Friday October 22nd, 2021 - 9:51:am

'ഗായകനിൽ നിന്ന് നായകനിലേക്ക്' : സമദ് സുലൈമാന്റെ 'വർക്കി' ആറിന് തീയറ്ററുകളിൽ

princy
'ഗായകനിൽ നിന്ന് നായകനിലേക്ക്'  :  സമദ് സുലൈമാന്റെ 'വർക്കി' ആറിന് തീയറ്ററുകളിൽ

റിയാസ് കെ എം ആർ 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും സുപരിചിതനാണ് സമദ് സുലൈമാൻ. ഓരോ മലയാളിക്കും ഏറെ പ്രിയപ്പെട്ട സംവിധായകൻ നാദിർഷയുടെ ഇളയ സഹോദരൻ. നിരവധി സിനിമകളിൽ ചെറിയ കഥാപാത്രങ്ങളിൽ തിളങ്ങിയ താരം. ആ സമദ് സുലൈമാൻ ഇപ്പോൾ വർക്കിയിലൂടെ നായകനായി എത്തുകയാണ്. വർക്കി മാർച്ച് ആറിന് തീയറ്ററുകളിൽ എത്തുകയാണ്. ഈ സാഹചര്യത്തിൽ സമദ് സുലൈമാൻ തന്റെ ജീവിതവും വിശേഷങ്ങളും 'കേരളാ ഓൺലൈൻ ന്യൂസ്' മായി പങ്കുവെക്കുന്നു. സിനിമാ നടനും മാധ്യമപ്രവർത്തനുമായ റിയാസ് കെ എം ആർ തയ്യാറാക്കിയ അഭിമുഖം.

ആരാണ് വർക്കി, എന്താണ് വർക്കി?
സമദ്: വർക്കി ഒരു സാധാരണക്കാരനാണ്. സമൂഹത്തിൽ എവിടെയും നമുക്ക് അയാളെ കാണാൻ കഴിയും. കേരളത്തിൽ ഒട്ടുമിക്ക സ്ഥലത്തും വർക്കിമാരുണ്ട്. ജീവിക്കാനായി ചെറിയ ക്വട്ടേഷനുകൾ എടുത്ത് ചെയ്യുന്ന ആളാണ് വർക്കി. വയസായ ഒരമ്മൂമ്മ അല്ലാതെ മറ്റ് ഫാമിലി ആരുമില്ല. ഒരു പ്രേമം ഉണ്ടായിരുന്നു. അത് ട്രാജഡി ആയതോടെ ഇയാൾ പിന്നെ വിവാഹം കഴിക്കാനൊന്നും പോയില്ല. അതിനിടെ വർക്കി ജയിലിലാകുന്നു.

പിന്നീട് അവിടെയുണ്ടാകുന്ന ഒരു സംഭവത്തെ തുടർന്നുള്ള കഥയാണ് സിനിമയുടെ ഹൈലൈറ്റ്. വളരെ രസകരമായ കഥയാണ്. ഇതിൽ ആശാനായി അഭിനയിക്കുന്നത് സലിം കുമാർ ചേട്ടനാണ്. പുള്ളിയാണ് വർക്കിയെ ക്വട്ടേഷൻ ഏൽപ്പിക്കുന്നതും മറ്റും. വർക്കി പെടുന്നതാണ് സിനിമ. ഹ്യൂമറും ത്രില്ലറുമാണ് സിനിമ. ഫാമിലിക്ക് ഇഷ്ടപ്പെടുന്ന ജോണറിലാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി, മിഥുൻ രമേശ് അങ്ങനെ വലിയൊരു താരനിരയുണ്ട്.

varkey

സമദ് എന്ന ഗായകനിൽ നിന്ന് നായകനിലേക്കുള്ള ദൂരം.

സമദ്: പ്രോഗ്രാമുകൾ കുറെ ചെയ്തിട്ടുണ്ട്. സിനിമകളിൽ ചെറിയ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ആദ്യ പടം മീനത്തിൽ താലികെട്ട് ആയിരുന്നു. ദിലീപേട്ടന്റെ കൂടെ. അവിടുന്നിങ്ങോട്ട് കുറെ സിനിമകൾ ചെയ്യാൻ പറ്റി. അതിന് മുമ്പേ കുറേ സ്റ്റേജ് ഷോകളും പാട്ടും പരിപാടിയും ഒക്കെയായി കുറെ രാജ്യങ്ങളിൽ ചെന്നു കലാഭവനിലൂടെ.

