Monday December 16th, 2019 - 3:09:pm
topbanner

ഇടുക്കിയിലെ വിദ്യാലയങ്ങളിലെ ദുരിതാശ്വസ ക്യാമ്പുകള്‍ മാറ്റും : ഒരു താലൂക്കില്‍ ഒരു ക്യാമ്പാക്കി കുറയ്ക്കും

princy
ഇടുക്കിയിലെ വിദ്യാലയങ്ങളിലെ ദുരിതാശ്വസ ക്യാമ്പുകള്‍ മാറ്റും  :  ഒരു താലൂക്കില്‍ ഒരു ക്യാമ്പാക്കി കുറയ്ക്കും

ഇടുക്കി:വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരിതാശ്വസ ക്യാമ്പുകള്‍ ഒഴിവുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറ്റാനും ക്യാമ്പുകളുടെ എണ്ണം ഒരു താലൂക്കില്‍ ഒന്നാക്കി കുറയ്ക്കുവാനും തിങ്കളാഴ്ച നടന്ന പ്രളയ രക്ഷാ-പുനരധാവാസ പ്രവര്‍ത്തന ജില്ലാ തല അവലോകനയോഗം തീരുമാനിച്ചു. ജില്ലയില്‍ നിലവില്‍ 5 താലൂക്കുകളിലായി 13 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് പ്രളയ പ്രതിരോധത്തിന് മുന്നൊരുക്കം നടത്തണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുനരധിവാസ പ്രവര്‍ത്തനത്തിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. പ്രളയത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ ദുരന്ത പ്രതിരോധ നിധിയില്‍നിന്ന് പണം കണ്ടെത്തി പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം. മൂഴിക്കല്‍, ശാന്തിപാലം, നൂറടിപ്പാലം എന്നിവ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള എസ്‌റ്റേിമേറ്റ് തയ്യാറാക്കി നല്‍കണം. ഇത് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്നും ഇ.എസ് ബിജിമോള്‍ എംഎല്‍എ ആവശ്യപ്പെട്ടു.

വണ്ടിപ്പെരിയാര്‍ ചുരക്കുളം കവലയിലെ വെള്ളക്കെട്ട് അവസാനിപ്പിക്കണമെങ്കില്‍ എംഎംജെ എസ്റ്റേറ്റിന്റെ സമീപമുള്ള കലുങ്കുകള്‍ക്ക് വലുപ്പം വര്‍ദ്ധിപ്പിക്കണം. സമീപത്ത് അപകടഭീഷണിയായുള്ള പൂമരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടി ഉണ്ടാകണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു. അപകടകരമായി ഇനിയും മരങ്ങള്‍ നില്ക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം മുറിച്ചു മാറ്റാന്‍ യോഗം ആവശ്യപ്പെട്ടു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി തന്നിട്ടുള്ളതാണെന്നും അതനുസരിച്ച് ദ്രുതഗതിയില്‍ മുറിക്കണമെന്നും അറിയിച്ചു.

ചിന്നാര്‍ ജലവൈദ്യുതി പദ്ധതി മേഖലയിലെ പാറപൊട്ടിക്കല്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കണമെന്ന് ഡീന്‍ കര്യാക്കോസ് എംപിയും പുനരാരംഭിക്കുമ്പോള്‍ സമീപവാസികള്‍ക്കും പരിസ്ഥിതിയ്ക്കും ആഘാതം സൃഷ്ടിക്കാത്ത വിധം തീഷ്ണത കുറഞ്ഞ വിധിത്തിലായിരിക്കണമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എയും ആവശ്യപ്പെട്ടു. ക്യാമ്പില്‍ നിന്ന് മടങ്ങുന്നവരുടെ പുനരധിവാസം, വീടുകള്‍ക്ക് സുരക്ഷാ ഭിത്തി നിര്‍മ്മിക്കുന്നതിന് ധനസഹായം, അനധികൃത തടയണ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

പെരിയവര പുതിയപാലം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്നും അതുവരെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം യോഗത്തില്‍ അറിയിച്ചു. മൂലമറ്റം ആശ്രമം റോഡ് ഇടിഞ്ഞ താണിടത്ത് മൂന്ന് മീറ്റര്‍ വീതിയില്‍ നടപ്പാത നിര്‍മ്മാണം ആരംഭിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ കാലീത്തീറ്റ വിതരണം നടത്തുന്നുണ്ടെന്ന് ക്ഷീരവകുപ്പ് അറിയിച്ചു.

ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എം.എല്‍.എമാരായ ഇ.എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ദേവികുളം സബ് കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, എഡിഎം ആന്റണി സ്‌കറിയ, ആര്‍ഡിഒ അതുല്‍ എസ് നാഥ്്, ഡെപ്യൂട്ടി കലക്ടര്‍ ഹരികുമാര്‍ എസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.പി.ജാഫര്‍ഘാന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

.

English summary
Relief camps at schools in Idukki will be shifted
topbanner

More News from this section

Subscribe by Email