Thursday September 24th, 2020 - 1:35:am

സാമ്പത്തിക തട്ടിപ്പ് വീരൻ ജോബി ജോർജിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് മലയാള സിനിമ

Anusha unnikrishnan
സാമ്പത്തിക തട്ടിപ്പ് വീരൻ ജോബി ജോർജിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് മലയാള സിനിമ

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പുവീരനും നിർമ്മാതാവുമായ ജോബി ജോർജിനോട് തുടർന്ന് സഹകരിക്കേണ്ടെന്ന് അനൗദ്യോഗിക തീരുമാനം. വെയിൽ എന്ന സിനിമ നിർമ്മിക്കുന്ന ജോബി ഖുർബാനി എന്ന ചിത്രത്തിന്റെ നിർമ്മാതാവായ മഹാസുബൈറിനെയും യുവ നടൻ ഷെയ്ൻ നിഗമിനെയും ചീത്ത വിളിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരുവരുടെയും അമ്മമാരെക്കുറിച്ച് മോശം പരാമർശം നടത്തിയതോടെ ഷെയ്ൻ നിഗം പരാതിയുമായെത്തി. പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും വർഷങ്ങളായി മലയാള സിനിമാലോകത്ത് പ്രവർത്തിക്കുന്ന മഹാ സുബൈറിനെ ചീത്ത വിളിച്ചതും ഖുർബാനിയുടെ ചിത്രീകരണം മുടക്കാൻ ശ്രമിച്ചതും സിനിമ വൃത്തങ്ങളിൽ അസ്വസ്ഥത ജനിപ്പിച്ചിരുന്നു.കൂടാതെ മറ്റു ചിത്രങ്ങൾക്കും പാര പണി തുടർന്നതോടെ നിർമ്മാതാക്കളെല്ലാവരും ഒറ്റക്കെട്ടായി മറ്റു സംഘടനാ നേതാക്കളോടും ചർച്ച ചെയ്തു.

ഇതോടെ ജോബി ജോർജ് പ്രതിസന്ധിയിലായിരിക്കുകയാണ്. ജോബിയുടെ ഉടമസ്ഥതയിലുള്ള ഗുഡ്ഗിൽ എന്റർടെയ്ൻമെന്റുമായി യാതൊരു തരത്തിലും സഹകരിക്കേണ്ടെന്നും മറ്റു ചിത്രങ്ങൾക്ക് ഡേറ്റ് കൊടുക്കേണ്ടെന്നും സംഘടനകൾ തീരുമാനമെടുത്തിട്ടുണ്ട്. ജോബി നിർമ്മിച്ച് മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക്കിന്റെ റിലീസ് ഡേറ്റ് വരെ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ആദ്യം ഡിസംബറിൽ തീരുമാനിച്ചെങ്കിലും തിയറ്ററുകൾ കിട്ടാതായതോടെ ജനുവരി 23 ന് തീരുമാനിച്ചതായിരുന്നു. പക്ഷേ വീണ്ടും ചിത്രം മാറ്റി വെക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ പ്രശ്നത്തിൽ പക്ഷേ മമ്മൂട്ടി നിശബ്ദനായിരിക്കുകയാണ്. 

ജോബി ജോർജിന്റെ തട്ടിപ്പുകൾ കൂടി പുറത്തു വന്നതോടെ ഇത്തരമൊരാൾക്കു വേണ്ടി ഇടപെടാൻ താൽപര്യമില്ലെന്ന് മമ്മൂട്ടിയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ജോബിക്കെതിരെ നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ബ്രിട്ടണിലെ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.ബി.എസ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ച് ഇയാള്‍ മുപ്പതോളം പേരില്‍ നിന്നായി 11.5 കോടി രൂപ തട്ടിയെടുത്തുവെന്ന് 2012ല്‍ പുറത്തുവന്നിരുന്നു. ജോബിയുടെ തട്ടിപ്പിനിരയായവരില്‍ ഒരാളായ മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജ് നല്‍കിയ കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പൂര്‍ത്തിയായി വൈകാതെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മകന് എം.ബി.ബി.എസ് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു 2.47 കോടി രൂപ തട്ടിയെടുത്തതായി കാണിച്ച് 2012ലാണ് ഇദ്ദേഹം പരാതി നല്‍കിയത്.