മീനത്തിൽ താലികെട്ട് സിനിമയിലേക്ക് ലാൽജോസ് സാർ ആയിരുന്നു വിളിപ്പിച്ചത്. ദിലീപേട്ടനോട് ആദ്യരാത്രിയും ഒക്കെ ചോദിക്കുന്ന കഥാപാത്രമായിരുന്നു അത്. ആ ചെറുപ്രായം മുതൽ കുറെ സിനിമകളിൽ ചെറിയ വേഷം ചെയ്തു.പിന്നെ ബൈ ദ പീപ്പിൾ എന്ന സിനിമയിൽ നാല് പ്രധാന കഥാപാത്രങ്ങളിൽ ഒരാളായിട്ട് അഭിനയിച്ചു. പിന്നെ ഇക്കാടെ (നാദിർഷ) സിനിമകളിൽ അഭിനയിച്ചു. കുഞ്ഞിക്കൂനൻ സിനിമയിൽ കുറച്ച് സീനുകൾ ഡ്യൂപ്പായിട്ട് ചെയ്തു. പിന്നെ ഇപ്പോ നായകനായിട്ട് ഒരു അവസരം കിട്ടി. അതാണ് വർക്കി.

വർക്കിയുടെ ക്രൂ, ഒരു മുൻപരിചയവുമില്ലാത്തവർ.

സമദ്: ഞാനുമായിട്ട് ഒരു പരിചയവുമില്ലാത്തവരായിരുന്നു വർക്കിയുടെ ക്രൂ. തൃശൂരാണ് സംവിധായകൻ ആദർശ് വേണുഗോപാൽ അടക്കമുള്ളവർ. പ്രൊഡ്യൂസർ ബിജുവേട്ടനും. അവർ ഇവിടെ വന്ന് സബ്ജക്ട് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടായി. എന്നോട് പലരും പല കഥകളും പറയാറുണ്ട്. ഇക്കാനോട് പറയാൻ വേണ്ടിയും. എനിക്ക് അഭിനയിക്കാൻ ആയിട്ടുമൊക്കെ.

പക്ഷേ, അവരൊക്കെ കഥ പറഞ്ഞ് കഴിയുമ്പോഴാകും പറയുക 'ഇക്കാ പ്രൊഡ്യൂസറൊന്നും ആയിട്ടില്ല' - എന്ന്. അപ്പോൾ ഇവർ വന്ന് കഥ പറയും മുമ്പ് തന്നെ ഞാനാദ്യം ചോദിച്ചത് പ്രൊഡ്യൂസർ ഉണ്ടോ എന്നാണ്. അപ്പോ അവരെന്നോട് പറഞ്ഞു. പ്രൊഡ്യൂസർ ഓക്കേയാണ്. ഇക്കാ കഥ കേട്ട് ഇഷ്ടമായാൽ ഇക്കയുടെ സമ്മതം മാത്രം മതി എന്ന്.ഇക്കാനോട്(നാദിർഷ) പറയാൻ കുറേ പിള്ളേര് വന്ന് കഥ പറയാറുള്ളതിന്റെ എക്സ്പീരിയൻസ് വെച്ചാണ് ഞാൻ വർക്കിയുടെ കഥയും കേട്ടത്. അത് കേട്ടപ്പോ ഭയങ്കര ഇന്ററസ്റ്റിംഗ് ആയി തോന്നി. അങ്ങനെയാണ് വർക്കിക്ക് ഓക്കെ പറയുന്നത്. പിന്നെ പെട്ടെന്ന് തന്നെ ഷൂട്ടിംഗ് തുടങ്ങുകയും കഴിയുകയും ചെയ്തു. പടച്ചവന്റെ അനുഗ്രഹം കൊണ്ട് സംഭവിച്ചതാണ് എല്ലാം.

varkey

ഇക്ക സംവിധായകൻ, അനിയൻ നായകൻ.

