Monday September 20th, 2021 - 8:31:am

ഗുരുവായൂര്‍ ക്ഷേത്രോത്സവം : സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിയ കണ്ണനെ കണ്ട് ആയിരങ്ങള്‍ നിര്‍വൃതിയടഞ്ഞു

princy
ഗുരുവായൂര്‍ ക്ഷേത്രോത്സവം : സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിയ കണ്ണനെ കണ്ട് ആയിരങ്ങള്‍ നിര്‍വൃതിയടഞ്ഞു

തൃശ്ശൂർ:ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിയ കണ്ണനെ കണ്ട് ആയിരങ്ങള്‍ നിര്‍വൃതിയടഞ്ഞു. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് സമാപനം കുറിച്ച് 26ന് നടക്കുന്ന ആറാട്ടുവരെ ഗുരുവായൂരപ്പനിനി സ്വര്‍ണക്കോലത്തിലാണ് എഴുന്നള്ളുക. ആറാം വിളക്കായ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ശീവേലിയുടെ നാലാം പ്രദക്ഷിണത്തില്‍ ആനത്തറവാട്ടിലെ കാരണവര്‍ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭനാണ് സ്വര്‍ണക്കോലമേറ്റിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊടിക്കൂറകള്‍, സൂര്യമറകള്‍, വര്‍ണത്തഴകള്‍ എന്നിവയോടെ രാജകീയപ്രൗഢിയില്‍ ഭഗവാന്‍ എഴുന്നള്ളിയപ്പോള്‍ കാത്തുനിന്നിരുന്ന ഭക്തജനസഹസ്രങ്ങള്‍ നിറകണ്ണുകളാല്‍ നാമജപവുമായി തൊഴുതു. വിശേഷാവസരങ്ങളില്‍ മാത്രം എഴുന്നള്ളിക്കാറുള്ള സ്വര്‍ണക്കോലം പത്മനാഭന്‍ ഏറ്റിയതോടെ ക്ഷേത്രത്തിനകം നാരായണനാമത്താല്‍ മുഖരിതമായി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. സാമൂതിരിയുടെ കാലത്തെ അനുസ്മരിപ്പിച്ച് വകകൊട്ടല്‍ ചടങ്ങും നടന്നു.ക്ഷേത്രോത്സവ ചടങ്ങുകളില്‍ താന്ത്രിക കര്‍മങ്ങള്‍ക്കും ദര്‍ശനത്തിനും പ്രാധാന്യമേറുന്ന ചടങ്ങുകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ആറാട്ട് വരെയുള്ള ദിവസങ്ങളില്‍ ഗുരുപവനപുരി ഭക്തജനസാഗരത്തിലാറാടും. രാവിലെ പന്തീരടി പൂജയ്ക്കുശേഷം എട്ടുമണിയോടെയാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിക്കുക.

അതിസങ്കീര്‍ണമായ ചടങ്ങുകള്‍ ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കും. ക്ഷേത്രം തന്ത്രിയാണ് മുഖ്യകാര്‍മികത്വം വഹിക്കുക. ക്ഷേത്രത്തിനകത്തെ എല്ലാ ദേവീ ദേവന്മാര്‍ക്കും ഭൂതഗണങ്ങള്‍ക്കും പൂജാദികര്‍മങ്ങളോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി. അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. ഇവരെ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തും. ഗുരുവായൂരപ്പന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. 11മണിയോടെ നാലമ്പലത്തിനകത്ത് സപ്ത മാതൃക്കള്‍ക്ക് ബലിതൂവുന്ന സമയത്താണ് ഉത്സവബലി ദര്‍ശനം. മുപ്പത്തുമുക്കോടി ദേവന്മാരും ഈസമയത്ത് ഭഗവത്ദര്‍ശനത്തിന് എത്തുമെന്നാണ് സങ്കല്‍പ്പം. ഈസമയം ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് ദീപാലങ്കാരങ്ങളാല്‍ സ്വര്‍ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചു വച്ചിരിക്കും. ഉത്സവബലികണ്ട് തൊഴുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വാസം.

തന്ത്രിനമ്പൂതിരിപ്പാടാണ് ഉത്സവബലി ചടങ്ങുകള്‍ നിര്‍വഹിക്കുക. തന്ത്രിക്കുപുറമെ തിടമ്പ് കൈയിലേന്തുന്ന കീഴ്ശാന്തി, വിളക്കു പിടിക്കുന്ന കഴകക്കാര്‍, പാണികൊട്ടുന്ന മാരാര്‍ എന്നിവര്‍ ചടങ്ങ് പൂര്‍ത്തിയാകുന്ന വൈകിട്ട് നാലുവരെ ജലപാനംപോലുമില്ലാതെ ശുദ്ധോപവാസത്തിലായിരിക്കും. പക്ഷി മൃഗാദികള്‍ക്കുകൂടി ഈദിവസം അന്നം നല്‍കണമെന്നാണ് ആചാരം. സന്ധ്യക്ക് 12 ഇടങ്ങഴി അരിവച്ച നിവേദ്യം ഇതിനായി ചെമ്പ് വട്ടകയില്‍ മാറ്റിവച്ചിരിക്കും. ദേശപ്പകര്‍ച്ചയാണ് ഉത്സവബലി ദിവസത്തെ മറ്റൊരു സവിശേഷത.

പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യയാണ് ദേശപ്പകര്‍ച്ചയില്‍ നല്‍കുക. മാമ്പഴം, പഴം എന്നിവകൊണ്ട് തയ്യാറാക്കുന്ന വെന്നിയും മുതിരയും ഇടിച്ചക്കയുമുപയോഗിച്ച് തയ്യാറാക്കുന്ന പുഴുക്ക്, പപ്പടം, ചെത്തുമാങ്ങ അച്ചാര്‍ എന്നിവ ഈ ദിവസത്തെ പ്രത്യേകതയാണ്. രാത്രി ചോറ്, കാളന്‍, ഓലന്‍, എലിശ്ശേരി, പച്ചടി, വറുത്തുപ്പേരി, ചെത്തുമാങ്ങ അച്ചാര്‍, പായസം എന്നിവയോടെയുള്ള വിഭവസമൃദ്ധമായ സദ്യയാണ് നല്‍കുക. തിങ്കളാഴ്ചയാണ് ഭഗവാന്റെ പള്ളിവേട്ട. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭക്തര്‍ പള്ളിവേട്ടയില്‍ സംബന്ധിക്കും. പള്ളിവേട്ട കഴിഞ്ഞ് ഭഗവാന്‍ പള്ളിക്കുറുപ്പ് കൊള്ളും. ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Read more topics: Guruvayoor Temple, Festival
English summary
Guruvayoor Temple Festival started
topbanner

More News from this section

Subscribe by Email