Wednesday May 27th, 2020 - 3:24:pm

കപടസദാചാരസംരക്ഷകരുടെ കരണം പുകയ്ക്കുന്ന അങ്കിള്‍: അങ്കിള്‍ റിവ്യൂ

NewsDeskSKR
കപടസദാചാരസംരക്ഷകരുടെ കരണം പുകയ്ക്കുന്ന അങ്കിള്‍: അങ്കിള്‍ റിവ്യൂ

'ഷട്ടര്‍' എന്ന മികച്ച സിനിമയ്ക്ക് ശേഷം ജോയ് മാത്യു രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'അങ്കിള്‍.' സംവിധാനം നവാഗതനായ ഗിരീഷ് ദാമോദര്‍. മമ്മൂട്ടി, കാര്‍ത്തിക മുരളീധരന്‍, ജോയ് മാത്യു, മുത്തുമണി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമ തിയറ്ററിലെത്തും മുമ്പ് സോഷ്യല്‍ മീഡിയ വഴി തിരക്കഥാകൃത്ത്, നടന്‍, ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി എന്നീ നിലകളില്‍ 'അങ്കിളി'ല്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയ് മാത്യു ഒരു പ്രസ്താവന നടത്തിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ ചിത്രമിറങ്ങുന്നതോടെ ഇതില്‍ ഏത് പണി താന്‍ നിര്‍ത്തണം, തുടരണം എന്ന് പ്രേക്ഷകര്‍ പറഞ്ഞു തരണം എന്നായിരുന്നു അത്. ഇതിന് മറുപടി പറയുകയാണെങ്കില്‍ അത് ഇപ്രകാരമാണ്: ഒന്നും നിര്‍ത്തേണ്ടതില്ല, മൂന്ന് പണികളും നിര്‍ബാധം തുടരുക. ഇനി സിനിമയിലേയ്ക്ക്. ജോയ് മാത്യു അവതരിപ്പിക്കുന്ന ഇലക്ട്രിസ്റ്റി ബോര്‍ഡ് ജീവനക്കാരനായ 'വിജയന്‍' എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ 'കൃഷ്ണകുമാര്‍' ആയാണ് മമ്മൂട്ടി എത്തുന്നത്.

വിവാഹമോചിതനായ കൃഷ്ണകുമാര്‍ സമൂഹം കല്‍പ്പിക്കുന്ന 'സോ കോള്‍ഡ് മൊറാലിറ്റി' അനുസരിച്ച് ജീവിക്കുന്നയാളല്ല. ഊട്ടിയിലെ കോളജില്‍ നിന്നും സമരം കാരണം വേറെ വാഹനമൊന്നും കിട്ടാതെ വിജയന്റെ മകള്‍ ശ്രുതി, കൃഷ്ണകുമാറിന്റെ കാറില്‍ കേരളത്തിലേയ്ക്ക് പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ആരംഭം. രക്തബന്ധമില്ലാത്ത ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് യാത്ര ചെയ്യുന്നതിനെ പുറത്തു നിന്നുള്ള സമൂഹം വിലയിരുത്തുന്നതും, അതിനുള്ളില്‍ ആശയക്കുഴപ്പത്തിലും ഭയത്തിലും പെട്ടുഴലുന്ന മാതാപിതാക്കന്മാരുടെ മാനസികാവസ്ഥയുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

സമകാലികസമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍, സദാചാരം എന്ന പേരിലും സംസ്‌കാരം എന്ന പേരിലും ആള്‍ക്കൂട്ടം (പുരുഷന്മാരുടെ കൂട്ടം) കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങളുമെല്ലാം ഈയിടെയായി ഷോര്‍ട്ട് ഫിലിമുകളിലാണ് സാധാരണയായി കണ്ടിട്ടുള്ളത്. ചില പരാമര്‍ശങ്ങളല്ലാതെ മെയിന്‍ സ്ട്രീം കച്ചവട സിനിമകളില്‍ ഈ വിഷയം കാര്യമായി പ്രതിപാദിച്ച് കണ്ടിട്ടില്ല. റിയലിസ്റ്റിക്കായി ഈ വിഷയത്തെ ഈയിടെ പ്രധാന കഥാതന്തുവാക്കി സിനിമ സംവിധാനം ചെയ്തത് സനല്‍കുമാര്‍ ശശിധരനാണ്: എസ് ദുര്‍ഗ എന്ന സെക്‌സി ദുര്‍ഗ. ഈ കൂട്ടത്തിലേയ്ക്ക് പ്രമുഖ നടീനടന്മാരെ അണിനിരത്തി നിശിതവിമര്‍ശനത്തിന്റെ പാതയിലൂടെയുള്ള യാത്രയാണ് 'അങ്കിള്‍.'

ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നം തന്നെയാണ് കപടസദാചാരവാദികളുടെ കടന്നുകയറ്റം. യാഥാസ്ഥിതികരായ ജനങ്ങള്‍, പ്രത്യേകിച്ച് മതവിശ്വാസികള്‍, മത-ജാതിഭേദമെന്യേ സദാചാരത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതിനു വരെ കാര്യങ്ങളെത്തിയിരിക്കുന്നു. അത്തരത്തില്‍ സാമൂഹികപ്രാധാന്യമുള്ള വിഷയം തെരഞ്ഞെടുത്തു എന്ന നിലയില്‍, കലാകാരന്മാര്‍ എന്ന നിലയില്‍ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഒരു അതിഗംഭീര സിനിമ എന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും, പ്രമേയത്തിന്റെ ആഴം നല്ല സിനിമയാക്കി മാറ്റുന്നുണ്ട് 'അങ്കിളി'നെ. ഒരിക്കല്‍പ്പോലും സിനിമ പറയാനുദ്ദേശിക്കുന്ന വിഷയത്തില്‍ നിന്നും തെന്നിപ്പോകുന്നില്ല.

കൃഷ്ണകുമാറിന്റെയും ശ്രുതിയുടെയും യാത്ര പതിയെ ആരംഭിച്ച്, പതിയെ വളര്‍ന്ന് പ്രധാനപ്രമേയത്തോട് ഇഴുകിച്ചേരുന്ന വിധത്തിലാണ് ചിത്രത്തിന്റെ തിരക്കഥ. എന്നാല്‍ ഈ 'യാത്ര' അല്‍പ്പം വിരസമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ഇഴഞ്ഞുപോകുന്ന നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് ബോറടി തന്നെയാണ്. സിനിമയുടെ ആകെ നീളം രണ്ട് മണിക്കൂര്‍ ഇരുപത്തിനാല് മിനിറ്റാണ്. ഈ ഇരുപത്തിനാല് മിനിറ്റ് വെട്ടിക്കുറയ്ക്കാമായിരുന്ന ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. അതിന് തിരക്കഥാകൃത്ത് ശ്രമിക്കാത്തത് ബോറടി കൂട്ടാന്‍ കാരണമായിട്ടുണ്ട്. അഭിനേതാക്കളുടെ കാര്യത്തില്‍ എല്ലാവരും തരക്കേടില്ലാത്ത പ്രകടനമാണ്.

അതില്‍ ശ്രുതിയുടെ അമ്മയായി അഭിനയിച്ച മുത്തുമണിയുടെ പ്രകടനം മികച്ചതാണ്. മുമ്പും മികച്ച ക്യാരക്ടര്‍ റോളുകളില്‍ മുത്തുമണിയെ കണ്ടിട്ടുണ്ട്. ഇനിയും നല്ല വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംനേടാന്‍ മുത്തുമണിക്ക് കഴിയും എന്ന് വെളിവാക്കുന്ന പ്രകടനം. അതേസമയം സാങ്കേതികപരമായി പ്രത്യേകിച്ച് അവകാശപ്പെടാനൊന്നും സിനിമയ്ക്കില്ല. ഛായാഗ്രഹണം, എഡിറ്റിങ്, സൗണ്ട് ഡിസൈന്‍, പശ്ചാത്തലസംഗീതം, വിഎഫ്എക്‌സ് എന്നിങ്ങനെ എല്ലാം ശരാശരിയാണ്.

കളറിങ്ങിനും (ഡിഐ) വലിയ മെച്ചം അവകാശപ്പെടാനില്ല. എങ്കിലും നേരത്തെ പറഞ്ഞതുപോലെ പ്രമേയത്തിലെ ആഴമാണ് സിനിമയെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്ലൈമാക്‌സ് രംഗങ്ങളിലാണ് സിനിമയ്ക്ക് പ്രമേയമാവശ്യപ്പെടുന്ന ചടുലതയും ഒതുക്കവും അനുഭവപ്പെടുന്നത്. അല്‍പ്പം കൂടി മികച്ച സംഭാഷണങ്ങളും, സാങ്കേതികമികവുമുണ്ടായിരുന്നെങ്കില്‍ ഇനിയും മികച്ച ചിത്രമായി മാറിയേനെ 'അങ്കിള്‍.'

English summary
Uncle movie review.
topbanner

More News from this section

Subscribe by Email