Thursday August 13th, 2020 - 11:20:pm

ലൈഫ് ഭവന പദ്ധതി: കാസർഗോഡ് ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും

Anusha Aroli
ലൈഫ് ഭവന പദ്ധതി: കാസർഗോഡ് ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും

കാസർഗോഡ് : സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യു.വി ജോസ് വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനു മുന്നോടിയായി ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക്- നഗരസഭാ- കോര്‍പറേഷന്‍ തലങ്ങളിലും ജില്ലാ തലത്തിലും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ കാലയളവിലാണ് ബ്ലോക്ക്- ജില്ലാതല സംഗമങ്ങള്‍ നടത്തുക. ലൈഫ് ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനാണ് കുടുംബ സംഗമത്തോടൊപ്പം 20 ഓളം വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തി അദാലത്തുകളും സംഘടിപ്പിക്കുന്നതെന്ന് യു.വി ജോസ് പറഞ്ഞു. കുടുംബ സംഗമങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ മേഖലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി നിര്‍മ്മാണം മുടങ്ങി കിടന്നിരുന്ന വീടുകളുടെ പൂര്‍ത്തീകരണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍വ്വഹിച്ചത്. ഇവയില്‍ 96 ശതമാനം ഇപ്പോള്‍ പൂര്‍ത്തിയായി. ജനുവരിയോടെ 98 ശതമാനമാകും. ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് അവശേഷിക്കുന്ന രണ്ട് ശതമാനം പൂര്‍ത്തിയാക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. രണ്ടാംഘട്ടത്തില്‍ ആരംഭിച്ച പുതിയ വീടുകളില്‍ 60 ശതമാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 80 ശതമാനം ഉടനെ ആകും. ഭവന രഹിതര്‍ക്ക് വീട് മാത്രം വെച്ചു കൊടുക്കുകയല്ല അവര്‍ക്ക് എല്ലാ അര്‍ഥത്തിലും ജീവിതം ലഭ്യമാക്കുകയാണ് ലൈഫ് മിഷന്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സി.ഇ.ഒ പറഞ്ഞു. ഇതിനാണ് വിവിധ വകുപ്പുകളില്‍ നിന്ന് അവര്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കുടുംബ സംഗമങ്ങളും അദാലത്തുകളും സംഘടിപ്പിക്കുന്നത്.

സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് കൂടി ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താന്‍ വിവര- പൊതുജന സമ്പര്‍ക്ക വകുപ്പിനെ കൂടി ലൈഫ് മിഷന്റെ പങ്കാളിയാക്കിയിട്ടുണ്ട്. വിവര- പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ പ്രിസം പദ്ധതി പ്രകാരമുള്ള ബ്ലോക്ക് തല ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ സേവനം കൂടി ഈ രംഗത്ത് പ്രയോജനപ്പെടുത്തുമെന്ന് പി.ആര്‍.ഡി ഡയറക്ടര്‍ കൂടിയായ യു.വി ജോസ് പറഞ്ഞു.

സമൂഹത്തില്‍ ഏറ്റവും സഹായം ആവശ്യമുള്ളവരാണ് ലൈഫ് ഗുണഭോക്താക്കളെന്നും അത്തരക്കാര്‍ക്ക് നേരിട്ട് സഹായമെത്തിക്കാനുള്ള അവസരം ഔദ്യോഗിക പരിവേഷങ്ങള്‍ക്കപ്പുറം താത്പര്യത്തോടെ ഏറ്റെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് ബ്ലോക്ക്-നഗരസഭാ- കോര്‍പറേഷന്‍ തലങ്ങളില്‍ നടക്കുന്ന അദാലത്തില്‍ ഐ.ടി, ലീഡ് ബാങ്ക്, സിവില്‍ സപ്ലൈസ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വ്യവസായം, ഫഷറീസ്, ക്ഷീര വികസനം, കൃഷി, പഞ്ചായത്ത്, ഗ്രാമവികസനം, പട്ടികജാതി- പട്ടിക വര്‍ഗ വികസനം, ആരോഗ്യം, സാമൂഹിക നീതി, വനിതാ ശിശു വികസനം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളാണ് സജ്ജീകരിക്കുക. ഓരോ വകുപ്പില്‍ നിന്നുമുള്ള സേവനങ്ങള്‍ നേരിട്ട് ലഭ്യമാകുന്നതിന് സൗകര്യമുണ്ടാകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ഇതോടനുബന്ധിച്ച് നടത്തും.

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ലൈഫ് മിഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ സാബു കുട്ടന്‍, കോഴിക്കോട് എ.ഡി.എം റോഷ്നി നാരായണന്‍,കാസര്‍കോട് എ ഡി എം എന്‍ ദേവിദാസ്, അസിസ്റ്റന്റ് കലക്ടര്‍ മേഘശ്രീ, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ്ജ് ജോസഫ് (കോഴിക്കോട്), സിബി വര്‍ഗീസ് (വയനാട്), അനില്‍ കെ.എന്‍ (കണ്ണൂര്‍), വില്‍സണ്‍ (കാസര്‍ഗോഡ്), കാസര്‍കോട് ജില്ല കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍,നാല് ജില്ലകളില്‍ നിന്നുമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Life mission Project developments in Kasaragod
topbanner

More News from this section

Subscribe by Email