Friday September 25th, 2020 - 9:14:am

കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാര്‍ വെള്ളിത്തിരയിൽ : വ്യത്യസ്ത പ്രമേയവുമായി 'ഒരു ദേശവിശേഷം' തീയറ്ററിലേക്ക്

princy
കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാര്‍ വെള്ളിത്തിരയിൽ  :  വ്യത്യസ്ത പ്രമേയവുമായി 'ഒരു ദേശവിശേഷം' തീയറ്ററിലേക്ക്

നവാഗതനായ ഡോ.സത്യനാരായണനുണ്ണി കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഒരു ദേശവിശേഷം ജൂലൈ 25 ന് തീയറ്ററിലെത്തും.കലയും കലാജീവിതവും പ്രമേയമാക്കി കെ.ടി രാമകൃഷ്ണനും , കെ.ടി. അജയനും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം ആര്യചിത്ര ഫിലിംസ് തീയറ്ററില്‍ എത്തിക്കും. ഒട്ടേറെ പുതുമകളും വേറിട്ട കാഴ്ചകളുമൊരുക്കുന്ന ഒരു ദേശവിശേഷം മലയാള പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവും അവതരണത്തിലെ പുതുമയുമാണ് ചിത്രലൂടെ അവതരിപ്പിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രമായ വീരരാഘവപൊതുവാളായി പോരൂര്‍ ഉണ്ണികൃഷ്ണന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നു. യഥാര്‍ത്ഥ കലാകാരന്മാരെ അണിനിരത്തി കലാകഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. പൊതുവേ കലാകാരന്മാരുടെ ജീവിതം പറയുമ്പോള്‍ യഥാര്‍ത്ഥ കലാകാരന്മാരെയല്ല കഥാപാത്രങ്ങളായി അണിനിരത്തുന്നത്.

എന്നാല്‍ ഒരു ദേശവിശേഷമെന്ന ചിത്രത്തിലൂടെ യഥാര്‍ത്ഥ കലാകാരന്മാര്‍ തങ്ങളുടെ കലാജീവിതവുമായി വെള്ളിത്തിരയില്‍ എത്തുകയാണ്. ഇതിലൂടെ മലയാള ചലച്ചിത്ര ശാഖയില്‍ പുതുമയാര്‍ന്ന ഒരു വഴിത്തിരിവിന് വഴിയൊരുക്കുകയാണ് 'ഒരു ദേശവിശേഷം' .കലയും കലാജീവിതവുമാണ് ചിത്രത്തിന്‍റെ പ്രമേയമെങ്കിലും കലയെ അക്കാദമിക്കായി സമീപിക്കാന്‍ സിനിമയില്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധാനകന്‍ ഡോ: സത്യനാരായണനുണ്ണി വ്യക്തമാക്കി. കലതന്നെയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്, പക്ഷേ അതുമാത്രമല്ല ഇതിവൃത്തം. കലാപരിസരം സിനിമയില്‍ ഉപയോഗിക്കുമ്പോള്‍ തന്നെ മനുഷ്യ ബന്ധങ്ങളുടെയും സൗഹൃദത്തിന്‍റെയും കഥയാണ് ഒരു 'ദേശവിശേഷം' പറയുന്നതെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഏറ്റവും പ്രമുഖരായ തായമ്പക കലാകാരന്മാരും പ്രിയഭേദമെന്യേയുള്ള ഒട്ടേറെ കലാകാരന്മാരുമടക്കം അറുപതോളം പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കലാകാരന്മാരുടെ കുടുംബജീവിതം സാമൂഹ്യ-സാംസ്കാരിക ജീവിതം ഇവയൊക്കെ സിനിമ ഒപ്പിയെടുക്കുന്നു. സമൂഹത്തില്‍ നിന്ന് തിരസ്കരിക്കപ്പെടുന്ന കലാകാരന്മാരുടെ മുറിവേറ്റ ജീവിതങ്ങളും ജാതീയ വിവേചനങ്ങളും ചിത്രം പരോക്ഷമായി സമീപിക്കുന്നുണ്ട്. ഏറ്റവും പുതിയ സാമൂഹ്യ സാംസ്കാരിക വിഷയങ്ങള്‍ കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നു. കലയ്ക്കു പ്രാധാന്യം ഏറെയുണ്ടെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് ഒരു ദേശവിശേഷമെന്ന് സംവിധായകന്‍ പറഞ്ഞു. ന്യൂജന്‍ തമാശകളും പാട്ടും ആക്ഷനും അങ്ങനെ എല്ലാ ചേരുവകളുമുള്ള ചിത്രംകൂടിയാണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

കലാരംഗത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കലാകാരന്മാരെ ഒരു കുടക്കീഴിലൊരുക്കി വെള്ളിത്തിരയില്‍ എത്തിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഒരു ദേശത്തിന്‍റെ വിശേഷമാണ് സിനിമ പറയുന്നത്. വള്ളുവനാടന്‍ ഗ്രാമക്കാഴ്ചകളും നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയുമൊക്കെ ഈ ചിത്രത്തിന്‍റെ പ്രത്യേകതകളാണ്. വാളാഞ്ചേരി ഗ്രാമത്തില്‍ ഒറ്റഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്‍, സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്‍, മിഥുന്‍ തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്‍, മാസ്റ്റര്‍ അര്‍ജ്ജുന്‍, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടിരി, രാമകൃഷ്ണന്‍, വിജയന്‍ വെളളിനേഴി, ഡോ: എന്‍. ശ്രീകുമാര്‍, ഗിരീഷ് പി. നെടുങ്ങോട്ടൂര്‍, അനിയന്‍ മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍, എം.പി.എ. ലത്തീഫ്, ചാലിശ്ശേരി ഗോപിമാസ്റ്റര്‍, രാമകൃഷ്ണന്‍ പൂക്കാട്ടേരി , സ്നേഹ സുനില്‍, ദിവ്യ ലക്ഷ്മി, വിനോദ് ബാലകൃഷ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍.

ക്യാമറ സാജന്‍ ആന്‍റണി, എഡിറ്റര്‍ കെ.എം. ഷൈലേഷ്, സംഗീതം സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന അനൂപ് തോഴൂക്കര, പശ്ചാത്തല സംഗീതം വില്ല്യം ഫ്രാന്‍സിസ്, കല സി.പി. മോഹനന്‍, കോസ്റ്റ്യൂംസ് കുഞ്ഞുട്ടന്‍, മേക്കപ്പ് അഭിലാഷ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, സ്റ്റില്‍സ് നിള ഉത്തമന്‍, ഡിസൈന്‍സ് ജോസഫ് പോള്‍സണ്‍ എന്നിവരാണ് ഒരു ദേശവിശേഷത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

English summary
'Oru dhesha vishesham' in theater with a different theme
topbanner

More News from this section

Subscribe by Email