Friday August 7th, 2020 - 1:19:am

വലയ സൂര്യഗ്രഹണത്തെ ആഘോഷമാക്കി തൈക്കടപ്പുറം

Anusha unni
വലയ സൂര്യഗ്രഹണത്തെ ആഘോഷമാക്കി തൈക്കടപ്പുറം

കാസർഗോഡ് : സ്വദേശികളും വിദേശികളും സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ആയിരക്കണക്കിനാളുകളാണ് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൂര്യഗ്രഹണം കാണാന്‍ നീലേശ്വരം തൈക്കടപ്പുറത്തെത്തിയത്.രാവിലെ 8.04 ആരംഭിച്ച സൂര്യഗ്രഹണം 11.04 ഓടെയാണ് അവസാനിച്ചത്.9.24 ഓടെ വലയസൂര്യഗ്രഹണം ദൃശ്യമായി.കേരളത്തില്‍ ആദ്യം സൂര്യഗ്രഹണം ദ്യശ്യമാകുന്ന സ്ഥലങ്ങളില്‍ ഒന്നാണ് തൈക്കടപ്പുറം ബീച്ച്. തൈക്കടപ്പുറത്ത് 3.12 മിനുട്ടാണ് വലയസൂര്യഗ്രഹണം ദൃശ്യമായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗ്രഹണത്തിന് തുടക്കത്തില്‍ ഇടക്കിടെ കാര്‍മേഘം മറച്ചെങ്കിലും വലയഗ്രഹണം നടക്കുമ്പോഴേക്കും ആകാശം തെളിഞ്ഞു. . നീലേശ്വരം നഗരസഭയുടെയും കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം ആന്റ് പ്ലാനിറ്റോറിയത്തിന്റെയും കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഫിസിക്സ് വിഭാഗത്തിന്റെയും നെയ്തല്‍ കടലാമ പ്രജനന- സംരക്ഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് ഇവിടെ വലയസൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത് . ഇവരോടൊപ്പം കര്‍ണ്ണാടകയിലെ ജ്ഞാന്‍ വിജ്ഞാന്‍ പരിഷത്തിന്റെ സഹകരണവും ഉണ്ടായിരുന്നു.

റഷ്യയിലെ മോസ്‌കോ സയന്റിഫിക് ട്രാവല്‍ ക്ലബായ അസ്ട്രോവെര്‍ട്ടിലെ അംഗങ്ങളായ സ്റ്റെനിസ്ലേവ് കൊറോട്ക്കി, എരീന മാക്സ്, സെര്‍ഗയ്, എവ്ഗയ്നി എന്നിവരും ഐടി പ്രൊഫഷണലായ പായ്വല്‍ ഉക്രെയ്നില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ അലക്സാണ്ടറും ഗ്രഹണം വീക്ഷിക്കാനും സൂര്യനെ കുറിച്ചുള്ള പഠനങ്ങള്‍ക്കുമായി തൈക്കടപ്പുറത്ത് എത്തിയിരുന്നു. ജനങ്ങള്‍ക്ക് ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് മൊബൈലില്‍ ഗ്രഹണത്തിന്റെ ചിത്രം പകര്‍ത്താനും ഇവര്‍ സഹായം നല്‍കി.2020 ജൂണിലെ സൂര്യഗ്രഹണം വീക്ഷിക്കാന്‍ ഡല്‍ഹിയിലെത്തുമെന്ന് ടീം ലീഡറായ സ്റ്റെനിസ്ലേവ് കൊറോട്ക്കി പറഞ്ഞു.

