Sunday September 22nd, 2019 - 3:29:am
topbanner
Breaking News
jeevanam

'കേരള ചിക്കൻ' രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും : മന്ത്രി എ.സി. മൊയ്തീൻ

princy
'കേരള ചിക്കൻ' രാജ്യത്തിനു മാതൃകയായ  പദ്ധതിയായി മാറും :  മന്ത്രി എ.സി. മൊയ്തീൻ

തിരുവനന്തപുരം:കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ചിക്കൻ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴിൽ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. കേരള ചിക്കൻ പ്രൊജക്ടിന്റെ ഭാഗമായി കഠിനംകുളത്ത് ആരംഭിക്കുന്ന ആദ്യ മേഖലാ കേന്ദ്രത്തിലെ ആധുനിക പൗൾട്രി പ്രൊസസിങ് പ്ലാന്റിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മേഖലാ കേന്ദ്രത്തിൽ നിർമിക്കുന്ന ബ്രോയ്‌ലർ പാരന്റ് സ്റ്റോക്ക് ഫാമിന്റെ ശിലാസ്ഥാപനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിർവഹിച്ചു.

കേരളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി ചുരുങ്ങിയ വിലയ്ക്ക് ആവശ്യക്കാരിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. 5000 കർഷകരെ 1000 കോഴികൾ വളർത്താൻ ശേഷിയുള്ളവരാക്കുക എന്നതാണു ലക്ഷ്യം. കേരള ചിക്കൻ പദ്ധതി വഴി ഇറച്ചിക്കോഴി ഉത്പാദനം മികച്ച രീതിയിൽ ആരംഭിക്കുന്നതോടെ കേരളത്തിലാകമാനം ഇതിന്റെ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങും. ഇതുവഴിയും നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇറച്ചിക്കോഴി ഉത്പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാൻ കേരള ചിക്കൻ പദ്ധതിക്കു കഴിയുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.

മലയാളിക്ക് ആവശ്യമുള്ളതിന്റെ 25 ശതമാനത്തോളം ഇറച്ചിക്കോഴി മാത്രമേ ഇപ്പോൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ. ബാക്കി മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതാണ്. കേരളത്തിന് ആവശ്യമുള്ള കോഴി ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുന്നതോടെ ഗുണനിലവാരം ഉറപ്പുവരുത്താനും കർഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.'കുടുംബശ്രീ കേരള ചിക്കൻ' എന്ന പേരിൽ സെപ്റ്റംബറിൽ കോഴിയിറച്ചി വിപണിയിലെത്തിക്കാനാണ് കുടുംബശ്രീ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി കുടുംബശ്രീയിലെ മുഴുവൻ ബ്രോയ്‌ലർ കർഷകരെയും ഉൾപ്പെടുത്തി കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കെ.ബി.എഫ്.പി.സി.എൽ.) എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്.

ഇതിന്റെ ആദ്യ മേഖലാ യൂണിറ്റാണ് കഠിനംകുളത്ത് വരുന്നത്. കേരളത്തിലെതന്നെ ഐ.എസ്.ഒ. നിലവാരമുള്ള ആദ്യ പൗൾട്രി മാംസ സംസ്‌കരണ ശാലയ്ക്കാണ് ഇവിടെ ഇന്നലെ ശിലപാകിയത്. ഇതിനോടൊപ്പം ശിലാസ്ഥാപനം നടന്ന ബ്രോയ്‌ലർ പാരന്റ് സ്റ്റോക്ക് ഫാമിൽ ആഴ്ചയിൽ 50,000 ബ്രോയ്‌ലർ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയും.

കഠിനംകുളത്തെ പദ്ധതി പ്രദേശത്തു നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ്, കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ, കെ.ബി.എഫ്.പി.സി.എൽ. മാനേജിങ് ഡയറക്ടർ പ്രസന്ന കുമാരി, സി.ഇ.ഒ. ഡോ. നികേഷ് കൃഷ്ണൻ, കുടുംബശ്രീ ഡയറക്ടർ ആശ വർഗീസ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. പി.സി. സുനിൽ കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ.ആർ. ഷൈജു, കെ.ബി.എഫ്.പി.സി.എൽ. ഡയറക്ടർമാരായ ഷൈജി, ഉഷ റാണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Viral News

English summary
Minister A.C.Moiteen about Kerala Chicken
topbanner

More News from this section

Subscribe by Email