Tuesday September 29th, 2020 - 12:34:am

മേരാ നാം നാദിർഷ [ അഭിമുഖം]

princy
മേരാ നാം നാദിർഷ [ അഭിമുഖം]

കോഴിക്കോട്: തന്റെ പുതിയ സിനിമയായ ‘മേരാ നാം ഷാജി’യുടെ പ്രീ-പ്രൊഡക്ഷൻ വർക്കുകളുടെ തിരക്കുകളിലാണ് മലയാളിയുടെ പ്രിയതാരവും സംവിധായകനുമായ നാദിർഷ. ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ നായകന്മാരായി എത്തുന്ന ഈ സിനിമ നവംബർ രണ്ടാം പാദത്തിൽ ചിത്രീകരണം തുടങ്ങും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. അതിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടയിലും നാദിർഷ ‘കേരളാ ഓൺ ലൈൻ ന്യൂസ്’ നോട് മനസ് തുറന്നു. തന്റെ ജീവിതം, നേട്ടങ്ങൾ, പ്രതിസന്ധികൾ, പിന്നിട്ട വഴികൾ എല്ലാം അദ്ദേഹം പങ്കുവെച്ചു.

സകലകലാവല്ലഭനായ നാദിർഷയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേഖല.

നാദിർഷ സംവിധായകൻ, നടൻ, മിമിക്രി താരം, ഗാനരചയിതാവ്, ഗായകൻ, സംഗീത സംവിധായകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച സകല കലാവല്ലഭനാണ്. അതിലേറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാൽ നാദിർഷയുടെ മറുപടി ഇതാണ്. ‘ഞാൻ ചെയ്യുന്ന എല്ലാ ജോലിയും ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. സ്റ്റേജ് ഷോ മുതൽ സിനിമാ സംവിധാനം വരെ. മേൽപ്പറഞ്ഞ മേഖലകളിൽ ഏറ്റവും ഔന്നിത്യത്തിൽ മാത്രം സംഭവിക്കുന്നതാണ് സിനിമാ സംവിധായകനാകുക എന്നത്. ആ സിനിമ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും നല്ല നേട്ടം. വിജയിച്ച സംവിധായകന് നേരത്തെ സൂചിപ്പിച്ച മറ്റു മേഖലകൾ സ്വായത്തമാക്കാൻ എളുപ്പമാണ്’.

കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ തമിഴിലെത്തുമ്പോഴുള്ള പ്രതീക്ഷ

മലയാളത്തിന്റെ രീതിയല്ല തമിഴിൽ. ഇവിടുത്തെ പോലെ നോർമൽ വേ അല്ല. അവിടെ ഹ്യൂമറാണെങ്കിലും, സെൻറിമെന്റ്സാണെങ്കിലും ആക്ഷനാണെങ്കിലും വൈഡായിട്ട് ചെയ്യണം. അതിന്റെ എല്ലാ മാറ്റവും തമിഴിൽ ഉണ്ട്. കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ തമിഴിൽ ചെയ്യുമ്പോൾ അഭിനേതാക്കൾക്കെല്ലാം മാറ്റമുണ്ട്. മലയാളത്തിൽ നിന്നും ധർമ്മജൻ മാത്രമേയുള്ളൂ. ധർമ്മജന്റെ അഭിനയം തമിഴിലുള്ളവർക്ക് ഏറെ ഇഷ്ടപ്പെടുന്നുവെന്നാണ് ലൊക്കേഷനിൽ നിന്നുമുണ്ടായ അനുഭവം വ്യക്തമാക്കുന്നത്. ധർമ്മജനവിടെ ക്ലച്ചു പിടിക്കും. അദ്ദേഹത്തിന്റെ അഭിനയശൈലിയും ഹ്യൂമറും ലുക്കുമെല്ലാം അവരുടെ മനസ് കീഴടക്കി. സിനിമ പുറത്തിറങ്ങുന്നതോടെ ധർമ്മജനും എനിക്കുമേറെ ഗുണം ചെയ്യും.

