Monday August 10th, 2020 - 1:57:pm

ഓരോ പെണ്‍മക്കളും അവരുടെ രക്ഷിതാക്കളും നിര്‍ഭയം ഇവിടെ ജീവിക്കണം ; പ്രിയമുഖ്യമന്ത്രി, അങ്ങില്‍ വിശ്വാസമുണ്ട് ; ശ്രീകുമാര്‍ മേനോന്‍

suji
ഓരോ പെണ്‍മക്കളും അവരുടെ രക്ഷിതാക്കളും നിര്‍ഭയം ഇവിടെ ജീവിക്കണം ; പ്രിയമുഖ്യമന്ത്രി, അങ്ങില്‍ വിശ്വാസമുണ്ട് ; ശ്രീകുമാര്‍ മേനോന്‍

വാളയാര്‍ കേസില്‍ പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം രോഷം കനക്കുകയാണ്. നിരവധി പേരാണ് പ്രതിഷേധമറിയിച്ച് രംഗത്തു വരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ സമൂഹത്തെ കുറിച്ച് എനിക്കറിയാവുന്നത്, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തില്‍ നാടും കാലവും അത്ര നല്ലതല്ല എന്നതാണ്. പലപ്പോഴും അതീവ മാരകവുണ് ഈ ആണ്‍ലോകം. ഞാനൊരു പെണ്‍കുട്ടിയുടെ അച്ഛനാണ്. വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തു. കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ടെന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നതാണ്. ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഈ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട വാളയാറും പരിസരവുമെല്ലാം. പെണ്മക്കളുള്ള ഓരോരുത്തരും ഭയന്ന സംഭവമാണത്.

പെരുമ്പാവൂരില്‍ ജിഷയും ഈ കുഞ്ഞുങ്ങളെല്ലാം കൊല്ലപ്പെടുമ്പോള്‍, ഒരു വാതിലില്‍ പോലും സുരക്ഷയില്ലാതെയാണ് ഈ പെണ്‍കുട്ടികള്‍ ജീവിച്ചത് എന്ന് ഇവര്‍ തമ്മില്‍ സാമ്യമുണ്ട്. ദളിതരാണ് ഈ കുഞ്ഞുങ്ങളെല്ലാം. മറ്റൊരു ഇന്ത്യയിലല്ല നമ്മുടെ ഇന്ത്യയിലാണ് വാളയാര്‍. എന്റെ അരികില്‍ തന്നെ ഉണ്ട് എന്റെ മകള്‍. അവളെ ചേര്‍ത്തു പിടിച്ച് എനിക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിയോടും, പൊലീസ് മേധാവിയോടും ഒരു അഭ്യര്‍ത്ഥനയുണ്ട് , സാര്‍ വാളയാറില്‍ ' അതിരുകടന്ന നീതി ' നടപ്പാക്കണം.

മകളോട് കര്‍ക്കശക്കാരനായ അച്ഛനാണ് ഞാന്‍. ഈ ലോകത്തെ കുറിച്ചുള്ള പേടി മൂലം മകളോടും മകളായി കരുതുന്നവരോടും പെണ്‍ സുഹൃത്തുക്കളോടും നിര്‍ബന്ധം വെച്ചു പുലര്‍ത്തേണ്ടി വരുന്നൊരാള്‍. അച്ഛനെന്ന നിലയ്ക്കുള്ള എന്റെ ഭയങ്ങളുടെ ശ്വാസം മുട്ടല്‍ സഹിക്കാതെ, മകള്‍ എന്നില്‍ നിന്നും അകലുമോ എന്നുപോലും ഞാന്‍ പേടിച്ചിട്ടുണ്ട്. അവള്‍ എംഎയ്ക്ക് പഠിക്കാന്‍ മദ്രാസ് സര്‍വകലാശാലയാണ് തിരഞ്ഞെടുത്തത്. ആ രണ്ടുവര്‍ഷം ഞാന്‍ കടന്നു പോയത് ഓര്‍ക്കാന്‍ കൂടി വയ്യ. എന്റെ ഭയം നിനക്ക് മനസിലാകില്ല, എന്ന് ഞാന്‍ പറയുമായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ ശാസനകളും നിര്‍ബന്ധങ്ങളും അവളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി പരാതിപ്പെട്ടില്ല എന്റെ മകള്‍; ഭാഗ്യം.

ഓരോ വാളയാറും ഓരോ പെരുമ്പാവൂരും പെണ്‍മക്കള്‍ക്ക് മനഃസമാധാനത്തോടെ ജീവിക്കാന്‍ ഭയമുള്ള ലോകമായി ഇവിടം മാറ്റുകയാണ്. പെരുമ്പാവൂരും വാളയാറും കേരളത്തിന്റെ നിര്‍ഭയയാണ്. കുറ്റം ചെയ്ത ഒരാള്‍ പോലും രക്ഷപെടരുത്. കുറ്റത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യം ഇല്ലാതെയാവണം. ഓരോ പെണ്‍മക്കളും അവരുടെ രക്ഷിതാക്കളും നിര്‍ഭയം ഇവിടെ ജീവിക്കണം. പ്രിയ മുഖ്യമന്ത്രി, വിശ്വാസമുണ്ട് അങ്ങയില്‍.

 

 

Read more topics: sreekumar menon, valayar case
English summary
sreekumar menon comment in valayar case
topbanner

More News from this section

Subscribe by Email