Saturday January 29th, 2022 - 10:51:am

'എല്ലാം നഷ്ടപ്പെട്ടൊരു സംവിധായകന്റെ ജീവിതം എന്നെന്നേക്കുമായി ഏറ്റെടുത്ത മമ്മൂട്ടി': സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Raji E R
'എല്ലാം നഷ്ടപ്പെട്ടൊരു സംവിധായകന്റെ ജീവിതം എന്നെന്നേക്കുമായി ഏറ്റെടുത്ത മമ്മൂട്ടി': സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മമ്മൂട്ടിയുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ വ്യത്യസ്തമായൊരു കുറിപ്പിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകള്‍ നേരുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. സിനിമ മൂലം തകര്‍ന്നുപോയൊരു മനുഷ്യന് മമ്മൂട്ടി പുതിയൊരു ജീവിതം തിരികെ നല്‍കിയതോര്‍മിച്ചാണ് ആലപ്പി അഷറഫ് അദ്ദേഹത്തിന് വിവാഹവാര്‍ഷികാശംസ നേര്‍ന്നത്. മമ്മൂട്ടി അഭിനയിച്ച എതിര്‍പ്പുകള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഉണ്ണി ആറന്മുളയ്ക്ക് സംഭവിച്ച ജീവിത ദുരന്തങ്ങളും എല്ലാം അവസാച്ചെന്നു കരുതിയിടത്ത് മമ്മൂട്ടി അദ്ദേഹത്തിന് രക്ഷകനായി മാറിയതും വൈകാരികമായാണ് ആലപ്പി അഷറഫ് പങ്കുവയ്ക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


ഒരു സിനിമയുടെ സംവിധായകനെ സിനിമാരംഗത്ത് പലരേയും പലരും സഹായിച്ചിട്ടുണ്ടങ്കിലും, ഒരാളുടെ ജീവിതം തന്നെ ഏറ്റെടുക്കുന്നത് അപൂര്‍വ്വമായ കാഴ്ചയാണ് എന്നായിരുന്നു മമ്മൂട്ടിയുടെ പ്രവര്‍ത്തിയെ അഷ്റഫ് വിശേഷിപ്പിക്കുന്നത്.


ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം;

മലയാളത്തിലും തമിഴിലും ഒരു കാലത്ത് തിളങ്ങി നിന്ന ഒരു നടന്‍ നമുക്കുണ്ടായിരുന്നു, 'മുത്തയ്യ'. അഭിനേതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നിനിലകളില്‍ അറിയപ്പെട്ടിരുന്ന കലാകാരന്‍. അത്യുന്നതങ്ങളില്‍ നിന്നും സിനിമയുടെ തകര്‍ച്ചയുടെ ചുഴിയില്‍പ്പെട്ട് അദ്ദേഹം കാലിടറി വീണപ്പോള്‍, ജീവിതം മുന്നോട്ട് നീക്കാന്‍ മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍, താന്‍ അഭിനയിച്ച കൃഷ്ണ കുചേലന്‍ എന്ന സിനിമയിലെ കുചേലന്റെ അവസ്ഥ തന്റെ സ്വന്തം ജീവിതത്തില്‍ പകര്‍ന്നാടിയപ്പോള്‍, ആ ജീവിതം മൊത്തം എറ്റെടുത്ത് കണ്ണീര്‍ തുടച്ച് സ്വാന്ത്വനം പകരാന്‍ എത്തിയത് അതേ ചിത്രത്തിലെ സാക്ഷാല്‍ ശ്രികൃഷ്ണന്‍.

മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്നേഹി പ്രേംനസീര്‍.

നസീര്‍ സാര്‍ മരിച്ച ശേഷവും അദ്ദേഹം എറ്റെടുത്ത എല്ലാ സാമ്ബത്തിക സഹായവും കൃത്യമായ് മകന്‍ ഷാനവാസ് നിര്‍വ്വഹിച്ചിരുന്നു. മുത്തയ്യ സാര്‍ മരിക്കുന്നത് വരെ ആ സഹായം മുടങ്ങിയിട്ടില്ലായിരുന്നു.

ഉണ്ണി ആറന്മുള എനിക്ക് എന്നും പ്രിയപ്പെട്ട സുഹൃത്താണ്. ഉണ്ണിയെ ഞാന്‍ ആദ്യം കാണുമ്‌ബോള്‍ മിലിട്ടറിയിലെ ഓഡിറ്റിംഗ് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ആ എംഎക്കാരന്‍. മുറിയുടെ വാതില്‍ക്കല്‍ കാവല്‍ക്കാരനുള്ള ഉദ്യോഗസ്ഥന്‍. ഉയര്‍ന്ന ശമ്ബളം, നാട്ടില്‍ ധാരാളം ഭൂസ്വത്ത് വീട്, വിവാഹത്തിന് വേണ്ടി കാത്തിരിക്കുമ്‌ബോഴുള്ള സന്തോഷ പ്രദമായ ജീവിതം... ഉണ്ണിയുടെ ജീവതം കൊതിയോടെ നോക്കി കണ്ടിട്ടുണ്ട് ഞാനും.

മദിരാശിയിലെ സിനിമാക്കാരുടെ പ്രധാന താവളമായിരുന്നു ആര്‍ കെ ലോഡ്ജ് എന്ന മാസവാടക സങ്കേതം. ഉണ്ണിയും ഞാനും അവിടെത്തെ അന്തേവാസികളായിരുന്നു.

