മലപ്പുറം:കേരളത്തിൽ ഭൂമി ഏറ്റെടുപ്പിന് ഭീമമായ നഷ്ടപരിഹാരത്തുക ആവശ്യമാണെന്നും മറ്റു വഴികൾ ആലോചിക്കണമെന്നും കേന്ദ്ര ഹൈവേ മന്ത്രി നിഥിൻ ഗഡ്കരി വ്യക്തമാക്കിയ സാഹചര്യത്തിൽ നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും കാര്യത്തിൽ തീരുമാനമാകും വരെ സംസ്ഥാനത്ത് ദേശീയപാത പദ്ധതിക്കുവേണ്ടിയുളള കുടിയൊഴിപ്പിക്കൽ നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി നിർത്തിവെക്കണമെന്ന് കുറ്റിപ്പുറത്ത് ചേർന്ന ആക്ഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പാർപ്പിടവും ജീവനോപാധികളും നഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ നഷ്ടപരിഹാരം പോലും ലഭിക്കാതെ തെരുവിൽ അലയേണ്ട അവസ്ഥയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. അല്ലാത്തപക്ഷം വരുംകാല തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ മുന്നണി കൂടുതൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ആക്ഷൻ കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി.മുൻഗണനാ പട്ടികയിൽ പുനസ്ഥാപിച്ചു എങ്കിലും ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതി നേടിയ ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടരാവൂ എന്ന ഉത്തരവ് ലംഘിച്ച് ഉദ്യോഗസ്ഥർ നടപടികൾ പുനരാരംഭിക്കുന്നത് നിയമവിരുദ്ധമാണ്.
സാധ്യതാപഠനം, വിശദ പദ്ധതി രേഖ, സാമൂഹിക- പാരിസ്ഥിതിക ആഘാതപഠനം, പുനരധിവാസ പാക്കേജ്, അത് നടപ്പാക്കുന്നതിന് കമ്മിറ്റിയെയും അധികാരിയെയും നിശ്ചയിക്കൽ എന്നീ സുപ്രധാന നിയമവ്യവസ്ഥകൾ ഒന്നും പാലിക്കാതെ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായാണ് നടപടികൾ തുടരുന്നത്.ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്ത് 30 മീറ്ററിൽ ബി.ഓ.ടി-ടോൾ വ്യവസ്ഥ ഇല്ലാതെ ദേശീയപാതകൾ ആറുവരിപാതകളായി വികസിപ്പിക്കലാണ് പ്രായോഗികം. സംസ്ഥാന സർക്കാർ ഈ ആവശ്യം ഉന്നയിച്ചാൽ കേന്ദ്രസർക്കാരിന് ഇപ്പോൾ തള്ളിക്കളയാനാവില്ല. പട്ടണങ്ങളിലും കെട്ടിട സാന്ദ്രത ഏറിയ പ്രദേശങ്ങളിലും എലിവേറ്റഡ് പാതകളായും നിർമ്മിച്ചാൽ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ഇ. വി. മുഹമ്മദാലി അധ്യക്ഷതവഹിച്ചു. ടി.കെ സുധീർ കുമാർ സ്വാഗതം പറഞ്ഞു. ഹാഷിം ചേന്നാമ്പിള്ളി, കുഞ്ഞാലൻ ഹാജി, സി. കെ. ശിവദാസൻ, നൗഷാദ് വെന്നിയൂർ, കെ.വി.സത്യൻ മാസ്റ്റർ, എ.ടി.മഹേഷ്, സുരേന്ദ്രൻ, പ്രദീപ് ചോമ്പാല, ജയ ഇടിമുഴിക്കൽ, കെ.പി.വഹാബ്, നിഷിൽകുമാർ, ഹംസക്കുട്ടി, സി.വി.ബോസ്, നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.