Friday July 10th, 2020 - 6:46:am

വൈകല്യങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാരിന്‍റെ കൈത്താങ്ങ് : കോട്ടയത്തെ വൈദ്യ പരിശോധനാ ക്യാമ്പ് ശ്രദ്ധേയമായി

Anusha Aroli
വൈകല്യങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാരിന്‍റെ കൈത്താങ്ങ് :  കോട്ടയത്തെ വൈദ്യ പരിശോധനാ ക്യാമ്പ് ശ്രദ്ധേയമായി

കോട്ടയം : വൈകല്യങ്ങളോടുള്ള പോരാട്ടമാണ് ജീവിതമെങ്കിലും പല അമ്മമാരുടെയും വാക്കുകളില്‍ പ്രതീക്ഷകളാണ് നിറഞ്ഞുനിന്നത്. പ്രതീക്ഷകള്‍ക്ക് താങ്ങാകാന്‍ സര്‍ക്കാര്‍തന്നെ മുന്നിട്ടിറങ്ങിയതിന്‍റെ സന്തോഷവും. താങ്ങിപ്പിടിച്ചും തോളത്തെടുത്തും കൊണ്ടുവന്ന മക്കളുടെ ജീവിതം ആധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ കൂറെക്കൂടി മെച്ചപ്പെടുന്ന നാളുകള്‍ക്കായാണ് അവര്‍ കാത്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശാരീരിക വെല്ലുവിളികള്‍ മൂലം ചലനശേഷി കുറഞ്ഞ കുഞ്ഞുങ്ങള്‍ മുതല്‍ വയോജനങ്ങള്‍വരെ 227 പേരാണ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തിങ്കളാഴ്ച നടന്ന വൈദ്യ പരിശോധനാ ക്യാമ്പില്‍ എത്തിയത്.
ചലന വൈകല്യമുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും ആധുനിക സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായിരുന്നു ക്യാമ്പ്. ജില്ലയില്‍ പ്രളയ ബാധിത മേഖലകളിലെ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സാക്ഷ്യപത്രമുള്ളവരെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്.

കോട്ടയം, ചങ്ങനാശേരി മേഖലകളില്‍ പ്രാഥമിക രജിസ്ട്രേഷന്‍ നടത്തിയവരാണ് പരിശോധനയില്‍ പങ്കെടുത്തത്. കോട്ടയം ജില്ലാ ആശുപത്രി, ചങ്ങനാശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരും ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജീവനക്കാരും ആശാ വര്‍ക്കര്‍മാരും വിവരശേഖരണത്തിലൂടെ കണ്ടെത്തിയവരും ഉള്‍പ്പെടെ 326 പേര്‍ ഈ മേഖലകളിലെ പ്രാഥമിക പട്ടികയിലുണ്ട്.

വൈക്കം താലൂക്ക് ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെ വൈക്കം മേഖലയിലുള്ളവര്‍ക്കായി വൈദ്യ പരിശോധന പിന്നീട് നടത്തും.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റീഹാബിലിറ്റേഷന്‍(എന്‍.ഐ.പി.എം.ആര്‍), കോട്ടയം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.പരിശോധനാ റിപ്പോര്‍ട്ട് വിലയിരുത്തി സഹായ ഉപകരണങ്ങള്‍ വേണ്ടവര്‍ക്ക് ഇവ അനുയോജ്യമായ അളവില്‍ നിര്‍മിച്ചു നല്‍കും. സാമൂഹ്യ സുരക്ഷാ മിഷനാണ് ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

എന്‍.ഐ.പി.എം.ആര്‍ മുഖേന സര്‍ക്കാര്‍ നല്‍കുന്ന തുകയ്ക്കു പുറമെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നീക്കിവച്ചിട്ടുള്ള തുകയും സ്വകാര്യ സ്പോണ്‍സര്‍ഷിപ്പും പദ്ധതിക്കായി പ്രയോജനപ്പെടുത്താനാകുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു.

സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, എന്‍ഐ.പി.എം.ആര്‍ ജോയിന്‍റ് ഡയറക്ടര്‍ ചന്ദ്രബാബു, സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. നസിം, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം.എം. മോഹന്‍ദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, വനിതാ-ശിശു വികസന ഓഫീസര്‍ പി.എന്‍. ശ്രീദേവി, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ് എന്നിവര്‍ പങ്കെടുത്തു.കോട്ടയം ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, എന്‍.ഐ.പി.എം.ആര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Read more topics: Medical check-up camp, Kottayam
English summary
Medical check-up camp at Kottayam
topbanner

More News from this section

Subscribe by Email