Monday June 1st, 2020 - 1:17:am

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ മ്യൂസിക് ആല്‍ബം 'മറുപിറന്താള്‍' യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി

princy
അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ മ്യൂസിക് ആല്‍ബം 'മറുപിറന്താള്‍' യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി

തിരുവനന്തപുരം: നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച മ്യൂസിക് വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട മറുപിറന്താള്‍( അവളുടെ പുനര്‍ജന്മം) എന്ന തമിഴ് ആല്‍ബം ഡിസംബര്‍ പത്തിന് റിലീസ് ചെയ്തു. പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജയുടെ യുട്യൂബ് ചാനല്‍ യു1 റെക്കോര്‍ഡ്സിലൂടെയാണ് ആല്‍ബം പുറത്തിറക്കിയത്. യുവന്‍ ശങ്കര്‍ രാജയുടെ ഫേസ്ബുക് പേജ് വഴിയായിരുന്നു ലോഞ്ച്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ആല്‍ബത്തിന് ലഭിച്ചത്.ആദര്‍ശ് എന്‍ കൃഷ്ണ, ഡോ. ഷാനി ഹഫീസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ഡോ. ഷാനിയും മകള്‍ റിയ ഫാത്തിമ ഹഫീസുമാണ്. പ്രമുഖ ഗാനരചയിതാവ് റുക്സീന മുസ്തഫയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന്‍ എല്‍ദോ ജോണ്‍ ആണ്.വൈകാരികമായി സ്ത്രീകളിലുണ്ടാകുന്ന പുനര്‍ജന്മാണ് ആല്‍ബത്തിലൂടെ വരച്ചുകാണിക്കുന്നത്.

'മറുപിറന്താള്‍' എന്ന പേരിന് പിന്നിലുള്ള ആശയവും ഇതുതന്നെ. ലൈംഗിക തൊഴിലാളിയായ ട്രാന്‍സ്ജെന്‍ഡര്‍ക്ക് യാദൃശ്ചികമായി ഒരു പെണ്‍കുഞ്ഞിനെ ലഭിക്കുന്നതും, അവള്‍ ആ കുട്ടിയെ വളര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും മാനസിക സംഘര്‍ഷങ്ങളും പ്രേക്ഷകരോട് വളരെ ഭംഗിയായി പറയുകയാണ് ഈ ആല്‍ബം .തെങ്കാശി, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലായി ചീത്രീകരിച്ച ആല്‍ബത്തില്‍ പ്രധാന വേഷം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രെഞ്ചു രെഞ്ചിമാറാണ്. മകളായി വേഷമിടുന്നത് സുന്ദരിയെന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ റോസ് ഷെറിന്‍ അന്‍സാരിയും.

സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയ മ്യൂസിക് ആല്‍ബം ഇതിനോടകം നിരവധി ദേശീയ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.ഇന്റര്‍നാഷണല്‍ തായ് ഫിലിം ഫെസ്റ്റിവല്‍, കല്‍ക്കട്ട ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബുദ്ധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കാലിഫോര്‍ണിയ ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ്, ലോസ് ഏഞ്ചലസ് ഫെസ്റ്റിജിയസ് ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ മികച്ച മ്യൂസിക് വീഡിയോ എന്ന അംഗീകാരവും, കേരള ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, പഞ്ചാബ് എഎബി ഫിലിം ഫെസ്റ്റിവല്‍, യു. എസ് എല്‍ജിബിറ്റിക്യു ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍, ചമ്പല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്ക് ഔദ്യോഗിക സെലക്ഷനും നേടാന്‍ മറുപിറന്താളിന് കഴിഞ്ഞു.

പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ആല്‍ബം ചെയ്തതെന്ന് ഗാനത്തിന്റെ സംവിധായികയും തിരക്കഥാകൃത്തും കൂടിയായ ഡോക്ടര്‍ പറയുന്നു. തന്റെ മകളുമായി ഒരു ഗാനം ആലപിക്കണമെന്ന മോഹമാണ് അക്ഷരാര്‍ത്ഥത്തില്‍ ആല്‍ബം പിറവിയെടുക്കാന്‍ കാരണം. അമ്മയും മകളും ചേര്‍ന്നാലപിക്കുന്ന ഗാനം സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്. അമ്മയാലപിക്കുന്ന ഭാഗം ഗൗരവമേറിയതാണെങ്കില്‍ നിഷ്‌കളങ്കമായി ഒരു മകള്‍ക്ക് അമ്മയോടും സമൂഹത്തോടും ചോദിക്കാനുള്ള കാര്യങ്ങളും അവളുടെ ആവലാതികളും വളരെ ഭംഗിയായി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയില്‍ മകള്‍ റിയയും ആലപിക്കുന്നു.

തമിഴ് ഭാഷയോടുള്ള സ്നേഹമാണ് മ്യൂസിക്കല്‍ ആല്‍ബം തമിഴില്‍ ചെയ്യാന്‍ പ്രധാനകാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.ആയുര്‍ദ്ധ മീഡിയ ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അബി റെജിയും എഡിറ്റിംഗ് പ്രേംസായി മുകുന്ദനുമാണ്.

മേയ്ക്ക് അപ്പ്- കലാമണ്ഡലം വൈശാഖ്, കലാസംവിധാനം-സന്തോഷ് പാപ്പനംകോട്, അസോ. ഡയറക്ടര്‍-വിനീഷ് നെന്മാറ, മിക്‌സ് ആന്‍ഡ് മാസ്റ്റര്‍ - നിതിന്‍ കൂട്ടുങ്ങല്‍, കളറിസ്റ്റ് - ദീപക് ഗംഗാധരന്‍, ടൈറ്റില്‍ ആന്‍ഡ് സബ്ടൈറ്റില്‍സ് - ഷെര്‍മിന, ഗ്രാഫിക്‌സ് - നിഖില്‍ അനാമിക, സ്റ്റില്‍സ്- അരുണ്‍ ദാമോദരന്‍, ഡിസൈന്‍- മാമിജോ, അനന്തു എസ് കുമാര്‍. ഡിജിറ്റല്‍ പാര്‍ട്ണര്‍ ദിവോ മൂവീസ്.റോയ് മാത്യു, ജെനീമ, തുളസി ബാല, മുജീബ് റഹ്മാന്‍, പ്രാര്‍ത്ഥന അജിത് കുമാര്‍ , ഗൗരവ് രാജേഷ്, ഷെറിന്‍ അന്‍സാരി, ഗായത്രി രാജേഷ് , എം. വി നസിര്‍, ഇശാനി ജിനേഷ്, അലീന, വിനീത ചെമ്പകം, ലളിത എന്നിവരാണ് മറുപിറന്താളിലെ മറ്റ് അഭിനേതാക്കള്‍.

Read more topics: Marupiranthal, musical album,
English summary
Yuvan Shankarraja released music album 'Marupiranthal'
topbanner

More News from this section

Subscribe by Email