Thursday September 24th, 2020 - 1:55:am

മാസ്റ്ററുടെ അവിവേകം: മാസ്റ്റര്‍പീസ് റിവ്യൂ

NewsDeskSKR
മാസ്റ്ററുടെ അവിവേകം: മാസ്റ്റര്‍പീസ് റിവ്യൂ

 റേറ്റിങ്: 3/10

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാസ്റ്റര്‍പീസ് (Masterpiece) എന്ന വാക്കിന് കലയില്‍ വലിയ അര്‍ത്ഥമാണുള്ളത്. സിനിമയിലാകുമ്പോള്‍ ഒരു സംവിധായകന്റെ മാസ്റ്റര്‍പീസ് സിനിമ എന്നത് അയാളുടെ പ്രതിഭയുടെ കൊടുമുടിയുടെ അളവാണ്. പക്ഷേ ഈ അര്‍ത്ഥങ്ങളോടെല്ലാം പല്ലിളിച്ചു കാട്ടുന്ന വികല സൃഷ്ടിയാണ് ഉദയ്കൃഷ്ണ തിരക്കഥ രചിച്ച്, മമ്മൂട്ടിയെ നായകനാക്കി, അജയ് വാസുദേവ് സംവിധാനം ചെയ്ത 'മാസ്റ്റര്‍പീസ്' എന്ന സിനിമ. നേരത്തെ 'രാജാധിരാജ' എന്ന പേരില്‍ ഇതേ ടീം ഒരു ബോംബ് സിനിമ ഒരുക്കിയിരുന്നു.

എന്നിരിക്കിലും ആ സിനിമയില്‍ എവിടെയെല്ലാമോ സംവിധാന മികവിന്റെ മിന്നലാട്ടം അജയ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഇത്തവണ എല്ലാം മറന്ന്, മമ്മൂട്ടിയോടുള്ള ആരാധനയും, ഉദയ്കൃഷ്ണയോടുള്ള അമിതവിശ്വാസവും മാത്രം കൈമുതലാക്കിയാണ് അജയ് സിനിമ പിടിക്കാനിറങ്ങിയത്. ഫലം മാസ്റ്റര്‍പീസ് എന്ന അസഹനീയ സൃഷ്ടി. മമ്മൂട്ടി എന്ന മാസ്റ്ററുടെ കടുത്ത അവിവേകം കൂടിയാണ് ഈ ചിത്രം.

ക്രിസ്മസ് എന്ന ഉത്സവകാലം, മമ്മൂട്ടി എന്ന താരം, ഉദയ്കൃഷ്ണ എന്ന സൂപ്പര്‍ഹിറ്റുകളുടെ രചയിതാവ് എന്നീ ചേരുവകള്‍ മാത്രമാണ് അജയ് മുന്നില്‍ക്കണ്ടതെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകും. ആരാധകര്‍ക്കു വേണ്ടി എന്ന മുന്‍കൂര്‍ ജാമ്യം എടുത്താല്‍പ്പോലും നിരാശയാണ് ചിത്രം പകരുന്നത്. വെളിപാടിന്റെ പുസ്തകം അടക്കം ഈയടുത്തും, അകലെയുമായി മലയാളത്തിന്റെ തിരശ്ശീലകള്‍ കണ്ട കഥയുടെ തെലുങ്ക് സ്റ്റൈല്‍ (തമിഴന്മാരൊക്കെ എപ്പോഴേ നന്നായി) അവതരണമാണ് 'മാസ്റ്റര്‍പീസ്.' ഒപ്പം മമ്മൂട്ടിയുടെ ദൗര്‍ബല്യങ്ങളായ കൂളിങ് ഗ്ലാസ്, കാര്‍, ഡ്രൈവിങ്, ഗ്ലാമര്‍ എന്നിവയുടെയെല്ലാം അതിപ്രസരവും. ഇതെല്ലാം കണ്ട് കണ്ണുതള്ളുന്ന യഥാര്‍ത്ഥ മമ്മൂട്ടി ഫാന്‍സ് ഇപ്പോഴും കേരളത്തിലുണ്ടോ എന്ന് സംശയമാണ്.

