കാസര്‍കോട്: മാധ്യമ പ്രവര്‍ത്തനങ്ങളില്‍ വലിയ രീതിയിലുള്ള പരിണാമം സംഭവിച്ചിരിക്കുകയാണെന്ന് മാധ്യമ നിരൂപകനും നിയമ വിദഗ്ദ്ധനുമായ ഡോ.സെബാസ്റ്റിയന് പോള്‍ അഭിപ്രായപ്പെട്ടു. കെ.കൃഷ്ണന് അനുസ്മരണവും അവാര്‍ഡ് ദാനവും സോവനീര്‍ പ്രകാശനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മാധ്യമ രംഗത്തെ തൊഴില്‍ സംസ്ക്കാരം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കൂടെക്കൂടെ മാധ്യമ സ്ഥാപനങ്ങള്‍ മാറുവാന്‍ കഴിയുന്നത് മാധ്യമ രംഗത്തുണ്ടായ മാറ്റംമൂലമാണ്. അച്ചടി മാധ്യമങ്ങള്‍ ഇല്ലാതാകുമെന്ന ഭയം ഇന്ന് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനെകുറിച്ച് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായാണ് പത്രങ്ങള്‍ അറിയപ്പെടുന്നത്. 400 വര്‍ഷത്തിലേറെ പഴക്കം പത്രങ്ങള്‍ക്കുണ്ട്. സോഷ്യല്‍ മീഡിയയിലൂടെമാത്രം കിട്ടുന്ന അറിവ് പരിമിതമാണ്. പത്രങ്ങളോടൊപ്പം ടെലിവിഷനും വലിയ ഭീഷണി നേരിടുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമ രംഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ മാധ്യമരംഗം സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രാദേശിക വാര്‍ത്തകളുടെ പേരിലാണ് അച്ചടി മാധ്യമങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം. പ്രവര്‍ത്തകര്‍തന്നെയാണ് ഓരോ പത്രങ്ങളുടേയും ശക്തി. കാസര്‍കോട്ടെ കെ കൃഷ്ണന്റെ കാലത്തുണ്ടായ മാധ്യമ പ്രവര്‍ത്തനം ഇന്നത്തെ സാഹചര്യത്തില്‍ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി കാസര്‍കോട് ബ്യൂറോയിലെ റിപോട്ടര്‍ പ്രദീപ് നാരയണന് സെബാസ്റ്റ്യന്‍ പോളില്‍നിന്നും കെ കൃഷ്ണന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ചു. സുപ്രഭാതം ന്യൂസ് എഡിറ്റര്‍ എ സജീവന് മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എ അബ്ദുര്‍ റഹ്മാന് കൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ സൂവനീര്‍ സെബാസ്റ്റ്യന്‍ പോള്‍ കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന് നല്കി പ്രകാശനം ചെയ്തു.