Monday April 6th, 2020 - 1:59:am
topbanner

വയനാടിന്റെ സ്റ്റുഡന്റ് ഡോക്ടര്‍, ഹാംലെറ്റ് ആശ പദ്ധതികള്‍ ദേശീയ ശ്രദ്ധയിലേക്ക്

princy
വയനാടിന്റെ സ്റ്റുഡന്റ് ഡോക്ടര്‍, ഹാംലെറ്റ് ആശ പദ്ധതികള്‍ ദേശീയ ശ്രദ്ധയിലേക്ക്

വയനാട് : ആരോഗ്യകേരളം വയനാടിന്റെ രണ്ടു നൂതന പദ്ധതികള്‍ ദേശീയ ശ്രദ്ധയിലേക്ക്. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ്, ഹാംലെറ്റ് ആശ പദ്ധതികള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്വതന്ത്ര സിവിലിയന്‍ ബഹുമതിയായ 'സ്‌കോച്ച്' അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജീവകാരുണ്യ സ്ഥാപനമായ സ്‌കോച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. സര്‍ക്കാര്‍ സ്ഥാപനങ്ങളോ ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ നടത്തുന്ന വേറിട്ട സമഗ്ര പദ്ധതികള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് വിഭാഗത്തിലാണ് ആരോഗ്യകേരളം വയനാടിന്റെ പദ്ധതികള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Wayanad s Student Doctor and Hamlet Asha projects bring national attention

വിദഗ്ധ പാനലിന് മുന്നില്‍ വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷിനെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കുട്ടികളില്‍ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയ അവബോധം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2016ല്‍ സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിക്ക് തുടക്കമിട്ടത്. കൂട്ടുകാരുടെ മാനസിക-ശാരീരികാരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുക, സാമൂഹിക പ്രതിബദ്ധത വളര്‍ത്തുക തുടങ്ങിയവയൊക്കെ ലക്ഷ്യങ്ങളാണ്.

പ്രഥമശുശ്രൂഷയിലടക്കം വിദഗ്ധ പരിശീലനം കുട്ടി ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വൈദ്യസഹായമോ കൗണ്‍സലിംഗോ നിയമസഹായമോ വേണമെങ്കില്‍ അവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്. പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 482 ഉം രണ്ടാംഘട്ടത്തില്‍ 600ഉം കുട്ടികള്‍ക്ക് പരിശീലനം നല്‍കി. മൂന്നാം ഘട്ടത്തില്‍ 603 കുട്ടി ഡോക്ടര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

ഗോത്രവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ മറികടക്കുകയെന്ന ലക്ഷ്യത്തോടെ ആദിവാസി ഊരുകളില്‍ നിന്ന് തന്നെ ഒരു വനിതയെ തിരഞ്ഞെടുത്ത് രോഗസാംക്രമികത, ഗര്‍ഭകാല പരിചരണം, നവജാത ശിശു പരിപാലനം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആരോഗ്യപരമായ കാര്യങ്ങളില്‍ അടിസ്ഥാന പരിശീലനം നല്‍കുകയാണ് ഹാംലെറ്റ് ആശ പദ്ധതിയിലൂടെ ചെയ്യുന്നത്. തിരുനെല്ലി, മേപ്പാടി, പൂതാടി, നൂല്‍പ്പുഴ എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്. രണ്ടാംഘട്ടത്തില്‍ മുള്ളന്‍കൊല്ലി, വെള്ളമുണ്ട, തൊണ്ടര്‍നാട്, പനമരം പുല്‍പ്പള്ളി എന്നീ പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു.

തിരഞ്ഞെടുക്കപ്പെട്ട 241 ആദിവാസി ഊരുകളില്‍ പദ്ധതിയിലൂടെ ആരോഗ്യപരമായ ഉന്നതി കൈവരിച്ചതായാണ് കണക്കുകള്‍. ഹാംലെറ്റ് ആശ പദ്ധതിയിലൂടെ വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഹോം ഡെലിവറിയുടെ എണ്ണം ക്രമാതീതമായി കുറയ്ക്കാനായി. പൂജ്യം മുതല്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളിലെ ഇമ്മ്യൂണൈസേഷന്‍ സ്റ്റാറ്റസ് ഉയര്‍ത്താനും ലഹരി-പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിച്ചു. പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന അനീമിയ, ജലജന്യ രോഗങ്ങള്‍ എന്നിവ യഥാസമയം ചികിത്സിച്ച് ഭേദമാക്കുവാനും ഏര്‍ളി രജിസ്‌ട്രേഷന്‍, എ.എന്‍.സി, ഇമ്മ്യൂണൈസേഷന്‍ എന്നിവ ആദിവാസി അമ്മമാര്‍ക്ക് യഥാസമയം ലഭ്യമാക്കാനും കഴിഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട കോളനികളില്‍ 24 മണിക്കൂറും സേവനലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. അതേ ഗോത്രത്തില്‍പ്പെട്ട ആളായതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യരാവുകയും ഗോത്രഭാഷ സംസാരിക്കുക വഴി കൂടുതല്‍ മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാവുകയും ചെയ്യുന്നു. ആരോഗ്യപ്രവര്‍ത്തക കോളനിയില്‍ തന്നെ താമസിക്കുന്നതുകൊണ്ട് പ്രാഥമിക സേവനങ്ങള്‍ കോളനിയില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതോടൊപ്പം അടിയന്തര ഘട്ടത്തില്‍ ഫലപ്രദമായി ഇടപെടാനും കഴിയുന്നു. ഹാംലെറ്റ് ആശമാര്‍ക്ക് പ്രതിമാസം 7,000 രൂപയാണ് ഓണറേറിയം.

Read more topics: wayanad, new project,
English summary
Wayanad's Student Doctor and Hamlet Asha projects bring national attention
topbanner

More News from this section

Subscribe by Email