ഒരു കോളജില്‍ നടക്കുന്ന ഒരു കൊലപാതകത്തിലാണ് സിനിമയുടെ തുടക്കം. ഇതിന്റെ പേരില്‍ സംശയിക്കപ്പെടുന്നത് കോളജിലെ ബദ്ധവൈരികളായ റോയല്‍ വാരിയേഴ്‌സ്, റിയല്‍ ഫൈറ്റേഴ്‌സ് എന്നീ ഗ്യാങ്ങുകളെയാണ്. പോലീസും, ഗ്യാങ്ങുകളും തമ്മില്‍ അടിപിടി നടക്കുന്ന കോളജ് ഗ്രൗണ്ടിലേയ്ക്ക് പൊടിപറത്തിക്കൊണ്ട്, ലിമിറ്റഡ് എഡിഷന്‍ കാറില്‍ വന്നിറങ്ങുകയാണ് നായകന്‍ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന പ്രൊഫസര്‍ (മമ്മൂട്ടി).

കോളജില്‍ പുതുതായി ഇംഗ്ലിഷ് പ്രൊഫസറായി ചാര്‍ജ്ജെടുക്കാന്‍ വന്ന ഈ എഡ്ഡി പിന്നീട് ശത്രുക്കളായ വിദ്യാര്‍ത്ഥികളെ ഒന്നിപ്പിക്കുകയും, യഥാര്‍ത്ഥ കൊലയാളിയെ പിടികൂടുകയും ചെയ്യുന്നതാണ് ശേഷം കഥ. ഇതിനിടെ ഉപദേശഡയലോഗ്, മാസ് ഡയലോഗ്, പീസ് ഡയലോഗ് എന്നിവയും, പത്ത് പന്ത്രണ്ട് ഫൈറ്റ്, അഞ്ചാറ് പേടിപ്പിക്കലുകള്‍, തറവളിപ്പ് കോമഡികള്‍ എന്നിവ വേറെ. തരക്കേടില്ലാത്ത ഒരു കഥയെ എത്തരത്തില്‍ മോശമായ തിരക്കഥയാക്കാമെന്നും, അതെങ്ങനെ അതിലും മോശമായി സംവിധാനം ചെയ്യാമെന്നും അണിയറക്കാര്‍ കാണിച്ചുതന്നു.

നല്ലത് എന്ന പറയാനായി ഈ സിനിമയില്‍ ഉള്ളത് മമ്മൂട്ടിയുടെ സൗന്ദര്യമാണ്. വരിക, ഡയലോഗ് പറയുക, പോകുക, ഇടിച്ച് പറത്തുക എന്നിവ മാത്രമാണ് അദ്ദേഹത്തിന് ചെയ്യാനുള്ളത്. അവസാന സീനിലെ ആക്ഷന്‍ വിഎഫ്എക്‌സ് രംഗങ്ങളിലെ അഭിനയമാകട്ടെ വളരെ മോശവും. ഇത്തരം തിരക്കഥകള്‍ ഇത്രയും അനുഭവസമ്പത്തുള്ള അദ്ദേഹം തെരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. വിജയ്, അജിത് മാതൃകകള്‍ മലയാളത്തില്‍ താരരൂപം പൂണ്ട് വിജയിക്കാനുള്ള സാധ്യത കുറവാണെന്നിരിക്കെ, ഇത് തുടരുകയാണെങ്കില്‍ ഉള്ള ആരാധകര്‍ കൂടി പോയിക്കിട്ടാനാണ് സാധ്യത.

