Wednesday January 29th, 2020 - 11:30:am
topbanner

ആറന്മുളയ്ക്ക് ഇനി വഞ്ചിപ്പാട്ടിന്റെ ഈണം : വള്ളസദ്യകള്‍ക്ക് തുടക്കമായി

princy
ആറന്മുളയ്ക്ക് ഇനി വഞ്ചിപ്പാട്ടിന്റെ ഈണം :  വള്ളസദ്യകള്‍ക്ക് തുടക്കമായി

പത്തനംതിട്ട:ആറന്മുള വള്ളസദ്യകളുടെ പാചക ജോലികള്‍ക്ക് തുടക്കം കുറിച്ച് അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍നിന്നും പകര്‍ന്നു നല്‍കിയ ദീപം ഞാറാഴ്ച പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ ബി കൃഷ്ണവേണി ഊട്ടുപുരയിലെ ഭദ്ര ദീപത്തിലേക്ക് പകര്‍ന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതത് പള്ളിയോട കരകള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പാചക വിദഗ്ധര്‍ പാചക ജോലികള്‍ തുടങ്ങി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയില്‍ മുതിര്‍ന്ന പാചകക്കാര്‍ അതത് പാചകശാലകളുടെ അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോടെയാണ് വള്ളസദ്യയുടെ പാചക ജോലികള്‍ക്ക് തുടക്കമായത്. ഇനിയുള്ള 64 ദിവസക്കാലം രുചിയുടെ ഗരിമയിലും ഭക്തിയുടെ അനുഭവ സാക്ഷ്യങ്ങളിലും വഞ്ചിപ്പാട്ടിന്റെ സംഗീതത്തിലും ആറന്മുള മുഖരിതമാകും. ഓരോ പള്ളിയോടത്തിലും പാര്‍ഥസാരഥി അധിവസിക്കുന്നതായാണ് വിശ്വാസം. പള്ളിയോടത്തിന്റെ ഓരോ തുഴച്ചില്‍ക്കാരനും പാര്‍ഥസാരഥിയുടെ പ്രതിനിധിയായാണ് പമ്പയുടെ ഓളങ്ങളില്‍ തുഴയെറിയുന്നത്.

അന്നദാനത്തിന്റെ മഹത്വം തന്നെയാണ് വള്ളസദ്യകള്‍ക്കുള്ളത്. സദ്യയുമായി വിവിധ സമര്‍പ്പണ ചടങ്ങുകളില്‍ ഭക്തര്‍ നേരിട്ട് പങ്കാളിയാകുന്ന രീതിയാണ് വള്ളസദ്യകള്‍ക്കുള്ളത്. വഴിപാട് നടത്തുന്നയാള്‍ പള്ളിയോട കരക്കാരെ ക്ഷണിക്കുന്നതോടെയാണ് ചടങ്ങുകളുടെ തുടക്കം.

ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച മാല പള്ളിയോടത്തിന് ചാര്‍ത്താനായി നല്‍കും. ഒപ്പം ക്ഷേത്ര നടയില്‍ പാര്‍ഥസാരഥിക്കും പള്ളിയോടത്തിനും ഓരോ നിറപറകള്‍ സമര്‍പ്പിക്കും. പാര്‍ഥസാരഥി പള്ളികൊള്ളുന്നതെന്ന വിശ്വാസമുള്ള അനന്തന്റെ സങ്കല്‍പ്പത്തിലുള്ള പള്ളിയോടത്തില്‍ കരക്കാര്‍ പൂജിച്ച മാല ചാര്‍ത്തി ക്ഷേത്രത്തിലേക്ക് എത്തും. പമ്പയിലൂടെ തുഴഞ്ഞെത്തുന്ന പള്ളിയോട കരക്കാരെ വഴിപാടു നടത്തുന്ന ഭക്തര്‍ ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിലേക്ക് സ്വീകരിക്കും.

വെറ്റ-പുകയില നല്‍കി അഷ്ടമംഗല്യത്തിന്റെ അകമ്പടിയിലാണ് സ്വീകരിക്കുന്നത്. പ്രദക്ഷിണത്തിന് ശേഷം പള്ളിയോടത്തിന്റെ നയമ്പ് (തുഴ) കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കുന്ന കരക്കാര്‍ വഞ്ചിപ്പാട്ടിലൂടെ ഭഗവാനെ സ്തുതിക്കും. ഇതിന് ശേഷമാണ് സദ്യയിലേക്ക് പ്രവേശിക്കുന്നത്.പൊന്‍പ്രകാശം വിതറുന്ന വിളക്കത്ത് വിളമ്പണം എന്ന് തുടങ്ങുന്ന വഞ്ചിപ്പാട്ടോടെ വിളക്കിന് മുന്‍പില്‍ ഈശ്വര സങ്കല്‍പ്പത്തില്‍ സദ്യവിഭവങ്ങള്‍ വിളമ്പും. അഭിഷേക തീര്‍ഥം വേണം കളഭ-കുങ്കുമം വേണം എന്ന വഞ്ചിപ്പാട്ടോടെ പ്രസാദവും നല്‍കും.

