ഇടുക്കി:കഴിഞ്ഞ ദിവസത്തെ കനത്തമഴയില്‍ ഭാഗികമായി നാശനഷ്ടം സംഭവിച്ച പെരിയവര താത്കാലിക പാലം പുനഃനിര്‍മിച്ചു. ഞായറാഴ്ച വൈകിട്ടു മുതല്‍ ചെറുവാഹനങ്ങള്‍ക്ക് സഞ്ചാര അനുമതി നല്കി. മഴമാറി നീരൊഴുക്ക് കുറഞ്ഞതോടെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തരമായിമായി പാലം നന്നാക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കന്നിയാര്‍ പുഴയില്‍ ശക്തമായ നീരൊഴുക്ക് കൂടിയതോടെ താത്കാലിക പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയായിരുന്നു. പാലം മുങ്ങിയതോടെ മറയൂര്‍ ഭാഗത്തേക്കുള്ള ഗതാഗതവും സ്തംഭിച്ചു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയോടെ ആരംഭിച്ച പണികള്‍ വൈകിട്ടോടെ പൂര്‍ത്തിയാക്കി ചെറുവാഹനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പാലത്തിന്റെ കോണ്‍ക്രീറ്റ് പൈപ്പുകള്‍ക്ക് മുകളില്‍ മൂന്ന് ലെയറുകളായി മെറ്റലിട്ട് ഉറപ്പിച്ചും അതിനുശേഷം പാറമക്ക് നിരത്തിയുമാണ് ഗതാഗതം സാധ്യമാക്കിയത്.
നിലവില്‍ ചെറുവാഹനങ്ങള്‍ക്ക് മാത്രമാണ് സഞ്ചാര അനുമതി നല്‍കിയിട്ടുള്ളത്. വെള്ളത്തിന്റെ അളവ് കുറഞ്ഞശേഷം പാലത്തിന്റെ ബേസ്മെന്റ്, ബലം തുടങ്ങിയവ പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഭാരവാഹനങ്ങള്‍ കടത്തി വിടുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലാണ് പെരയിവരപാലം നശിച്ചത്.
പിന്നീട് താത്കാലിക പാലം നിര്‍മിച്ചെങ്കിലും തുടര്‍ന്നുണ്ടായ കനത്തമഴയില്‍ അതും ഒലിച്ചുപോയി. വീണ്ടും നിര്‍മിച്ച പാലമാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ ഭാഗികമായി നശിച്ചത്. കനത്തമഴയില്‍ പെരിയവര താത്കാലിക പാലത്തിന് തുടര്‍ച്ചയായി നാശമുണ്ടാകുന്ന സാഹചര്യത്തില്‍ മിലിട്ടറിയുടെ സഹായത്തോടെ മൂന്നാറില്‍ ബെയ്ലി പാലം നിര്‍മ്മിക്കണമെന്ന് മുന്‍ എം.എല്‍.എ എ.കെ മണി ആവശ്യപ്പെട്ടു.