Thursday July 18th, 2019 - 10:24:am
topbanner
topbanner

മലപ്പുറം ജില്ലയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും : കലക്ടര്‍ ജാഫര്‍ മലിക്ക്

Anusha Aroli
മലപ്പുറം ജില്ലയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍  ശക്തിപ്പെടുത്തും : കലക്ടര്‍ ജാഫര്‍ മലിക്ക്

മലപ്പുറം : ഹരിത കേരളമിഷന്റെ നേതൃത്വത്തിലുള്ള മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശക്തിപ്പെടുത്തുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക്ക് അറിയിച്ചു. മാലിന്യം സംസ്‌കരണത്തിനായി രൂപീകരിച്ച ഹരിത കര്‍മ്മസേന, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍, റിസോഴ്‌സ് റിക്കവറി സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജൂലൈ 30 നകം പ്രവര്‍ത്തനം ആരംഭിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കാനും കലക്ടര്‍ ഓര്‍മിപ്പിച്ചു. ഹരിതകേരളമിഷന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി തദ്ദേശ സെക്രട്ടറിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്ലാത്ത കാരണത്താല്‍ പദ്ധതി വൈകരുതെന്നും താത്ക്കാലികമായ ഷെഡുകള്‍ കണ്ടെത്തിയെങ്കിലുംപദ്ധതി വേഗത്തില്‍ ആവിഷ്‌കരിക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു. ഹരിതമിഷനും-ശുചിത്വമിഷനും ചേര്‍ന്ന് ഗ്രാമപഞ്ചായത്തുകളുടെ മാലിന്യ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ ഗ്രേഡിങ് നടത്തും. ജൂലൈ 30നു ശേഷം മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രതിമാസ അവലോകനം നടത്തും.

ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്ന പക്ഷം പ്രവര്‍ത്തകര്‍ക്ക് പരിശീലനം വീണ്ടും നല്‍കും. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച കരുളായി, തുവ്വൂര്‍, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളെ യോഗത്തില്‍ കലക്ടര്‍ അഭിനന്ദിച്ചു.
യോഗത്തില്‍ ഹരിത കേരളമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.രാജു, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.രാകേഷ് എന്നിവര്‍ സംസാരിച്ചു.

English summary
Waste management will be strengthened in Malappuram district: Collector Jaffer Malik
topbanner

More News from this section

Subscribe by Email