Sunday April 5th, 2020 - 2:37:am
topbanner

ജീവിതം മാറ്റിയെഴുതി ലൈഫ് ; കണ്ണൂര്‍ ബ്ലോക്ക് ലൈഫ് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

Anusha unni
ജീവിതം മാറ്റിയെഴുതി ലൈഫ് ; കണ്ണൂര്‍ ബ്ലോക്ക് ലൈഫ് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

കണ്ണൂര്‍ : സ്വന്തമായി തലചായ്ക്കാനൊരിടമില്ലാതിരുന്നവര്‍, രോഗങ്ങളും കഷ്ടപ്പാടുകളും വേട്ടയാടിയപ്പോള്‍ ജീവിത ദുരിതങ്ങളുടെ മാറാപ്പുംപേറി വീട് എന്ന മോഹം സ്വപ്നങ്ങളില്‍ മാത്രം ഒതുക്കി കഴിഞ്ഞിരുന്നവര്‍, വര്‍ഷങ്ങളായി താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങി വന്നവര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമത്തില്‍ എത്തിയവര്‍ക്കെല്ലാം പറയാന്‍ കഴിഞ്ഞകാലത്തെ കദനകഥകളേറെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ മുഖങ്ങളില്‍ പുഞ്ചിരിയുണ്ട്. ജീവിതത്തിലെ വലിയൊരു മോഹം സാക്ഷാത്കരിക്കാനായതിന്റെ ചാരിതാര്‍ഥ്യവും.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 88 കുടുംബങ്ങളാണ് അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ലൈഫ് ഗുണഭോക്തൃ സംഗമത്തില്‍ ഒത്തുചേര്‍ന്നത്. സംഗമവും അദാലത്തും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ഭവനരഹിതരില്ലാത്ത ഒരു നാടായിരിക്കണം നമ്മുടെ സ്വപ്നമെന്ന് അവര്‍ പറഞ്ഞു. ലൈഫ് എന്നാല്‍ ജീവിതമാണ്. ആ പേര് അര്‍ഥമാക്കുന്നത് പോലെ വീട് നിര്‍മ്മിച്ച് നല്‍കുക മാത്രമല്ല, അവര്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ കൂടി ഒരുക്കി ജീവിത നിലവാരമുയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന നാല് പഞ്ചായത്തുകളിലുമായി 88 വീടുകളുടെ നിര്‍മ്മാണമാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടത്തില്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ആരംഭിച്ച് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചുപോയ 35 വീടുകള്‍ പൂര്‍ത്തീകരിച്ചു. അഴീക്കോട് പഞ്ചായത്തിലെ അഞ്ചു വീടുകളും ചിറക്കല്‍ പഞ്ചായത്തിലെ നാല് വീടുകളും പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഏഴ് വീടുകളുമാണ് ഇത്തരത്തില്‍ പണി പൂര്‍ത്തീകരിച്ചത്.

ഇതിന് പുറമെ ഐഎവൈ ഭവനപദ്ധതി പ്രകാരമുള്ള നാല് വീടുകളും ഫിഷറീസ് വകുപ്പ് (6) പട്ടികജാതി വകുപ്പ് (8) ന്യൂനപക്ഷ ക്ഷേമ വകുപ്പ് (1) തുടങ്ങി വിവിധ വകുപ്പുകളുടെ ധനസഹായത്തോടെ ആരംഭിച്ച് പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചുപോയ വീടുകളും പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 53 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.

സംഗമത്തോടനുബന്ധിച്ച് നടന്ന അദാലത്തില്‍ വ്യവസായം, റവന്യൂ, സിവില്‍സപ്ലൈസ്, സാമൂഹ്യനീതി, വനിതാശിശു വികസനം, കൃഷി, ക്ഷീരവികസനം, കുടുംബശ്രീ, തുടങ്ങി ഇരുപതോളം വകുപ്പുകളുടെ സേവനവും ലഭ്യമാക്കിയിരുന്നു. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വി ഇ ഒമാരെയും സന്നദ്ധ സേവനം നടത്തിയ വ്യക്തികളെയും സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു.

കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എ ശ്രീജേഷ് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് കിത്താര്‍ഡ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഗദ്ദിക 2020ന്റെ വിശദീകരണം നടത്തി. തുടര്‍ന്ന് വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സംഗമത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം സപ്ന പദ്ധതി വിശദീകരണം നടത്തി.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ലത, മെമ്പര്‍ പി പ്രസീത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ നാരായണന്‍ (പാപ്പിനിശ്ശേരി), സി പ്രസന്ന (അഴീക്കോട്), വി കെ ലളിതാദേവി (വളപട്ടണം ), എ സോമന്‍ (ചിറക്കല്‍) അഴീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് നിരവത്ത് കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് ഹൗസിംഗ് ഓഫീസര്‍ കെ സി രജിത, പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് സീനിയര്‍ സൂപ്രണ്ട് എം കെ അശോകന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: kannur, life mission,
English summary
Kannur Block Life family reunion and Adalat
topbanner

More News from this section

Subscribe by Email