Tuesday January 19th, 2021 - 7:59:am

വികസനം സര്‍ക്കാറിന്റെ പ്രധാന അജണ്ട; മന്ത്രി ജി സുധാകരന്‍

Anusha Aroli
വികസനം സര്‍ക്കാറിന്റെ പ്രധാന അജണ്ട; മന്ത്രി ജി സുധാകരന്‍

കോഴിക്കോട് : വികസനം സര്‍ക്കാര്‍ പ്രധാന അജണ്ടയായാണ് കാണുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഈങ്ങാപ്പുഴ-ഓമശേരി റോഡ് (ഈങ്ങാപ്പുഴ-കണ്ണോത്ത്) നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലാതിരിക്കാനാണ് കിഫ്ബി ആവിഷ്‌കരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

140 മണ്ഡലങ്ങളിലും പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസം ഇല്ലാതെയാണ് ആവശ്യാനുസരണം ഫണ്ട് അനുവദിക്കുന്നത്. പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി തിരുവമ്പാടി മണ്ഡലത്തില്‍ മാത്രം മൂന്ന് വര്‍ഷം കൊണ്ട് 452 കോടി അനുവദിച്ചു. കുപ്പായക്കോട് പാലം നിര്‍മാണത്തിന് ആവശ്യമായ മൂന്ന് കോടി പ്രളയപുനര്‍ നിര്‍മാണ ഫണ്ടിലുള്‍പ്പെടുത്തി അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

കടമെടുത്തായാലും അടിസ്ഥാന വികസനം ലഭ്യമാക്കിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മൂന്നിരിട്ടി മെച്ചമുള്ളതാണ്. ഒരു പാലം നിര്‍മ്മിച്ചാല്‍ 100 വര്‍ഷം നിലനില്‍ക്കണമെന്നാണ് പ്തീക്ഷിക്കുന്നത്. റോഡ് നവീകരിക്കുമ്പോള്‍ കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍, സ്വകാര്യ കേബിളുകാര്‍ എന്നിവര്‍ സഹകരിക്കണം. റോഡ് പ്രവൃത്തിയുടെ നിശ്ചിത കാലത്തിന് മുമ്പ് പൈപ്പിടല്‍, കേബിള്‍ ഇടല്‍ തുടങ്ങിയവ നടത്തണം.

റോഡ് പ്രവൃത്തി പൂര്‍ത്തിയായ ശേഷം വെട്ടിപ്പൊളിച്ചാല്‍ പഴയതു പോലെയാക്കാനാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനം ഇക്കാര്യം ശ്രദ്ധിക്കണം. ഇതിനായി എംഎല്‍എ ചെയര്‍മാനും പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ജനറല്‍ കണ്‍വീനറുമായി ഏത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലൂടെയാണോ റോഡ് കടന്നു പോകുന്നത് അവിടുത്തെ മുന്‍സിപ്പല്‍/പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. റോഡ് മുറിക്കാനുള്ള അപേക്ഷ ഇനി ഇവിടെ നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി 5.50 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ ബിഎംബിസി ഉപരിതലത്തോടെ 6.10 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. സംരക്ഷണ ഭിത്തികളും കോണ്‍ക്രീറ്റ് ഓവുചാലുകളും നിര്‍മ്മിക്കും. നിവിലുള്ള ഓവുചാലുകള്‍ അറ്റകുറ്റ പണികള്‍ നടത്തും. നിലവിലുള്ള ഉപയോഗശൂന്യമോ അപര്യാപ്തമോ ആയ കലുങ്കുകള്‍ പുതുക്കി പണിയും.

മുന്നറിപ്പ് ബോ ർഡ്കള്‍, റോഡ് മാര്‍ക്കിങുകള്‍, സുരക്ഷാക്രമീകരണങ്ങള്‍ എന്നിവയുമുണ്ടാകും. റോഡ് നിര്‍മ്മാണത്തിന് തടസമാകുന്ന കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ മുതലായവയുടെ സര്‍വീസ് ലൈനുകള്‍, തൂണുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ മുതലായവ മാറ്റി സ്ഥാപിക്കലും പദ്ധതിയുടെ ഭാഗമായി നടക്കും.

ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നിരത്തുകള്‍ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ആര്‍ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം വി ഡി ജോസഫ്, പുതുപ്പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജേഷ് ജോസ്, സോബി ജോസ്, പുതുപ്പാടി പഞ്ചാത്ത് മെമ്പര്‍ മാരായ റീന ബഷീര്‍, അംബിക മംഗലത്ത്, പുതുപ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍, ബിജു താന്നിക്കാകുഴി, ടി എം പൗലോസ് എന്നിവര്‍ സംസാരിച്ചു. ഉത്തരമേഖല നിരത്തുകള്‍ വിഭാഗം സുപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് സ്വാഗതവും നിരത്തുകള്‍ ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ കെ ബിനീഷ് നന്ദിയും പറഞ്ഞു

English summary
Development is the main agenda of the government minister G Sudhakaran
topbanner

More News from this section

Subscribe by Email