Sunday March 29th, 2020 - 11:50:pm
topbanner

വരുന്നത് രാജമുന്ദ്രയടക്കമുള്ള മാതൃകകള്‍ സമന്വയിച്ച സംസ്ഥാനത്തെ മികച്ച ആധുനികജയില്‍ : തളിപ്പറമ്പ് ജില്ലാ ജയിലിന് 23ന് മുഖ്യമന്ത്രി തറക്കല്ലിടും

princy
വരുന്നത് രാജമുന്ദ്രയടക്കമുള്ള മാതൃകകള്‍ സമന്വയിച്ച സംസ്ഥാനത്തെ  മികച്ച  ആധുനികജയില്‍  :  തളിപ്പറമ്പ് ജില്ലാ ജയിലിന് 23ന് മുഖ്യമന്ത്രി തറക്കല്ലിടും

തളിപ്പറമ്പ് : കാഞ്ഞിരങ്ങാട്ടെ നിര്‍ദിഷ്ട തളിപ്പറമ്പ് ജില്ലാ ജയിലിന് 23ന് കാഞ്ഞിരങ്ങാട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ജയിംസ് മാത്യു എം എല്‍ എ അധ്യക്ഷനാകും. എം പിമാരായ കെ കെ രാഗേഷ്, കെ സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജയില്‍ ഡിജിപി ഋഷിരാജ് സിങ് സ്വാഗതവും ഉത്തര മേഖല ഡിഐജി എം കെ വിനോദ്കുമാര്‍ നന്ദിയും പറയും.കാഞ്ഞിരങ്ങാട് ആര്‍ടിഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം തളിപ്പറമ്പ്- വായിക്കമ്പ സംസ്ഥാനപാതയോട് ചേര്‍ന്നുള്ള എട്ട് ഏക്കറിലാണ് രണ്ട് നിലകളിലായി അഞ്ചു ബ്ലോക്കുകളുള്ള 'ഒറ്റഗണ്‍' മാതൃകയില്‍ ജയില്‍ നിര്‍മിക്കുന്നത്. സംസ്ഥാനത്തെ 56ാമത്തെ ജയിലാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് തളിപ്പറമ്പില്‍ ജയില്‍ അനുവദിച്ചത്. ടി പി സെന്‍കുമാര്‍ ജയില്‍ ഡിജിപിയായിരിക്കെ തളിപ്പറമ്പില്‍ ജയില്‍ വേണ്ടന്ന് പറഞ്ഞ് ഫയല്‍ അവസാനിപ്പിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് മറികടന്ന് വീണ്ടും തളിപ്പറമ്പ് ജയിലിന് ജീവന്‍ നല്‍കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, സബ് ജയില്‍, സ്‌പെഷല്‍ സബ് ജയില്‍ എന്നിവിടങ്ങളില്‍ ശേഷിയെക്കാള്‍ കൂടുതല്‍ തടവുകാരുള്ള സ്ഥിതിയില്‍ തളിപ്പറമ്പ്, കൂത്തുപറമ്പ് ജയിലുകള്‍ അത്യാവശ്യമാണന്നാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്.

റിമാന്‍ഡ് തടവുകാരും ആറ് മാസംവരെ ശിക്ഷ വിധിച്ചവരുമായ പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ 400 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ സ്ത്രീകള്‍ക്കും മറ്റും പ്രത്യേക സൗകര്യമൊരുക്കും. രാജമുന്ദ്രി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ജയിലുകളെക്കുറിച്ച് പഠിച്ച ശേഷമാണ് സംസ്ഥാനത്തെ ഏറ്റവും ആധുനികമായ തളിപ്പറമ്പ് അതീവ സുരക്ഷ ജയില്‍ രൂപകല്‍പ്പന ചെയ്തത്. ടൈല്‍സ് പാകിയ സെല്ലുകളില്‍ ഫാനുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും.

ഏഴ് മീറ്റര്‍ ഉയരത്തിലുള്ള ചുറ്റുമതിലും കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത മികച്ച ചോദ്യം ചെയ്യല്‍ സംവിധാനങ്ങളും ഉപകരണങ്ങളുമുള്ള ജയിലാണ് തളിപ്പറമ്പില്‍ നിര്‍മിക്കുന്നത്. നിര്‍ദിഷ്ട ജയിലിന് 18.56 കോടി രൂപയാണ് നിര്‍മ്മാണചെലവ് കണക്കാക്കുന്നത്. ഇതില്‍ 7.75 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 2021 ജനുവരിയില്‍ ജയില്‍ ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം. ശിലാസ്ഥാപന ചടങ്ങ് അവിസ്മരണിയമായ ജനകിയ ഉത്സവമാക്കുന്നതിന് ജയിംസ് മാത്യു എം എല്‍ എ (ചെയര്‍മാന്‍), ജയില്‍ ഡിഐജി എം കെ വിനോദ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.

Read more topics: kannur, Taliparamba, District Jail,
English summary
Chief Minister will lay foundation stone for Taliparamba District Jail
topbanner

More News from this section

Subscribe by Email