ഇക്കയുടെ എല്ലാ സിനിമകളിലും ഞാനുണ്ടായിരുന്നു. കേശു ഈ വീടിന്റെ നാഥനിൽ മാത്രമാണ് ഞാൻ ഇല്ലാത്തത്. വർക്കിയുടെ കഥ വന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഇക്കാക്കായെ(നാദിർഷ) വിളിച്ചു പറഞ്ഞു. ഇക്ക ചോദിച്ചു 'കഥ കേട്ടോ' എന്ന്. ഞാൻ പറഞ്ഞു 'കഥ കേട്ടു, കൊള്ളാം നല്ല സംഭവം'എന്ന്. എങ്കിൽ നീ ധൈര്യത്തിൽ ചെയ്തോ. ഞാൻ കഥ കേൾക്കണ്ടതില്ല എന്ന് ഇക്കാക്ക പറഞ്ഞു.

പിന്നെ ഷൂട്ട് തുടങ്ങിയപ്പോൾ ലൊക്കേഷനിലൊക്കെ വന്നു, നല്ല പിന്തുണ തന്നു. വർക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടെ ഇക്കാക്കാക്കും നല്ല ഇഷ്ടായി. പിന്നെ സോംഗ് കണ്ടു നല്ല അഭിപ്രായം പറഞ്ഞു. അന്ന് ലൊക്കേഷനിൽ വന്നപ്പോ കുറച്ച് സീനുകളൊക്കെ കണ്ടിരുന്നു. അത് കണ്ട ഇക്കാക്ക പറഞ്ഞു, വർക്കി ചെയ്യുന്നത് സീരിയസായിട്ട് തന്നെ സിനിമയെ സമീപിക്കുന്നവരാണെന്ന്. നമ്മൾ സ്വതന്ത്രമായി ഉയർന്ന് വരണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഇക്കാക്ക. എന്തെങ്കിലും ഒരു നെഗറ്റീവ് വരരുത് എന്ന് അതിയായി ആഗ്രഹിക്കുന്ന ആളാണ് ഇക്കാക്ക. നിന്റെ സമയമാകുമ്പോ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ഇക്കാക്ക സപ്പോർട്ട് തന്നിട്ടുണ്ട്. അത് വലിയ പ്രചോദനമാണ്.

varkey

പുതിയ പ്രൊജക്ടുകൾ.
ഉണ്ട്. കുറച്ച് നല്ല കഥകൾ പറഞ്ഞു വെച്ചിട്ടുണ്ട്. അത് ഇപ്പോ പുറത്തു വിടുന്നത് ശരിയല്ലല്ലോ. അത് സംഭവിക്കുമ്പോൾ ആ സമയത്ത് പറയാം.

പാട്ടിലേക്ക് വന്ന വഴി
ഞാൻ പാടും. പഠിക്കാൻ മിടുക്കനായിരുന്നില്ല. അതോർത്ത് ഉമ്മച്ചിക്ക് നല്ല ടെൻഷനായിരുന്നു. പഠിത്തത്തിനിടയിൽ ഒരു ദിവസം ഞാൻ പാട്ടു പാടി. ഇക്കാ അന്ന് അപ്പുറത്തെ മുറിയിൽ ഉണ്ടായിരുന്നു. അത് കേട്ട് ഇക്ക പറഞ്ഞു. നീ നന്നായി പാടി. പാട്ട് പ്രാക്ടീസ് ചെയ്യൂവെന്ന്.

ഇക്ക അന്ന് സ്റ്റേജ് ഷോകൾ ചെയ്യുമായിരുന്നു. അങ്ങനെ ആ പരിപാടികളിൽ ഓരോ പാട്ടായി പാടിത്തുടങ്ങി. ഇക്ക വന്ന വഴികളിൽ കൂടി തന്നെ ഓരോ ട്രൂപ്പിന്റെ കൂടെയായിരുന്നു വന്നത്. സാക്സിലെ രാജൻ ചേട്ടനെ വിളിച്ചു പറഞ്ഞ് ഹിന്ദി ഗായകനായി പാടാൻ അവസരം തന്നു. രമേശ് കുറുമശേരിയുടെ ട്രൂപ്പിൽ മിമിക്സ് ഗാനമേളക്ക് പാടാൻ പോയി. അങ്ങനെ കലാഭവനിൽ എത്തി. ആബേലച്ഛന്റെ ഇന്റർവ്യൂ കഴിഞ്ഞാണ് അവിടെ എത്തിയത്. കെ എസ് പ്രസാദേട്ടൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. ദേ മാവേലി കൊമ്പത്തിലൊക്കെ ഉണ്ടായിരുന്നു.