തുടര്‍ന്ന് മഹാവിഭവങ്ങള്‍ ഒരുക്കിയുള്ള സദ്യ കരക്കാര്‍ സ്വീകരിക്കും. സദ്യയ്ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ പറ തളിക്കുക എന്ന ചടങ്ങ് നടക്കും. ഇതിന് ശേഷം കരക്കാര്‍ക്ക് ദക്ഷിണ നല്‍കി വഴിപാടുകാരന്‍ കരക്കാരെ തിരികെ യാത്രയാക്കും. വഴിപാട് നടത്തുന്ന ആളിന് ഈശ്വരന്റെ നാമത്തില്‍ അനുഗ്രഹിക്കുന്ന വഞ്ചിപ്പാട്ട് പാടിയാണ് കരക്കാര്‍ തിരികെപ്പോകുന്നത്.

64 വള്ളസദ്യ വിഭവങ്ങള്‍
1 ചോറ്, 2, പരിപ്പ്, 3. പപ്പടം. 4. നെയ്യ്, 5. അവിയല്‍, 6 സാമ്പാര്‍, 7 തോരന്‍, 8 പച്ചടി, 9 കിച്ചടി, 10 നാരങ്ങ, 11 ഇഞ്ചി, 12 കടുമാങ്ങ, 13 ഉപ്പുമാങ്ങ, 14 ആറന്മുള എരിശേരി, 15 കാളന്‍, 16 ഓലന്‍, 17 രസം, 18 മോര്, 19 അടപ്രഥമന്‍, 20 പാല്‍പ്പായസം, 21 പഴം പ്രഥമന്‍, 22 കടലപ്രഥമന്‍, 23 ഏത്തയ്ക്ക ഉപ്പേരി, 24 ചേമ്പ് ഉപ്പേരി, 25 ചേന ഉപ്പേരി, 26 ശര്‍ക്കര പുരട്ടി, 27 സ്റ്റൂ, 28 കാളിപ്പഴം, 29 ഏള്ളുണ്ട, 30 പരിപ്പുവട, 31 ഉണ്ണിയപ്പം, 32 കല്‍ക്കണ്ടം, 33 ശര്‍ക്കര, 34 പഞ്ചസാര, 35 ഉണക്ക മുന്തിരിങ്ങ, 36 കരിമ്പ്, 37 മെഴുക്ക് പുരട്ടി, 38 ചമ്മന്തിപ്പൊടി, 39 നെല്ലിക്ക അച്ചാര്‍, 40 ഇഞ്ചിത്തൈര്, 41 പഴം നുറുക്ക്, 42 ജീരകവെള്ളം, 43 അവല്‍, 44 മലര്‍. എന്നിവയാണ് വള്ളസദ്യയുടെ സാധാരണ വിഭവങ്ങള്‍.

കൂടാതെ വഞ്ചിപ്പാട്ട് പോലെ തന്നെ വള്ളസദ്യപ്പാട്ടുകളിലൂടെ പാടി ചോദിക്കുന്ന നിശ്ചിത വിഭവങ്ങളുമുണ്ട്. 1 പഞ്ചസാര, 2 വെണ്ണ, 3 കാളിപ്പഴം, 4 കദളിപ്പഴം, 5 പൂവമ്പഴം, 6 തേന്‍, 7 ചുക്കുവെള്ളം, 8 ചീരത്തോരന്‍, 9 മടന്തയില തോരന്‍, 10 തകരയില തോരന്‍, 11 വഴുതനങ്ങ മെഴുക്ക് പുരട്ടി, 12 അമ്പഴങ്ങ, 13 ഉപ്പുമാങ്ങ, 14 പഴുത്തമാങ്ങക്കറി, 15 പാളത്തൈര്, 16 ഇഞ്ചിത്തൈര്, 17 വെള്ളിക്കിണ്ടിയില്‍ പാല്‍, 18, അടനേദ്യം, 19 ഉണക്കലരിച്ചോറ്, 20 പമ്പാതീര്‍ഥം എന്നിവയാണ് പാടി ചോദിക്കുന്ന വള്ളസദ്യവിഭവങ്ങള്‍.

English summary
Aranmula valla sadya started
topbanner

More News from this section

Subscribe by Email