നേരത്തെ പറഞ്ഞതുപോലെ ചിത്രത്തിന്റെ തരക്കേടില്ലാത്ത കഥയെ മോശമാക്കിയത് തിരക്കഥയും സംവിധാനവുമാണ്. അലസമാണ് ചിത്രത്തിന്റെ തിരക്കഥ. കഥ ആവശ്യപ്പെടുന്നതൊന്നും തിരക്കഥയിലില്ല. പകരം സൂപ്പര്‍സ്റ്റാര്‍ ഗിമ്മിക്കുകള്‍ക്കും, പ്രേക്ഷകരുടെ കണ്ണില്‍പ്പൊടിയിടുന്ന തന്ത്രങ്ങള്‍ക്കുമാണ് ഉദയ്കൃഷ്ണ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 'പുലിമുരുകന്‍' സൂപ്പര്‍ഹിറ്റായതോടുകൂടി സൂപ്പര്‍ തിരക്കഥാകൃത്ത് എന്ന നിലയിലേയ്ക്ക് സ്വയം ഉയര്‍ത്തപ്പെട്ട നിലയിലാണ് അദ്ദേഹത്തിന്റെ ഈയിടെയായുള്ള ചെയ്തികള്‍. മാസ്റ്റര്‍പീസിലെ ഒരു സീനില്‍ സ്‌ക്രീനില്‍ നേരിട്ടെത്തി അടുത്ത ചിത്രം 'രാജ 2' ആണെന്ന് അനൗണ്‍സ് ചെയ്യുന്നതു വരെയെത്തിയിട്ടുണ്ട് കാര്യങ്ങള്‍. അനാവശ്യമായ ഈ സീനുകളെല്ലാം കുത്തിക്കയറ്റാന്‍ സംവിധായകന്‍ ഒട്ടും മടികാണിച്ചില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.

ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. പക്ഷേ ത്രില്ലടിപ്പിക്കാത്ത ആക്ഷനാണ് കൂടുതലും. റിയലിസ്റ്റിക് സിനിമകള്‍ മാത്രമേ പാടുള്ളൂ എന്നും, അവയാണ് നല്ല സിനിമകള്‍ എന്നും മുന്‍വിധിയില്ല. പക്ഷേ അവിശ്വസനീയമായ പലതും കാണിച്ച് വെള്ളം തൊടാതെ വിഴുങ്ങണം എന്ന് ചിന്തിക്കുന്ന സിനിമാക്കാര്‍ ഇപ്പോഴുമുണ്ട് എന്ന കാര്യം കഷ്ടം തന്നെ. തുടക്കം തൊട്ടുള്ള ലോജിക് മിസ്‌റ്റേക്കുകകളും, ബോറടിയും കണ്ട് സഹികെട്ട പ്രേക്ഷകര്‍ക്ക് കൂവാനായി ഒരുക്കിയ ട്വിസ്റ്റും കൂടി കണ്ടപ്പോള്‍ സത്യത്തില്‍ നിസ്സംഗതയാണ് അനുഭവപ്പെട്ടത്. ഒട്ടും ചിന്തിക്കാതെ നടത്തിയ കാസ്റ്റിങ്ങും, ഒന്നും ചെയ്യാനില്ലാതെ നില്‍ക്കുന്ന പ്രധാനനടന്മാരെയും കാണുമ്പോള്‍ തന്നെ യഥാര്‍ത്ഥ വില്ലനെ സാമാന്യം സിനിമ കാണുന്നവര്‍ക്ക് പിടികിട്ടും.

