Saturday June 6th, 2020 - 4:12:am

കടലാക്രമണം: തൃശൂർ ജില്ലയ്ക്ക് 3 കോടി അനുവദിച്ചു

Anusha Aroli
കടലാക്രമണം: തൃശൂർ ജില്ലയ്ക്ക് 3 കോടി അനുവദിച്ചു

തൃശൂർ :ജില്ലയിൽ കടലാക്രമണം രൂക്ഷമായ തീരമേഖലയിൽ അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കളക്‌ട്രേറ്റിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും ഉന്നതതല യോഗത്തിൽ തീരുമാനമായി. സംസ്ഥാന സർക്കാർ ഇതിനായി 3 കോടി രൂപ അനുവദിച്ചു. ജിയോ ബാഗുകൾ വിന്യസിച്ചും കടൽഭിത്തി നിർമ്മാണം അനിവാര്യമായ മേഖലകളിൽ അവ നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചും കടലാക്രമണത്തെ പ്രതിരോധിക്കും. തീരപ്രദേശത്ത് നടപ്പാക്കേണ്ട ദീർഘകാല പദ്ധതികൾക്കൊപ്പം അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ട പ്രവർത്തികൾക്കും ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം രൂപം നൽകി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ജിയോ ബാഗുകൾ വിന്യസിക്കും. എറിയാട്, അഴീക്കോട്, എടവിലങ്ങ് പഞ്ചായത്തിലെ കാര, പുതിയറോഡ്, മണപ്പാട്ടുചാൽ, ആറാട്ടുവഴി, അയ്യപ്പൻപാലംപടിഞ്ഞാറുവശം, ലൈറ്റ്ഹൗസ് പരിസരം, മുനയ്ക്കൽ, തളിക്കുളം പഞ്ചായത്തിലെ തമ്പാൻകടവ്, പൊക്കാഞ്ചേരി, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പൊക്കുളങ്ങര, ഏത്തായ് ബീച്ച്, മുനക്കകടവ്, വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി, മൂസ റോഡ്, തൊട്ടാപ്പ്, സാഗർ ക്ലബ് പരിസരം, വാടാനപ്പിളളി, ചാവക്കാട് എന്നീ പ്രദേശങ്ങളിൽ കടലാക്രമണ പ്രതിരോധപ്രവർത്തനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും. ഇതിനാണ് സർക്കാർ അനുവദിച്ച തുക വിനിയോഗിക്കുക.

ദുരന്തനിവാരണ അതോറിറ്റി കാലതാമസം നേരിടാതെ പണം അനുവദിച്ചു. ജിയോബാഗുകൾ അടിയന്തിരമായി ലഭ്യമാക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്തുകൾ, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയും പ്രദേശവാസികളുടെ തൊഴിൽ പങ്കാളിത്തത്തോടെയുമാകും പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.കടൽഭിത്തി നിർമ്മാണം ആവശ്യമായ മേഖലയിൽ അവ പൂർത്തിയാക്കുന്നതിന് കല്ല് ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ട്്. ഇതി പരിഹരിക്കുന്നതിന് പവർ ഗ്രിഡ് കോർപ്പറേഷൻ നൽകാമെന്ന് അറിയിച്ചിട്ടുളള 2500 ലോഡ് കല്ലുകൾ ലഭ്യമാക്കുന്നതിന് യോഗം നടപടി സ്വീകരിക്കും.

ഏങ്ങണ്ടിയൂർ കടലാക്രമണ ഭീഷണി രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ 32 കുടുംബങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ കുടുംബങ്ങളുമായി ചർച്ച നടത്തും. ഇപ്പോഴത്തെ കടലാക്രമണം മൂലം മണ്ണടിഞ്ഞ് താമസയോഗ്യമല്ലാതായ വീടുകൾ വൃത്തിയാക്കുന്നതിനും റോഡുകളിലെ ഗതാഗത തടസ്സം നീക്കുന്നതിനും അഗ്നിശമന വിഭാഗത്തിന് നിർദ്ദേശം നൽകി.കടൽഭിത്തി നിർമ്മാണത്തിനുള്ള കല്ലുകൾ ലഭ്യമാക്കുന്നതിന് അംഗീകൃത ക്വാറി ഉടമകളോട് യോഗം നിർദ്ദേശിച്ചു. ക്വാറി ഉടമകളെ ഇതിനായി യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. യോഗത്തിൽ ടി.എൻ പ്രതാപൻ എം.പി. എം.എൽ.എ മാരായ കെ.വി. അബ്ദുൾഖാദർ, ഇ.ടി.ടൈസൺമാസ്റ്റർ, ജില്ലാ കളക്ടർ ടി.വി.അനുപമ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: Thrissur,3 crores,coastal zone
English summary
Thrissur district has been allotted 3 crores for coastal zone
topbanner

More News from this section

Subscribe by Email