Monday September 21st, 2020 - 11:25:pm

രാജ്യത്തെ കാർഷിക മേഖലയിലെ തിരിച്ചടികൾ കുട്ടനാടിനെയും ബാധിച്ചു : വി എസ് അച്യുതാനന്ദൻ

Anusha Aroli
രാജ്യത്തെ കാർഷിക മേഖലയിലെ തിരിച്ചടികൾ കുട്ടനാടിനെയും ബാധിച്ചു : വി എസ് അച്യുതാനന്ദൻ

ആലപ്പുഴ: രാജ്യത്തെ കാർഷിക മേഖലയിലുണ്ടായിട്ടുള്ള തിരിച്ചടികൾ കുട്ടനാടിനെ ബാധിച്ചതായും കർഷകർക്ക് കൃഷിയോട് വിരക്തി തോന്നിക്കുന്ന വിധത്തിലാണ് വികസനം മുന്നോട്ടുപോകുന്നതെങ്കിൽ അത് വിനാശകരമായിരിക്കുമെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പറഞ്ഞു. കുട്ടനാട് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന ഭരണ പരിഷ്‌കാര കമ്മീഷന്റെ ഏകദിന സെമിനാറിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുട്ടനാടിന്റെ സുസ്ഥിര വികസനം, ഭരണപരമായ പ്രശ്‌നങ്ങൾ എന്ന വിഷയത്തിലായിരുന്നു സെമിനാർ. സവിശേഷതകൾ ഏറെയുള്ള ഒരു ഭൂപ്രദേശമാണ കുട്ടനാട്. സമുദ്രനിരപ്പിൽനിന്നും താഴെ കിടക്കുന്ന ഭൂപ്രദേശം, മൂവായിരത്തിൽ പരം കിലോമീറ്റർ ജലാശയം, വിശാലമായ നെൽപ്പാടങ്ങൾ, ലക്ഷത്തിലേറെ ജനങ്ങളുടെ ആവാസകേന്ദ്രം എന്നിങ്ങനെ കുട്ടനാടിനെ വ്യതിരിക്തമാക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെന്ന് വി.എസ്.പറഞ്ഞു.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ സുപ്രധാനമായ ഒരിടമാണ് കുട്ടനാടെന്നും 1939-40 കാലത്ത് കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനായി കുട്ടനാട് വന്ന് താമസിച്ചിട്ടുണ്ടെന്നും അന്ന് 84 വില്ലേജുകൾ അടങ്ങുന്നതായിരുന്ന കുട്ടനാട് എന്നും അദ്ദേഹം പറഞ്ഞു. കുട്ടനാടിന്റെ ഈ മാറ്റം ഏത് ദിശയിലായിരുന്നു എന്നതിനെക്കുറിച്ച് വളരെയേറെ വാദപ്രതിവാദങ്ങൾ ഇപ്പോഴുമുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ മഹാപ്രളയത്തിന്റെ ദുരന്തം ഏറ്റവുമധികം ഏറ്റുവാങ്ങിയത് കുട്ടനാട്ടുകാരാണ്. ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതിൽ കുട്ടനാടിൽ നടന്ന വികസന പ്രവർത്തനങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടനാടിന്റെ സമഗ്ര വികസനത്തിനുള്ള ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഈ ചർച്ചകളിലൂടെ കഴിഞ്ഞാൽ കുട്ടനാടിന്റെ ചരിത്രത്തിലെ ഏറ്റവും സമഗ്രമായ ഒരു പദ്ധതി രേഖയായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കുട്ടനാട് എം എൽ എ തോമസ് ചാണ്ടി, മുൻ എം എൽ എ സി കെ സദാശിവൻ, കമ്മീഷൻ അംഗങ്ങൾ സി പി നായർ, ഷീല തോമസ്, അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്ര ഡയറക്ടർ കെ ജി പത്മകുമാർ എന്നിവർ സംസാരിച്ചു. ചർച്ചയിൽ ജനപ്രതിനിധികളും കർഷകത്തൊഴിലാളികളും സന്നദ്ധസംഘടനാ പ്രവർത്തകരും ഗവേഷകരും പങ്കെടുത്തു.

English summary
VS achuthanandhan talking about alappuzha kuttanad
topbanner

More News from this section

Subscribe by Email