ആര്‍ കെ ലോഡ്ജിലെ താമസം ഉണ്ണിയുടെ ജീവിത്തെ ആകെ മാറ്റിമറിച്ചു.

സിനിമ തലക്ക് പിടിച്ച് , സിനിമക്കാരുമായ് കുട്ടുകുടല്‍ ഹരമായ്, പലരുടെയും ഒപ്പം ചേര്‍ന്നു. ഒടുവില്‍ ഉണ്ണിയും സിനിമക്കാരനായ് മാറി.

സ്വന്തമായ് നിര്‍മ്മാണം, കഥാ തിരക്കഥ സംഭാഷണം, സംവിധാനം, ഗാനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗവും ഉണ്ണി തന്നെ കൈകാര്യം ചെയ്തു. 'എതിര്‍പ്പുകള്‍' എന്ന പേരിലായിരുന്നു ആ സിനിമ, മമ്മൂട്ടി രതീഷ് ഉര്‍വ്വശി തുടങ്ങി താരനിര. പടം റിലീസ് കഴിഞ്ഞപ്പോള്‍ ഭൂസ്വത്തുക്കള്‍ പലതും പലരുടെ പേരുകളിലേക്ക് മാറ്റി കഴിഞ്ഞു.

അടുത്ത പടമെടുത്ത് എല്ലാം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തില്‍, ജോലി രാജി വെച്ച് രണ്ടും കല്‍പ്പിച്ച് കച്ചകെട്ടി ഇറങ്ങി. അതാണ് 'സ്വര്‍ഗ്ഗം' എന്ന സിനിമ.

അതോടെ എല്ലാം പൂര്‍ത്തിയായ്, വിവാഹ ജീവിതമോഹം ഉള്‍പ്പടെ എല്ലാം തന്നില്‍ നിന്നും അകന്നുപോയി.

കുടുംബക്കാര്‍ കൂട്ടുകാര്‍, രക്തബന്ധങ്ങള്‍... എല്ലാം.

ശ്രീകുരന്‍ തമ്ബി സാറിന്റെ 'ബന്ധുവാര് ശത്രുവാര്...' എന്ന ഗാനത്തെ അന്വര്‍ത്ഥമാക്കി.

തമ്ബി സാറിന്റെ തന്നെ 'ചിരിക്കുമ്‌ബോള്‍ കൂടെ ചിരിക്കാന്‍' എന്ന ഗാനം ഉണ്ണിക്ക് വേണ്ടി എഴുതിയതാണോയെന്നു സംശയിച്ചു പോകും.

ജീവിതം വഴിമുട്ടിയപ്പോള്‍ സഹായിക്കാനെത്തിയ മള്‍ട്ടി മില്യന്‍ സ്നേഹിതന്‍ അക്കൗണ്ട് നമ്ബര്‍ വാങ്ങി പോയിട്ട് പിന്നീട് ഫോണ്‍ എടുക്കാതെ ബ്ലോക്ക് ചെയ്ത കഥ ഉണ്ണി എന്നോട് വേദനയോടെ പറഞ്ഞിട്ടുണ്ട്.

അതേ ... മുത്തയ്യക്ക് ശേഷം അതേ അവസ്ഥയിലെത്തിയ ഉണ്ണിക്ക്, ജീവിതം വഴിമുട്ടി നിലക്കുമ്‌ബോള്‍.. അതാ വരുന്നു ഒരു കൈ... 'വരു ഉണ്ണി .. വിഷമിക്കേണ്ട ഞാനുണ്ട്... 'സ്വന്തനത്തിന്റെ ദൃഢതയുള്ള വാക്കുകള്‍.. ആ ജീവിതം എന്നേന്നെക്കുമായ് ഏറ്റെടുക്കുന്നു...

സാക്ഷാല്‍...' മമ്മുട്ടി '. തന്റെ ആദ്യ പടത്തിലെ നായകന്‍.

ഇന്നു ഉണ്ണി ആറന്മുള അല്ലലില്ലാതെ സുഖമായ് ജീവിക്കുന്നു... ആകെ ഉള്ള ജോലി ഒന്നാം തിയതി എടിഎം കൗണ്ടര്‍ വരെ പോകണം അത്ര തന്നെ.

സിനിമാരംഗത്ത് പലരേയും പലരും സഹായിച്ചിട്ടുണ്ടങ്കിലും, ഒരാളുടെ ജീവിതം തന്നെ ഏറ്റെടുക്കുന്നത് അപൂര്‍വ്വമായ കാഴ്ചയാണ്.

ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ്, യാതൊരു കലര്‍പ്പും കളങ്കവുമില്ലാത്ത മാതൃകകളാണ് പ്രേംനസീറും മമ്മൂട്ടിയും..

ഇന്ന് എന്തുകൊണ്ടാണി കുറിപ്പെഴുതുന്നത് എന്നു നിങ്ങള്‍ സംശയിക്കാം...

കാരണമുണ്ട് പ്രിയപ്പെട്ട

മമ്മൂട്ടിയുടെ വിവാഹാവാര്‍ഷിക ദിനമാണ് ഇന്ന്.

ആശംസകളോടെ...

ആലപ്പി അഷറഫ്

 

English summary
Mammootty takes forever the life of a director who lost everything: Facebook post of director
topbanner

More News from this section

Subscribe by Email