മേരാ നാം ഷാജി ഏത് തരത്തിലുള്ള സിനിമയാണ്

വ്യത്യസ്തമായ ജോണറിലുള്ള സിനിമകളാണ് ഞാൻ ചെയ്തവയെല്ലാം. മേരാ നാം ഷാജിയും പുതുമയാർന്ന ഒന്നാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള മൂന്ന് ഷാജിമാരുടെ കഥ പറയുന്ന സിനിമ. ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവരാണ് നായകന്മാരായി എത്തുന്നത്.

ഇപ്പോഴെന്താണ് പാരഡി ഗാനങ്ങൾ എഴുതാത്തത്

സംഗീതത്തിന് പകർപ്പവകാശം വന്നതോടെയാണ് പാരഡി ഗാനങ്ങൾ കുറച്ചത്. അത് കമ്പനികൾക്ക് അവകാശപ്പെട്ടതാണ്. ഞാൻ ചെയ്ത ഗാനം പോലും ഇന്നെനിക്ക് ചെയ്യാനാവില്ല. ആ ട്യൂൺ വേണമെങ്കിലും കാശ് കൊടുക്കണം. പിന്നെ പാരഡി ഗാനങ്ങൾക്ക് പഴയ മാർക്കറ്റ് ഇന്നില്ല. യു ട്യൂബിലും വാട്സ് ആപ്പിലും വൈറലാകും എന്നതല്ലാതെ വിപണനം എന്നത് പ്രയാസകരമായിരുക്കും.

ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടവും, ദേ മാവേലി കൊമ്പത്തും ഇപ്പോഴില്ലാത്തത്.

അന്ന് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടത്തിനും ദേ മാവേലി കൊമ്പത്തിനും എടുത്ത പണി മതി ഇന്ന് ഒരു സിനിമയെടുക്കാൻ. അതിൽ ഫ്രെയിം ടു ഫ്രെയിം തമാശ വേണം. അതിന്റെ പകുതി ജോലി ചെയ്താൽ ഒരു നല്ല സിനിമ ചെയ്യാനാകും. ഇപ്പോൾ സിനിമയിൽ ഒരു പാട് നല്ല ഓഫറുകളുണ്ട്. അപ്പോഴത് ചെയ്യേണ്ടല്ലോ. നമ്മളൊക്കെ ഒരു പാട് കഞ്ഞി കുടിച്ച് മടുത്ത ശേഷമാണ് ഇപ്പോഴീ ബിരിയാണി തിന്നുന്നത്. ബിരിയാണി തിന്നാൻ കൊതിക്കുന്നവരല്ലേ നമ്മൾ. ഇനി അതൽപ്പം കഴിക്കട്ടെ - നാദിർഷയുടെ ആലങ്കാരികമായ വാക്കുകൾ.

ഇന്ന് കാണുന്ന നാദിർഷയ്ക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. പ്രയത്നത്തിന്റെ.

ഒരു പാട് ഡൗൺ ടു എർത്തായിട്ട് വന്നവനാണ് ഞാൻ. വീട്ടിൽ ഞങ്ങൾ അഞ്ചുപേരായിരുന്നു. ഒരു പെണ്ണും നാലാണും. മൂത്തത് ഞാൻ. ഏറ്റവും ഇളയത് സമദ്. എന്റെ താഴെ ഷൈല, പിന്നെ സാലിയും ഷൗക്കത്തും. ഇവരിലൊരാൾ ടെലിവിഷനിലാണ്. മറ്റൊരാൾ സൗണ്ട് എഞ്ചിനീയറാണ്. രണ്ട് പേരും നന്നായി പാടും.

ദിലീപുമായി ഒരുമിച്ചൊരു പ്രൊജക്ട്

അതിനുള്ള സമയം വരുമ്പോൾ ദിലീപുമായി സിനിമ ചെയ്യും. ഇടയ്ക്ക് ആലോചനകൾ ഉണ്ടായിരുന്നു. പക്ഷേ നല്ല കഥ വരട്ടെ. അത് സംഭവിക്കും.