സംവിധാന രംഗത്തേക്ക് ഉണ്ടോ.
ഇല്ല, അറിയാൻ പാടില്ലാത്ത കാര്യം നമ്മൾ ചെയ്യണ്ടല്ലോ. പിന്നെ അഭിനയം എനിക്ക് ക്രേസാണ്. പാട്ടിലൂടെയാണ് നമ്മൾ ജീവിച്ചു പോകുന്നത്. എങ്കിലും അഭിനയമാണ് എനിക്കേറെയിഷ്ടം. നല്ല നല്ല സിനിമകൾ കാണുക ഹോബിയാണ്. പലയിടത്തും ചാൻസ് ചോദിച്ച് ഓഡിഷനുകളിൽ പോയിട്ടുണ്ട്. പിന്നെ ബന്ധങ്ങൾ കൂടുതൽ ഉള്ളത് കാരണം വ്യാപകമായി പോയിട്ടില്ല. നമ്മൾ അറിയുന്നവരോടൊക്കെ ചോദിക്കുമ്പോൾ നീ വർക്ക് തുടങ്ങുമ്പോ വിളിക്ക് എന്ന് പറയും. വിളിച്ചാൽ ചിലർ പറയും, ചെറിയ വേഷമാണ്.

നിനക്ക് അതൊക്കെ എങ്ങനെ തരുമെന്ന്. ഫലത്തിൽ വലുതും ഉണ്ടാകില്ല. ചെറുതും ഉണ്ടാകില്ല. പക്ഷേ, അവരെ പറഞ്ഞിട്ടും കാര്യമില്ല. അവര് പല ടെൻഷനിലും ഒക്കെയായിരിക്കും. പിന്നെ നമ്മൾ സ്വതന്ത്രമായി വേറൊരു വഴിയിലൂടെ ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ പിന്നീട് അവർക്ക് സിനിമകളിൽ ധൈര്യമായി നമ്മളെ കാസ്റ്റ് ചെയ്യാൻ പറ്റും. സമീർ താഹിർ, അൻവർ റഷീദ് ഒക്കെ നല്ല സുഹൃത്തുക്കളാണ്. മുമ്പ് സമീർ നല്ല ഒരു വേഷം തന്നപ്പോൾ ഞാൻ ദുബൈയിൽ പ്രോഗ്രാമിലായിരുന്നു. അങ്ങനെ നഷ്ടപ്പെട്ടു പോയ വർക്കുകളുണ്ട്. ഇനി എല്ലാം വർക്കി തരട്ടെ.

varkey

കുടുംബം

വാപ്പിച്ചി സുലൈമാൻ. വാപ്പിച്ചി മരിച്ചു പോയി. ചെറുപ്പത്തിൽ. ഞാൻ മൂന്നാം ക്ലാസിലൊക്കെ പഠിക്കുമ്പോഴായിരുന്നു അത്. പിന്നെ ഉമ്മ സുഹ്റ. മൂത്തയാളാണ് നാദിർഷിക്ക. പിന്നെ പെങ്ങള്. അത് കഴിഞ്ഞ് സാലി, ഷൗക്കത്ത്. ഞങ്ങൾ അഞ്ചുപേരാണ്. പ്രണയ വിവാഹമായിരുന്നു എന്റേത്. ഭാര്യ നൗറിൻ. മകൾ ദിയാ മെഹ്സ. മകൻ അമീൻ അഫ്രീദി.

Read more topics: movie, 'Varkey', Samad Sulaiman,
English summary
interview with Samad Sulaiman about movie 'Varkey'
no relative items
topbanner

More News from this section

Subscribe by Email