Thursday August 13th, 2020 - 10:13:pm

കൈത്തറി മേഖലയെ കൂടുതല്‍ ഉന്നമനത്തിലേക്ക് നയിക്കാനാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

Anusha Aroli
കൈത്തറി മേഖലയെ കൂടുതല്‍ ഉന്നമനത്തിലേക്ക് നയിക്കാനാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂർ : മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും കൈത്തറി മേഖലയെ കൂടുതല്‍ ഉന്നമനത്തിലേക്ക് നയിക്കാനും കൈത്തറി തുണികള്‍ ബ്രാന്റ് ചെയ്ത വിപണന സാധ്യത വര്‍ധിപ്പിക്കാനും കഴിയണമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍ പുതുതായി നെയ്ത്ത് തൊഴിലാളികളായി പരിശീലനം നേടി ജോലിയില്‍ പ്രവേശിച്ചവരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ വിപണിയില്‍ കൈത്തറിക്ക് നല്ല സ്വീകാര്യതയാണുള്ളത്. കൈകൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്താകമാനം നല്ല മാര്‍ക്കറ്റുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2018 ലെ വ്യാവസായിക നയത്തിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ കൈത്തറി മേഖലയെ പുതിയ ഉണര്‍വിലേക്ക് നയിക്കാന്‍ ഉതകുന്ന സൗജന്യ യൂണിഫോം പദ്ധതി ആരംഭിച്ചത്. 2019-20 അധ്യായന വര്‍ഷത്തില്‍ 8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 15 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി 70 ലക്ഷം മീറ്റര്‍ തുണി വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യൂണിഫോം പദ്ധതി പ്രകാരം ഇതുവരെ തൊഴിലാളികള്‍ക്ക് 124.80 കോടി രൂപയാണ് അനുവദിച്ചത്. അടുത്ത വര്‍ഷത്തേക്ക് ഉല്‍പ്പാദനത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ തന്നെ തുണി പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിയണം. പദ്ധതിയിലൂടെ കൈത്തറി മേഖലയില്‍ നല്ല ഉണര്‍വ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം കൈത്തറി സംഘങ്ങളും ഇപ്പോള്‍ സജീവമായിട്ടുണ്ട്. പല സംഘങ്ങളും നെയ്യുന്ന തുണിയുടെ അളവ് വലിയ രീതിയില്‍ വര്‍ധിച്ചു. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയില്‍ വര്‍ധനവുണ്ടാവുകയും വര്‍ഷം മുഴുവന്‍ ജോലി ചെയ്യാവുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. യൂണിഫോം പദ്ധതിയിലൂടെ 5100 നെയ്ത്തുകാര്‍ക്ക് നേരിട്ടും അതില്‍ എത്രയോ അധികം നെയ്ത്തുകാര്‍ക്ക് അനുബന്ധമായും ജോലി ലഭിച്ചു. മറ്റ് മേഖലകളിലേക്ക് ജോലി തേടി പോയവര്‍ നെയ്ത്തിലേക്ക് തിരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തിയ പഠനത്തില്‍ സൗജന്യ യൂണിഫോം പദ്ധതി കേരളത്തിലെ കൈത്തറി തൊഴിലാളികളില്‍ സംതൃപ്തിയും സന്തോഷവുമുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്. സൗജന്യ യൂണിഫോം പദ്ധതി അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് ഉല്‍പാദനം വര്‍ധിപ്പിക്കണം. കൈത്തറി മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കും. മേഖലയ്ക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധനം എങ്ങനെ കണ്ടെത്താം എന്നത്കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാനാകു. തുണി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ തന്നെ അതിനാവശ്യമായ പണം മുഴുവന്‍ നല്‍കണമെന്ന് പറയുന്നത് യഥാര്‍ഥ ബിസിനസ് രീതിയല്ല. ഇതില്‍ നിന്ന് മാറി ചിന്തിക്കേണ്ടതുണ്ട്. കൂലി കൊടുക്കേണ്ട പണം കൂടി ഇതിന്റെ ഭാഗമായി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പായം, മാങ്ങാട്ടിടം, കോളയാട്, ചെറുപുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും തൊഴില്‍ രഹിതരായ 190 വീതം വനിതകളെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കിയത്. മാസം 4000 രൂപ സ്റ്റൈപ്പെന്റോടെ മൂന്ന് മാസത്തെ പരിശീലനമാണ് ഇവര്‍ക്കായി സംഘടിപ്പിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് 50000 രൂപയുടെ തറികളാണ് സൗജന്യമായി വിതരണം ചെയ്തത്. 4.49 കോടി രൂപയാണ് പദ്ധതി ചെലവ്. ഇവര്‍ക്ക് തുടര്‍ച്ചയായി ജോലിയും വേതനവും നല്‍കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

യൂണിഫോം പദ്ധതിയിലൂടെ നഷ്ടപ്പെട്ട പ്രതാപത്തിലേക്ക് കൈത്തറി മേഖല തിരിച്ചുവരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പ്രസീത (മാങ്ങാട്ടിടം), ടി ശങ്കരന്‍ (കോളയാട്), ജമീല കോളയത്ത് (ചെറുപുഴ), പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി സാവിത്രി, ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, ഹാന്‍വീവ് മാനേജിംഗ് ഡയറക്ടര്‍ കെ ടി ജയരാജന്‍, കൈത്തറി തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
CM pinarayi vijayan about handloom sector
topbanner

More News from this section

Subscribe by Email