മമ്മൂക്കയുമൊത്തുള്ള സിനിമയുടെ സൂചനയല്ലേ ആഷിഖ് ഉസ്മാനുമൊത്തുള്ള ഫോട്ടോ

മമ്മൂക്കയുമായും ലാലേട്ടനുമായും സിനിമ ചെയ്യുക എന്നത് വലിയ ആഗ്രഹങ്ങളിലൊന്നാണ്. ആഷിഖ് ഉസ്മാനുമായി ഒരുമിച്ചുള്ള ചിത്രത്തിന്റെ കാരണം മറ്റൊന്നാണ്. ആഷിഖ് ഉസ്മാന്റെ സിനിമ അള്ള് രാമേന്ദ്രന്റെ പാട്ടുസീനിൽ ഡയറക്ടറായി ഞാൻ അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കാൻ പോയ ആ സമയത്ത് എടുത്ത ചിത്രം മാത്രമാണത്. മമ്മൂക്കയുമായുള്ള സിനിമ ആഗ്രഹമാണ്. ഇൻഷാ അല്ലാഹ്.


ജീവിതത്തിൽ ഏറ്റവും കടപ്പാടുള്ള വ്യക്തികൾ

ആദ്യത്തെ കടപ്പാട് പടച്ചോനോടാണ്. സ്വപ്നം കണ്ട സ്ഥലത്ത് തന്നെ എത്തിച്ചതിന്. പിന്നെ ബാപ്പയോടാണ്. മോനെ പാട്ടുകാരനാക്കാൻ ബാപ്പ ഏറെ കൊതിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നു. ഉമ്മ നല്ല പാട്ടുകാരിയായിരുന്നു. കുടുംബത്തിൽ നടക്കുന്ന ചടങ്ങുകളിൽ ഉമ്മ പാടുമായിരുന്നു. പിന്നെ എന്റെ അമ്മാവന്മാര്, സിനിമയിൽ ആദ്യമായി എന്നെ കൊണ്ടെത്തിച്ച കൊച്ചിൻ ഹനീഫിക്കയോട്. ഭീഷ്മാചാര്യർ എന്ന സിനിമ. പിന്നെ ദിലീപുമായി കാസറ്റ് ചെയ്തിരുന്ന കാലത്ത് ഒപ്പം നിന്നവർ. മാനത്തെ കൊട്ടാരത്തിൽ അഭിനയിപ്പിച്ച സംവിധായകനും ഒപ്പമുള്ളവരും. പിന്നെ എന്നെ മിമിക്രിക്കാരനാക്കിയവർ. ഇവരെക്കാൾ കടപ്പാടുള്ളവരുണ്ട്. പടച്ചോൻ കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം കടപ്പാട് പ്രേക്ഷകരോടാണ്. പെർഫോമൻസ് മാത്രം പോരല്ലോ, പ്രേക്ഷകരില്ലെങ്കിൽ... അവരുടെ സ്നേഹമില്ലെങ്കിൽ നമ്മളില്ല.

മിമിക്രിയിൽ സംവിധായകനിലേക്കുള്ള നാൾ വഴികൾ കലാഭവനിൽ നിന്നാണോ തുടങ്ങിയത്

കലാഭവനിൽ ചെറുപ്പത്തിൽ പാട്ടുപഠിക്കാൻ പോയിട്ടുണ്ട്. അതിൽ അഭിമാനമുണ്ട്. എന്നാൽ ദിലീപ്, ജയറാം, കലാഭവൻ മണി എന്നിവരെപ്പോലെ കലാഭവനിൽ നിന്നും വന്നതല്ല. സാനിസ കുറുശേരിയിൽ നിന്നും വന്ന ആളാണ് ഞാൻ. രമേശ് കുറുവശേരി, ജോർജ്, സന്തോഷ് കുറുവശേരി എന്നിവരുടെ കൂടെ. അവിടെ നിന്നും കൊച്ചിൻ ഓസ്കാർ. അബിയുടെ കൂടെ കൊച്ചിൻ സാഗർ, പിന്നെ കൊച്ചിൻ യൂണിവേഴ്സൽ. അതിന് ശേഷം സ്വന്തം പേരിൽ നാദിർഷോ എന്ന ശീർഷകത്തിൽ പരിപാടികൾ തുടങ്ങി. സത്യത്തിൽ മിമിക്രിയിൽ നിന്നും സിനിമയിലെത്തിയവരാണ് ഫാസിൽ, നെടുമുടി വേണു, മമ്മൂട്ടി തൊട്ട് ജയറാം വരെയുള്ളവർ.

