Friday November 15th, 2019 - 5:02:am
topbanner

പത്തനംതിട്ടയിൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍

soumya
പത്തനംതിട്ടയിൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍

പത്തനംതിട്ട:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. റാന്നി മന്ദിരംപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഉതിമൂട് മാമ്പാറപുത്തന്‍ വീട്ടില്‍ വിഷ്ണു(20) വാണ് പിടിയിലായത്. ജില്ലാ പോലീസ് സൈബര്‍സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നിര്‍ദേശാനുസരണം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടേയും സൈബര്‍സെല്ലിന്റെയും സഹായത്തോടെ റാന്നി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ അനീഷ്‌കുമാര്‍ വീടിനുസമീപത്തു നിന്ന് ഞായറാഴ്ച രാവിലെ പത്തിനാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിരന്തരമായി ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്ന ഇയാള്‍ കുട്ടികളുടെ വീഡിയോകള്‍ മാത്രമാണ് കണ്ടിരുന്നത്. തുടര്‍ന്ന് അവ ഫോണില്‍ സൂക്ഷിക്കുകയും വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും വിഷ്ണുവിന്റെ ഫോണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോണ്‍ പരിശോധനയ്ക്കായി കസ്റ്റഡിയില്‍ എടുത്തു.

ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവര്‍ പോലീസിന്റെ കര്‍ശനനിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആരും കാണുന്നില്ല എന്ന ധാരണയിലാണ് പലരും ഇത്തരം വീഡിയോകള്‍ കാണുന്നത്. എന്നാല്‍, രാജ്യാന്തര പോലീസ് ഇത്തരക്കാരുടെ പിന്നാലെയുണ്ടെന്ന് അറിയുന്നില്ല.

സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരുടെ വിവരങ്ങളും മറ്റും അതത് രാജ്യങ്ങളെ അറിയിക്കുകയും തുടര്‍ന്ന് അവിടുത്തെ പോലീസ് അന്വേഷിച്ച് നടപടികള്‍ കൈക്കൊള്ളുന്നതുമാണ് പതിവ്. സംസ്ഥാനത്ത് ധാരാളം പേര്‍ ഇങ്ങനെ പോലീസ് ചാരക്കണ്ണുകള്‍ക്കുള്ളിലുണ്ടെന്ന് ഹൈടെക്ക് സെല്ലും സൈബര്‍ ഡോമും അറിയിച്ചു. സമൂഹത്തില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന ഈ പ്രവണത അത്യന്തം അപകടകരവും തടയപ്പെടേണ്ടതും ആണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രത്യേക ഡ്രൈവിലാണ് യുവാവ് പിടിയിലായത്.

കേന്ദ്ര സര്‍ക്കാര്‍ അശ്ലീലവെബ്‌സൈറ്റുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ലഭ്യമാകുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ ധാരാളമാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികഅതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവ തടയേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയതിനാലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. യാതൊരു നിയന്ത്രണവുമില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ അവരറിയാതെ ഇത്തരം സൈറ്റുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ക്രമേണ അതില്‍ അടിപ്പെട്ട് ചതിക്കുഴികളില്‍ അകപ്പെടുകയും ചെയ്യും.

മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിക്കൊപ്പം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, റാന്നി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ അനീഷ്‌കുമാര്‍, സൈബര്‍സെല്‍ എഎസ്‌ഐ സുനില്‍കുമാര്‍, എസ്‌സിപിഓ ശ്രീകുമാര്‍, സിപിഓ അനസ്, എന്നിവരെ കൂടാതെ എഎസ്‌ഐ പ്രമോദ്, സിപിഓ ബിനീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു

Read more topics: pathanamthitta, arrested,
English summary
A youth has been arrested for promoting children's porn videos in pathanamthitta
topbanner

More News from this section

Subscribe by Email