സീനുകളില്‍ ഇടയ്ക്കിടെ 'I do respect women' എന്ന് പറയുന്നുണ്ട് മമ്മൂട്ടി കഥാപാത്രം. ഇത്രയും കാലം താന്‍ ചെയ്ത പല കഥാപാത്രങ്ങളുെ പറഞ്ഞ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കുള്ള പരിഹാരകര്‍മ്മാണോ ഇതെന്ന് സംശയം തോന്നി. എന്നാല്‍ ഈ പറയുന്ന റെസ്പക്ട് പറച്ചിലില്‍ മാത്രമേ ഉള്ളൂ. ചെയ്തികളിലും, സിനിമയിലെ സീനുകളിലുമെല്ലാം നായകനോട് പരാജയപ്പെടുന്ന സ്ത്രീകളെയും, നായകന്റെ മാഹാത്മ്യം വിളമ്പുന്ന സ്ത്രീകളെയുമാണ് ദര്‍ശിക്കാന്‍ സാധിച്ചത്. സുന്ദരനായകനായി കല്യാണം കഴിക്കാതെ കോളജില്‍ കാത്തു നില്‍ക്കുന്ന 30 കഴിഞ്ഞ അദ്ധ്യാപികയായ നായികയെയും കണ്ടു. സ്ത്രീകളോട് അസാമാന്യ ബഹുമാനമുള്ള എഡ്ഡി ഒരു സീനില്‍ പോലീസുകാരനോട് പറയുന്ന ഡയലോഗ് 'രാജ' എന്ന പേര് ആണുങ്ങള്‍ക്കേ ചേരൂ എന്നാണ്. എന്ത് ബഹുമാനമാണ് ഈ ഡയലോഗ് കൊണ്ട് ഉദ്ദേശിച്ചതെന്ന് തിരക്കഥാകൃത്തിനോടും സംവിധായകനോടും തന്നെ ചോദിക്കേണ്ടി വരും.

സാങ്കേതികമായി എടുത്തുപറയത്തക്ക മികവില്ല എന്നു മാത്രമല്ല, എടുത്തു പറയത്തക്ക പിഴവുകള്‍ ഉണ്ടുതാനും. അതില്‍ പ്രധാനം അവസാന സീനിലെ വിഎഫ്എക്‌സ് ആക്ഷന്‍ രംഗമാണ്. കോളജ് ടെറസ് എന്ന രീതിയില്‍ ചെയ്തിരിക്കുന്ന വിഎഫ്എക്‌സ് പാശ്ചാത്തലം കാര്‍ട്ടൂണ്‍ സിനിമകളെ അനുസ്മരിപ്പിക്കുന്നതാണ്. ആക്ഷന്‍ പെര്‍ഫെക്ഷന് വേണ്ടി ചെയ്ത ഈ രംഗം തീര്‍ത്തും അമച്വറാണ്.

വളരെ ശ്രദ്ധയോടെ ചിത്രീകരിക്കേണ്ടിയിരുന്ന പ്രധാനരംഗമായ ഇതില്‍ സംവിധായകന്‍ സ്വയം മറന്നപോലെയാണ് അനുഭവപ്പെടുന്നത്. ശ്രവണസുഖം ഒട്ടുമേയില്ല ഗാനങ്ങള്‍ക്ക്. പശ്ചാത്തലസംഗീതവും മെച്ചമൊന്നുമില്ല. ലോജിക്കിന് യാതൊരു പ്രാധാന്യവുമില്ലാതെ സ്റ്റൈലിസ്റ്റിക്കായാണ് ചിത്രത്തില്‍ ലൈറ്റ് ഉപയോഗിച്ചിരിക്കുന്നത്. തരക്കേടില്ല എന്ന് പറയാവുന്നത് എഡിറ്റങ് മാത്രം. കഥാപാത്രങ്ങളുടെ പ്രകടനവും എടുത്തുപറത്തക്കതായി ഒന്നുമില്ല. മഖ്ബൂല്‍ സല്‍മാന്‍ മുന്‍ചിത്രങ്ങളില്‍ നിന്നും പക്വത കൈവരിച്ചിട്ടുണ്ടെന്നു മാത്രം.

ചുരുക്കിപ്പറഞ്ഞാല്‍ ഈയടുത്ത കാലത്ത് തിയറ്ററില്‍ നിന്നും കണ്ട ഏറ്റവും മോശം സിനിമയാണ് 'മാസ്റ്റര്‍പീസ്.'

English summary
Masterpiece Malayalam review.
topbanner

More News from this section

Subscribe by Email