ഇവരുണ്ടാക്കിയ പ്രചോദനം ഏറെ വലുതാണ്. ജയറാമും ദിലീപുമാണ് ശരിക്കും മിമിക്രിക്കാർക്ക് സിനിമയിൽ വാല്യു ഉണ്ടാക്കിയത്. സിദ്ദീഖ്-ലാൽ, റാഫി മെക്കാർട്ടിൻ, ഷാഫി അങ്ങനെയുള്ള സംവിധായകരും മിമിക്രിയിൽ നിന്നും വന്ന് ഹിറ്റുകൾ സൃഷ്ടിച്ചവരാണ്. ഞാൻ സംവിധാനം പഠിക്കാൻ പോയിട്ടില്ല. സ്വന്തം ചെലവിൽ കാശ് കൊടുത്ത് മിമിക്രി കാസറ്റുകൾ സംവിധാനം ചെയ്താണ് ഞാൻ സംവിധാനം പഠിച്ചതും അത് ചെയ്തതും. അന്ന് കിട്ടിയ ഭാഗ്യം ലാലേട്ടൻ, മമ്മൂക്ക, ജയറാം, ദിലീപ്, സുരേഷ് ഗോപി എന്നിവരെല്ലാവരെയും വെച്ച് ഷൂട്ട് ചെയ്യാനായി എന്നതാണ്.

മറക്കാനാവാത്ത അനുഭവങ്ങൾ

ബാപ്പയുടെ മരണം മറക്കാനാവാത്ത അനുഭവമാണ്. മരണം വരെ വലിയ കരുത്തായിരുന്നു ബാപ്പ.(നാദിർഷയുടെ വാക്കുകൾ മുറിഞ്ഞു. ബാപ്പയെ എത്രമാത്രം നെഞ്ചേറ്റുന്നുവെന്ന് വാക്കുകളിൽ പ്രകടം). എന്റെ മരണം വരെ ആ ഓർമ്മ മായാതെ നിലനിൽക്കും. പിന്നെ ഇപ്പോൾ വായി മനസറിയാതെ വന്നു ഭവിച്ച പരാതികൾ. നമ്മുടെ മുന്നോട്ടുള്ള ചുവട് വെപ്പിൽ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു അവയെല്ലാം. പടച്ചോനിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് ആ വിഷമത്തിൽ നിന്നെല്ലാം മോചനം നേടാനായത്.16-ാം വയസിൽ ബാപ്പ സുലൈമാൻ മരിച്ചു. പിന്നീട് 18-ാം വയസിൽ ആശ്രിത നിയമനമായി ബാപ്പയുടെ തന്നെ ജോലിക്ക് കയറി. സുഹറയാണ് എന്റെ ഉമ്മ. ഭാര്യ ഷാഹിന. മക്കളിൽ ആയിഷ പ്ലസ് ടുവിനും ഖദീജ ഒമ്പതിലും പഠിക്കുന്നു.

നാദിർഷ പറഞ്ഞു നിർത്തി. കഷ്ടപ്പാടും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തിന്റെ കനൽവഴികൾ താണ്ടിയ ഒർമ്മകളെക്കുറിച്ച്. മനസാ വാചാ അറിയാതെ വരുന്ന ആക്ഷേപങ്ങൾക്കിടയിൽ അദ്ദേഹത്തിന് കരുത്തേകുന്നത് അചഞ്ചലമായ ദൈവ വിശ്വാസവും ബാപ്പയെക്കുറിച്ചുള്ള ഓർമ്മകളും, പ്രേക്ഷകരുടെ സ്നേഹവും തന്നെയാണ്. മേരാ നാം ഷാജി എന്ന പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുകയാണയാൾ. ഒടുവിൽ ആ സിനിമയും വിജയകിരീടം ചൂടുമ്പോൾ അയാളുടെ മനസും അഭിമാനത്തോടെ പറയും. ‘മേരാ നാം നാദിർഷ‘.

റിയാസ് കെ എം ആർ

 

Read more topics: kerala, dirctor, actor, Nadirsha
English summary
interview with Nadirsha
topbanner

More News from this section

Subscribe by Email