Monday April 6th, 2020 - 12:59:am
topbanner

സാങ്കേതിക വിദ്യയിലൂടെ സേവനങ്ങള്‍ കാര്യക്ഷമമായും ജന സൗഹൃദപരവുമാക്കാന്‍ സാധിക്കും : മുഖ്യമന്ത്രി

princy
സാങ്കേതിക വിദ്യയിലൂടെ സേവനങ്ങള്‍ കാര്യക്ഷമമായും ജന സൗഹൃദപരവുമാക്കാന്‍ സാധിക്കും  :  മുഖ്യമന്ത്രി

മലപ്പുറം : സാങ്കേതിക വിദ്യയിലൂടെ സേവനങ്ങള്‍ കാര്യക്ഷമമായും ജന സൗഹൃദപരവുമാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 23 രജിസ്‌ട്രേഷന്‍ ഓഫീസുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതിയ കാലം പുതിയ സേവനം എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ പുതിയ ഓഫീസ് സംസ്‌കാരമാണ് ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങളോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നതിനാലാണ് കാലപ്പഴക്കം ചെന്നതും വാടക കെട്ടിടങ്ങളിലുമുള്ളതുമായ ഓഫീസുകള്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിക്കാര്‍ഡ് റൂമുകളുടെ പരിഷ്‌കരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഡിജിറ്റലൈസേഷന്‍ ഉള്‍പ്പടെ സൗകര്യങ്ങള്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായിരുന്നു.ജില്ലയിലെ നാല് രജിസ്‌ട്രേഷന്‍ ഓഫീസുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചത്. താനൂര്‍, കല്‍പകഞ്ചേരി, തേഞ്ഞിപ്പലം, കുറ്റി്പ്പുറം തുടങ്ങിയ രജിസ്‌ട്രേഷന്‍ ഓഫീസുകളാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്.

ലിഫ്റ്റടക്കം സൗകര്യങ്ങളോടെ 95 ലക്ഷം ചെലവഴിച്ച് രണ്ട് നിലയില്‍ പണികഴിപ്പിച്ച താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ ഉപാധ്യക്ഷനായി. ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സര്‍ക്കാറിനാകുന്നുണ്ടെന്നും ഇതിനോടൊപ്പം പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണവും അനിവാര്യമാണെന്നും ചടങ്ങില്‍ ഉപാധ്യക്ഷനായ എം.എല്‍.എ പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരുന്നു. 1895 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്നാണ് താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മുസ്തഫ പനയത്തില്‍, നെച്ചിയേങ്ങല്‍ മുജീബ്, കെ.വി പ്രജിത, നഗരസഭ കൗണ്‍സിലര്‍ പി.ടി ഇല്യാസ്, സബ് രജിസ്ട്രാര്‍ കെ.എസ് ലക്ഷ്മി വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് 51 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് കിഫ്.ബി വഴി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടത്തിന്റ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉപാധ്യക്ഷനായി. എ.ഇ ഫസല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.കെ അബ്ദുറഹ്മാന്‍, ബക്കര്‍ ചെര്‍ന്നൂര്‍, ബ്ലോക്ക് അംഗങ്ങളായ എം.വിജയന്‍, രാജേഷ് ചാക്യാടന്‍, ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല മുഹമ്മദ് തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംസാരിച്ചു.

1896 ല്‍ വാടക കെട്ടിടത്തില്‍ ആരംഭിച്ച് മാപ്പിള ലഹളയെ തുടര്‍ന്ന് പൂര്‍ണമായും നശിപ്പിക്കപ്പെടുകയും 1923 മുതല്‍ കല്‍പ്പകഞ്ചേരിയിലേക്ക് മാറ്റുകയും ചെയ്ത ഓഫീസാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. കല്‍പകഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ സി.മമ്മൂട്ടി എം.എല്‍.എ ഉപാധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഹനീഫ പുതുപ്പറമ്പില്‍, വെട്ടം ആലിക്കോയ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആതവനാട് മുഹമ്മദ് കുട്ടി, സി. റംല മറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും പങ്കെടുത്തു.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടുനില കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 460.37 ചതുരശ്ര മീറ്ററാണ്. താഴത്തെ നിലയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, ഡൈനിങ് ഹാള്‍, കക്ഷികള്‍ക്ക് ഇരിക്കുന്നതിനായി വരാന്ത, ടോയ്‌ലറ്റുകള്‍ എന്നിവയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുകള്‍ നിലയില്‍ റെക്കോര്‍ഡ് റൂമാണ് പ്രവര്‍ത്തിക്കുന്നത് .

ഫയലുകള്‍ മുകളില്‍ നിന്നും താഴെയെത്തിക്കാന്‍ കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യവുമുണ്ട്. ചടങ്ങില്‍ കിഫ്ബി അസിസ്റ്റന്റ് പ്രൊജക്ട് എഞ്ചിനീയര്‍ എ.പി സുധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി,നികുതി വകുപ്പ് അഡീ.ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്, രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.അലക്‌സാണ്ടര്‍, ജില്ലാ രജിസ്ട്രാര്‍ ( ജനറല്‍) കെ.ശ്രീനിവാസന്‍, കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ കെ.ശ്രീജയ തുടങ്ങിയവരും വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്ക•ാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
chief minister says the Technology can make government services more efficient and public friendly
topbanner

More News from this section

Subscribe by Email