ബാബു ജോര്‍ജിന്റെ കാര്‍ കടത്തിക്കൊണ്ടുപോയ കേസിലും പ്രതിയാണ് ജോബി. ഒരു യാത്രയ്ക്കായി ബാബുവില്‍ നിന്നും വാങ്ങിക്കൊണ്ടുപോയ കാര്‍ ജോബി കടത്തിക്കൊണ്ടുപോകുകയായിരുന്നു. കാര്‍ തിരിച്ചുകിട്ടാതെ വന്നതോടെ ബാബു പരാതി കൊടുക്കുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു.2013 സെപ്തംബറില്‍ കോട്ടയം കല്ലറ പഞ്ചായത്തിലെ ഒരംഗത്തെ പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറിയുടെ മുറിയില്‍ കയറി മര്‍ദ്ദിച്ച കേസില്‍ ജോബിയും പിതാവും പ്രതികളായിരുന്നു. ഈ കേസില്‍ കടുത്തുരുത്തി പോലീസ് ജോബിക്കെതിരെ ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കിയിരുന്നു.

യു.കെയിലെ നഴ്‌സിംഗ് ഹോമുകളില്‍ ജോലി വാഗ്ദാനം ചെയ്തും നിരവധി പേരില്‍ നിന്ന് അന്ന് പണം തട്ടിയെടുത്തതായി പരാതികള്‍ ഉയര്‍ന്നിരുന്നു. തട്ടിയെടുക്കുന്ന പണം ഇന്ത്യയിലുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ശേഷം വിദേശത്തുനിന്ന് പിന്‍വലിക്കുകയായിരുന്നു രീതി. ഇപ്രകാരം പണം കടത്തിയതില്‍ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം നടത്തിയതിലും കേസ് വന്നിരുന്നു.കേസില്‍ അന്വേഷണം ഊര്‍ജിതമായതോടെ ലണ്ടനില്‍ ആയിരുന്ന ജോബിയും ഭാര്യ സുനിമോള്‍ ജോബിയും നാട്ടിലേക്ക് വരാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഫെമ നിയമപ്രകാരം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ 2012 ഡിസംബറില്‍ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. മൂവാറ്റുപുഴ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചത്. 2010 ഓഗസ്റ്റ് മുതല്‍ 2012 ജൂണ്‍ വരെ വിവിധ അക്കൗണ്ടുകള്‍ വഴി 13.5 കോടി രൂപ വിദേശത്തേക്ക് കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ജോബി ജോര്‍ജിന്റെയും ഭാര്യയുടെയും പേരിലുള്ള ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് അന്ന് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു. കൂടാതെ പിതാവിനേയം മാതാവിനേയും പ്രതികളാക്കുകയും ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ജോബി ജോര്‍ജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ആസ്തി 2013 ഒക്‌ടോബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. വൈറ്റിലയില്‍ ജോബിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 80 ലക്ഷം രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ്, കോട്ടയം കല്ലറയില്‍ ജോബിയുടെ മാതാവിന്റെ പേരിലുള്ള ഒരേക്കര്‍ നാല് സെന്റ് സ്ഥലം, ജോബിയുടെ പിതാവിന്റെ പേരില്‍ കല്ലറയിലുണ്ടായിരുന്ന 80 സെന്റ് ഭൂമി എന്നിവയാണ് പിടിച്ചെടുത്തിരുന്നത്. അമ്മയുടെ പേരിലുണ്ടായിരുന്ന ഭൂമിയില്‍ ആറായിരം ചതുരശ്രയടി വിസ്താരമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും അന്ന് നടക്കുന്നുണ്ടായിരുന്നു. പിടിച്ചെടുത്ത ആസ്തികള്‍ക്ക് രണ്ടര കോടി രൂപയോളം മതിപ്പുവരുമെന്ന് അന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

യു.കെയില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തും നിരവധി പേരില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്തായും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് വഴിയും തട്ടിപ്പ് നടത്തിയെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വ്യാജ ഇമെയില്‍ സൃഷ്ടിച്ച് ആള്‍മാറാട്ടം നടത്തിയതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഇന്റപോളിന്റെ സഹായം തേടിയിരുന്നു. വിദേശ യൂണിവേഴ്‌സിറ്റിയില്‍ ടോം ജോര്‍ജ് എന്നയാള്‍ മുഖേന അഡ്മിഷന്‍ തരപ്പെടുത്തി നല്‍കുമെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. പണം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ശരിയായതായി ടോം ജോര്‍ജിന്റെ പേരിലുള്ള ഇമെയിലില്‍ നിന്നും സന്ദേശവും ജോബി ജോര്‍ജ് ഫോര്‍വേര്‍ഡ് ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ടോം ജോര്‍ജും ജോബി ജോര്‍ജും ഒരാള്‍ തന്നെയായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം.

