Sunday December 15th, 2019 - 7:43:pm
topbanner

കൊടുമണ്‍ അരി വിപണിയിലിറക്കി

Anusha Aroli
കൊടുമണ്‍ അരി വിപണിയിലിറക്കി

പത്തനംതിട്ട : കാര്‍ഷിക കൂട്ടായ്മയുടെ പ്രതീകമായ കൊടുമണ്‍ അരി വിപണിയിലിറക്കി. കൊടുമണ്‍ സെന്റ് പീറ്റേഴ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കൊടുമണ്‍ റൈസിന്റെ വിപണനോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നെല്‍കൃഷി മേഖലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഉത്പാദനക്ഷമതയില്‍ മാത്രമല്ല ഉത്പന്നങ്ങളുടെ ഗുണമേന്മയില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണം. തരിശുരഹിത കേരളം എന്ന ആശയം മുന്‍നിര്‍ത്തി തരിശു ഭൂമി കൃഷിയോഗ്യമാക്കാനും, പ്രാദേശിക നെല്‍കൃഷി തിരിച്ചു കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിന്റെ നെല്‍കൃഷിയുടെ വൈവിധ്യം തിരിച്ചു കൊണ്ടുവരികയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടുമണ്‍ റൈസിന്റെ ആദ്യവില്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ എസ് ഉണ്ണിത്താന് നല്‍കി വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി സതികുമാരി കൊടുമണ്‍ റൈസ് ലോഗോ പ്രകാശനവും, അഡ്വ ആര്‍ ബി രാജീവ് കുമാര്‍ ഫാര്‍മേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൊടുമണ്‍ ജി ഗോപിനാഥന്‍ നായര്‍ ഫാര്‍മേഴ്സ് സൊസൈറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജെ ശാരദ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലളിത രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐക്കര ഉണ്ണികൃഷ്ണന്‍, ബി സഹദേവന്‍ ഉണ്ണിത്താന്‍, സി ബാലചന്ദ്രന്‍നായര്‍, ശ്യാം സത്യ, ജിതേഷ് കുമാര്‍, വിനി ആനന്ദ്, ആരതി, ലീലാമണി വാസുദേവന്‍, ജ്യോതി ലക്ഷ്മി, ചിരണിക്കല്‍ ശ്രീകുമാര്‍, കെ ഓമനയമ്മ, പുഷ്പലത, എ ജി ശ്രീകുമാര്‍, ടി.രാജേഷ്, ഫാര്‍മേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ എന്‍ സലീം, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ റ്റി കെ റോയി, കൃഷി ഓഫീസര്‍ എസ്.അദില, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിപണന ഉദ്ഘാടനത്തിനു മുന്നോടിയായി എഷ്യന്‍ യോഗഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ് വിജയികളായ തേജസ് എസ് നായര്‍, വര്‍ഷ റ്റി ഷിബി എന്നിവര്‍ അവതരിപ്പിച്ച യോഗ പ്രദര്‍ശനവും ആര്‍ട്ടിസ്റ്റിക് യോഗ ഡാന്‍സും അരങ്ങേറി. ഇക്കോ ഷോപ് ജംഗ്ഷന്‍ മുതല്‍ വേദി വരെയുള്ള കലാ ജാഥയോട് കൂടിയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ഉദ്ഘാടനത്തിന് ശേഷം താജ് പത്തനംതിട്ടയുടെ വണ്‍മാന്‍ ഷോ, കൊട്ടാരക്കര ഹാര്‍ട്ട് ബീറ്റിന്റെ ഗാനമേള എന്നിവ അരങ്ങേറി.

കൊടുമണ്‍ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ഫാര്‍മേഴ്സ് സൊസൈറ്റിയുടെയും വര്‍ഷങ്ങളായുളള ശ്രമഫലമായാണ് കൊടുമണ്‍ റൈസ് വിപണിയിലെത്തിയത്. 260 ഏക്കറില്‍ നിന്ന് നാല് ലക്ഷം കിലോ ഗ്രാം നെല്ലാണ് ഉത്പാദിപ്പിച്ചത്. കര്‍ഷകര്‍ക്ക് നെല്ലിന്റെ വിലയായ 25 രൂപ 30 പൈസ സംഭരണ സമയത്തു തന്നെ നല്‍കിയിരുന്നു. 228 കര്‍ഷകരാണ് കൃഷിക്കുണ്ടായിരുന്നത്. അധികമുളള നെല്ല് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കി. കിലോയ്ക്ക് 55 രൂപയാണ് വില. ഉമ എന്ന ഇനം വിത്താണ് കൂടുതലായും കൃഷി ചെയ്തത്. മുണ്ടയ്ക്കല്‍, തേവന്നൂര്‍, ചേനങ്കര, മുണ്ടുകോണം, കോയിക്കല്‍പടി പാടശേഖരങ്ങളിലായിരുന്നു കൃഷി. 57 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി ചെയ്ത സ്ഥലത്തും മികച്ച വിളവ് ലഭിച്ചു.

തവിടിന്റെ അംശം കൂടുതലുളള ഈ അരി കൂടാതെ ഔഷധ മൂല്യമുളള രക്തശാലി, ഞവര ഇനങ്ങളും വിപണനത്തിലുണ്ട്. കോട്ടയം വെച്ചൂരിലെ ഓയില്‍ പാം ഇന്ത്യയിലെ മില്ലില്‍ നിന്നാണ് നെല്ല് കുത്തിയെടുത്തത്. നെല്ല് കുത്തി അരിയാക്കാന്‍ കിലോക്ക് 4.50 രൂപ ചെലവായി. ജില്ലയില്‍ അപ്പര്‍കുട്ടനാട് കഴിഞ്ഞാല്‍ ഏറ്റവും അധികം നെല്‍പാടങ്ങളുളള കൊടുമണ്‍ പഞ്ചായത്തില്‍ നെല്‍ കൃഷി സാധ്യമായ 1200 ഹെക്ടറിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.ഇന്ന് രാവിലെ പത്തിന് കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, കാര്‍ഷിക വിദഗ്ധര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടി അരങ്ങേറും. വൈകിട്ട് നാലിന് സമാപന സമ്മേളനം നടക്കും.

English summary
Kodumon rice was introduced in to the market
topbanner

More News from this section

Subscribe by Email