ആടിയുംപാടിയും ഗ്രഹണത്തെ വരവേല്‍ക്കുകയായിരുന്നു കര്‍ണ്ണാടകത്തില്‍ നിന്നെത്തിയ 30 അംഗ സംഘം.കര്‍ണ്ണാടക ഷിമോഗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്ഞാന്‍ വിജ്ഞാന്‍ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും അടക്കമുണ്ട്. ഗ്രഹണം വീക്ഷിക്കാനെത്തിയവര്‍ക്ക് അഞ്ഞൂറോളം കണ്ണടകള്‍ സൗജന്യമായി ഇവര്‍ വിതരണം ചെയ്തു. വലയസൂര്യഗ്രഹണത്തിനു ശേഷം നാട്ടുകാര്‍ക്കും നാടിനും ജയ് വിളിച്ചാണ് മടങ്ങിയത്.ഡോ വിജയ് വാമന്‍ ആണ് സംഘത്തിന് നേതൃത്വം നല്‍കിയത്.കേരളത്തില്‍നിന്ന് ലഭിച്ചത് അപൂര്‍വ്വ അനുഭവമാണെന്ന് ഡോക്ടര്‍ വാമന്‍ പറഞ്ഞു.ശാസ്ത്ര യുക്തികൊണ്ട് കൊണ്ട് അന്ധവിശ്വാസങ്ങളെ തടയുന്നതിന് ബോധവല്‍ക്കരണം നടത്തിയതിനും സൂര്യഗ്രഹണം എല്ലാവര്‍ക്കും കാണുന്നതിന് അവസരമൊരുക്കിയതിലും അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

 

ക്രിസ്മസ് അവധിയില്‍ ഗ്രഹണം ആഘോഷമാക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. തൈക്കടപ്പുറത്ത് ഗ്രഹണം വീക്ഷിക്കാനെത്തിയവരില്‍ നല്ലൊരു ശതമാനം സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.ഗ്രഹണം കാണാനായി കോഴിക്കോട് പ്ലാനിറ്റോറിയം തയ്യാറാക്കിയ ബ്ലാക്ക് ബോക്സുകള്‍ ഏറ്റെടുത്തത് ഇവരാണ്.ഇവര്‍ കടപ്പുറത്ത് ഗ്രഹണം കണ്ടും കാണിച്ചു കൊടുത്തും ആഘോഷമാക്കി.നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും ഗ്രഹണം വീക്ഷിക്കാന്‍ എത്തിയിരുന്നു.

വലയസൂര്യഗ്രഹണം കാണാനെത്തിയവര്‍ക്ക് തൈക്കടപ്പുറത്ത് വിതരണം ചെയ്തത് 2000 ഓളം കണ്ണടകളാണ്. കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം ആന്റ് പ്ലാനിറ്റോറിയം, കര്‍ണ്ണാടക ജ്ഞാന്‍ വിജ്ഞാന്‍ പരിഷത്ത്, കാസര്‍കോട് എല്‍ ബി എസ് എന്‍ജിനീയറിംഗ് കോളേജ് എന്നിവരാണ് കണ്ണടകള്‍ ലഭ്യമാക്കിയത്. ഇത് കൂടാതെ രണ്ട് ബ്ലാക്ക് ബോക്സുകള്‍ ( പിന്‍ഹോള്‍ കാമറ), രണ്ട് സിംപിള്‍ ടെലസ്‌കോപ്പ്, ഒരു മിറര്‍ റിഫ്ലളക്ഷന്‍ സംവിധാനം തുടങ്ങിയ പ്ലാനിറ്റോറിയത്തിന്റെ ഭാഗമായി ഗ്രഹണം വീക്ഷിക്കാന്‍ കടപ്പുറത്ത് സജീകരിച്ചിരുന്നു.
വലയ സൂര്യഗ്രഹണം കാണാനെത്തിയവര്‍ക്ക് സേവനങ്ങളുമായി നീശ്വേരം താലൂക്ക് ആശുപത്രിയും നീലേശ്വരം പൊലീസ് സ്റ്റേഷനും തീരദേശ പൊലീസ് സ്റ്റേഷനും ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗവും സേവനവുമായി കടപ്പുറത്ത് എത്തിയിരുന്നു. നീശ്വേരം താലൂക്ക് ആശുപത്രിയിലെ ഡോ.ജമാല്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആബുലന്‍സ് അടക്കമുള്ള സജീകരണങ്ങളോടെ കടപ്പുറത്ത് എത്തിയത്.ഗ്രഹണം കാണാനെത്തിയ ഒരു കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ പ്രാഥമിക ചികിത്സ നല്‍കാനും ഇവര്‍ക്കായി.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഭക്ഷണ വിതരണവും ഏര്‍പ്പെടുത്തിയിരുന്നു . സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത് എന്ന അന്ധ വിശ്വാസത്തെ തിരുത്തുന്നതിന് ആയിരുന്നു ഇത്

Read more topics: kasargod,eclipse
English summary
Thakkadapuram celebrates the eclipse
topbanner

More News from this section

Subscribe by Email