ബാബു ജോര്‍ജിന് പുറമേ ഭാര്യാസഹോദരന്‍ രാജേഷ് മാത്യുവും തന്നില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും കാണിച്ചും ജോബി ജോര്‍ജിനെതിരെ പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തൂറ സ്വദേശി സുരേഷ്, കോട്ടയം വില്ലൂന്നി സ്വദേശി വിഷ്ണു, കോതമംഗലത്തെ സിമന്റ് വ്യാപാരി ബോബി എന്നിവരും തട്ടിപ്പിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നു. വിഷ്ണുവില്‍ നിന്ന് രണ്ടര ലക്ഷവും സുരേഷില്‍ നിന്നും ബോബിയില്‍ നിന്നും എട്ടു ലക്ഷം വീതവും തട്ടിയെടുത്തുവെന്നാണ് കേസ്. സുരേഷിന്റെ ഇന്നോവ കാറും തട്ടിയെടുത്തതായി പരാതിയില്‍ പറഞ്ഞിരുന്നു.

യു.കെയില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഗുരുവായൂര്‍ സ്വദേശിയില്‍ നിന്ന് 85 ലക്ഷം തട്ടിയെടുത്തതും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പേപ്പതി സ്വദേശികളായ ദമ്പതികളില്‍ നിന്നും 88 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും തട്ടിയെടുത്തുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. യു.കെയിലെ ഷോപ്പുകളില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.യു.കെയില്‍ അമ്പതോളം സ്ഥാപനങ്ങള്‍ തന്റെ ഉടമസ്ഥതയിലുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ജോബി നിരവധി പേരെ ലക്ഷങ്ങള്‍ വാങ്ങി ഈ സ്ഥാപനങ്ങളിലേക്ക് ജോലിക്കെന്ന പേരില്‍ കൊണ്ടുപോയിരുന്നു. പണം നല്‍കിയിട്ടും ലണ്ടനില്‍ പോകാന്‍ കഴിയാത്തവരുമുണ്ടായിരുന്നു. സ്റ്റുഡന്റ് വിസയില്‍ ലണ്ടനില്‍ എത്തുന്നവര്‍ക്ക് തന്റെ കടകളില്‍ ജോലി നല്‍കാറുണ്ടെങ്കിലും പലപ്പോഴും ശമ്പളം കൃത്യമായി നല്‍കാറില്ലായിരുന്നു. ശമ്പളം ചോദിക്കുന്നവരെ ശകാരിക്കുകയും പാസ്‌പോര്‍ട്ടും മറ്റ് രേഖകളം പിടിച്ചുവച്ചശേഷം ഇറക്കിവിടുകയുമായിരുന്നു പതിവെന്നും പരാതി വന്നിരുന്നു. കോട്ടയം സ്വദേശിയായ അരുണ്‍ കുമാരന്‍ എന്നയാളാണ് അന്നത്തെ അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നത്. ജോബിയുടെ അയല്‍വാസികൂടിയായിരുന്നു ഇയാള്‍.

പരാതികള്‍ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും ഒതുക്കുകയാണ് പതിവെന്നും തന്റെ കേസ് മാത്രമാണ് ഒതുക്കാന്‍ കഴിയാതെ പോയതെന്നും ബാബു ജോര്‍ജ് പ്രതികരിച്ചു. അടുത്തകാലത്ത് മൂന്നാറില്‍ എസ്‌റ്റേറ്റ് വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശിയില്‍ നിന്നും അഞ്ചര കോടി രൂപയോളം തട്ടിയെടുത്തുവെന്നും തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടതോടെ പണം നല്‍കിയയാള്‍ ജോബിയെ പിടിച്ചുവയ്ക്കുകയും സിനിമ മേഖലയിലെ ചില ഇടനിലക്കാര്‍ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നുവെന്നും വിവരമുണ്ട്. മാസം 10 ലക്ഷം രൂപ വീതം കൊടുത്തുതീര്‍ക്കാമെന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥയെന്ന് അറിയുന്നു. നാട്ടില്‍ കാര്യമായി ആസ്തിയില്ലാതിരുന്ന ജോബിയ്ക്ക് പെട്ടെന്നുണ്ടായ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നില്‍ സിനിമാ മേഖലയിലെ ബിനാമി ഇടപാടുകളും തട്ടിപ്പുകളുമാണെന്ന ആരോപണം ശക്തമാണ്.

English summary
malayalam film industry against joby george
topbanner

More News from this section

Subscribe by Email