജില്ലയിലെത്തിയ മൂന്ന് ഹോമിയോ വിദ്യാര്‍ഥികളെയാണ് കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം ജില്ലയിലെത്തിയ ഇവര്‍ക്ക് പനി കാണപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ എടുത്ത ശേഷമാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍. കൂടാതെ ചെന്നൈയില്‍ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന വ്യക്തിയ്ക്ക് വാളയാറില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പത്തിനാലുകാരനായ കോങ്ങാട് സ്വദേശിയെ 108 ആംബുലന്‍സില്‍ ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
നിലവില്‍ സ്ഥിതി ഗുരുതരമാണെന്നും ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നും കാറില്‍ ആറു പേര് അടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹം വന്നത്. വാളയാര്‍ വഴി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ മാത്രമാണ് നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.