Friday January 24th, 2020 - 10:31:am
topbanner

'ഇനി ഞാൻ ഒഴുകട്ടെ' നീർച്ചാൽ പുനരുജ്ജീവന യജ്ഞത്തിന് തൃശൂരിൽ തുടക്കമായി

Anusha unni
'ഇനി ഞാൻ ഒഴുകട്ടെ' നീർച്ചാൽ പുനരുജ്ജീവന യജ്ഞത്തിന് തൃശൂരിൽ തുടക്കമായി

തൃശൂർ : നീർച്ചാൽ പുനരുജ്ജീവന യജ്ഞമായ 'ഇനി ഞാൻ ഒഴുക്കട്ടെ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു. ജില്ലയിലെ ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ച് നിലനിർത്തുമെന്ന് തോളൂർ ഗ്രാമപഞ്ചായത്തിലെ കാളിപ്പാടം തോട് പരിസരത്ത് നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജലസ്രോതസുകളിലും പറമ്പിലും തൊടിയിലുമെല്ലാം ജനങ്ങൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ ജനങ്ങൾക്കിടയിൽ തന്നെ അവബോധമുണ്ടാക്കും. ഇതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും. ജനങ്ങൾ മാലിന്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിക്കണം. അത് സ്വീകരിച്ച് നല്ല രീതിയിൽ വേർതിരിച്ച് സംസ്‌കരിച്ചെടുക്കാൻ ഉള്ള സംവിധാനങ്ങൾ ഇനിയും വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പുഴകളും തോടുകളുമെല്ലാം ശുചീകരിക്കുമ്പോൾ നാം വലിച്ചെറിഞ്ഞിട്ടുള്ള ഏറെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ലഭിക്കുന്നത്. ജലാശയങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന രീതി ജനങ്ങൾ തിരുത്തണമെന്നും ഇതിനെതിരെ നാട്ടുകാർ തന്നെ മുന്നിട്ടറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കർശനമാക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. പൊതു സ്ഥലങ്ങളിൽ കോഴി, മറ്റ് മാംസങ്ങൾ എന്നിവ നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ലാ കളക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്തംഗം വനജ റാഫി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ലൈജു സി എടക്കളത്തൂർ, തോളൂർ ഗ്രാമ പഞ്ഞായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണാളത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീകല കുഞ്ഞുണ്ണി, ഫീന സാജൻ, അസ്താസിയ ലൂയീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി എസ് ജയകുമാർ, തോളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി സുഷമ തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബർ 22 വരെ ജില്ലയിലെ 86 പഞ്ചായത്തുകളിലും 'ഇനി ഞാൻ ഒഴുകട്ടെ' നീർച്ചാൽ പുനരുജ്ജീവന യജ്ഞം സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ തോടുകൾ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരിക്കും. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ കൂടാതെ ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പു വരുത്തുന്നുണ്ട്.

English summary
'ini njan ozhukatte' programme inaugurated by AC Moitheen
topbanner

More News from this section

Subscribe by Email