Saturday April 4th, 2020 - 9:08:pm
topbanner

തദ്ദേശ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കും: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

Anusha Aroli
തദ്ദേശ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കും: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

വയനാട് : സംസ്ഥാനത്തിന്റെ വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വൈത്തിരി റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജനകീയാസുത്രണത്തിന്റെ രജതജൂബിലിയുടെ ഭാഗമായി സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. പ്രാദേശിക ഭരണത്തിലും നാടിന്റെ വികസനത്തിലും ജനപങ്കാളിത്തം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.വിശപ്പ് രഹിത കേരളം പദ്ധതിയില്‍ ഓണത്തിന് മുമ്പ് ആയിരം ഭക്ഷണശാലകള്‍ തുറക്കും. ഈ കേന്ദ്രങ്ങളില്‍ 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കും. പത്ത് ശതമാനം ഊണ് സൗജന്യമായി നല്‍കും. പഞ്ചായത്തില്‍ ഒന്ന് വീതവും നഗരങ്ങളില്‍ പത്ത് വാര്‍ഡിന് ഒന്ന് വീതവുമാണ് ഭക്ഷശാലകള്‍ ഒരുങ്ങുക.

വയോജനങ്ങള്‍ക്കുള്ള വിശ്രമത്തിനും വിനോദത്തിനുമായി അയ്യായിരം വയോ ക്ലബ്ബുകള്‍ തുടങ്ങും. ഗ്രാമപഞ്ചായത്തില്‍ മൂന്നും നഗരങ്ങളില്‍ 10 വാര്‍ഡിന് ഒരെണ്ണമെന്ന തോതിലും കേന്ദ്രങ്ങള്‍ ഒരുക്കും. നിലവിലുള്ള വായനശാലകളും വാടക വീടുകളുമാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഓണത്തിന് മുമ്പ് 500 ഗ്രാമപഞ്ചായത്തുകളും 50 നഗരങ്ങളും സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. മാലിന്യം സ്രോതസ്സില്‍ തന്നെ വേര്‍തിരിക്കും.

ജൈവമാലിന്യം വീട്ടിലോ സമീപത്തോ സംസ്‌കരിക്കും. കടകളിലെ മാലിന്യം സംസ്‌കരിക്കാനും ശേഖരിക്കാനും പ്രത്യേക സംവിധാനമൊരുക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളും സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കാനുള്ള പ്രൊജക്ട് ഉള്‍പ്പെടുത്തേണ്ടതാണെന്ന് മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് 12000 പൊതു ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. പഞ്ചായത്തുകളില്‍ ഒന്ന്, നഗരസഭകളില്‍ രണ്ട്, കോര്‍പ്പറേഷനുകളില്‍ അഞ്ച് എന്നിങ്ങനെയാണ് ഇവ ക്രമീകരിക്കുക.

വിശ്രമ സ്ഥലം, കുടിവെള്ളം, നാപ്കിന്‍ വെന്‍ഡിംഗ് സംവിധാനം എന്നിവ ഇവിടെ ഒരുക്കും. പെട്രോള്‍ പമ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് 10000 പൊതു ടോയ്‌ലെറ്റുകളും സജ്ജമാക്കും. കേന്ദ്രീകൃത സെപ്‌റ്റേജ് സംവിധാനം ഒരുക്കുന്നതിനായി അഞ്ച് കോടി രൂപ പ്രത്യേക വികസന ഗ്രാന്റായി സര്‍ക്കാര്‍ നല്‍കും. സ്ഥല സൗകര്യവും ജനസമ്മിതിയും ഉറപ്പ് വരുത്തണം.

സംസ്ഥാനത്ത് 82000 തോടുകള്‍ ശുചീകരിക്കും. ഇതില്‍ 20000 കിലോമീറ്റര്‍ ജൂണിന് മുമ്പ് ശുചിയാക്കാന്‍ ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് പദ്ധതിയെ ഇതിലേക്കായി കൂട്ടി യോജിപ്പിക്കും. ഓരങ്ങളുടെ സംരക്ഷണത്തിന് കയര്‍ഭൂവസ്ത്രം ഉപയോഗിക്കും. പ്രതിവര്‍ഷം ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. പച്ചത്തുരുത്തുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവ ഇതിനായി ഉപയോഗിക്കും. പുരയിടങ്ങളിലും തൈകള്‍ നടാം. മൂന്ന് വര്‍ഷത്തെ പരിപാലനം ഉറപ്പാക്കിയാണ് പദ്ധതി തയ്യാറാക്കുക. കൃഷി വകുപ്പിന്റെ ജീവനി പദ്ധതി വഴിയും കുടുംബശ്രീയുടെ 20000 ഹെക്ടര്‍ പദ്ധതി വഴിയും ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കും.

അയ്യായിരം പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങും. പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍, സാങ്കേതിക സേവന ഗ്രൂപ്പുകള്‍, ഇവന്റ് മാനേജ്‌മെന്റ്, കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലാണ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി റെമഡിയല്‍ വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിക്കും. ഓണത്തിന് മുമ്പ് ക്ലാസ്സുകളില്‍ അക്കവും അക്ഷരവും ഉറക്കാത്തവരെ നിര്‍ണ്ണയിക്കും.

എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒരു പാലിയേറ്റീവ് സംവിധാനം ഉറപ്പ് വരുത്തും. തദ്ദേശ സ്വയം ഭഗണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഗൃഹ പരിചരണത്തിന് ഊന്നല്‍ നല്‍കും. പട്ടികവിഭാഗങ്ങളുടെ കോളനി നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. വീടുകളുടെയും പഠനമുറികളുടെയും പൂര്‍ത്തീകരണവും ലക്ഷ്യമിടുന്നു. ദുരന്ത പ്രതിരോധത്തിന് സമഗ്ര പ്രാദേശിക പദ്ധതികള്‍ രൂപീകരിക്കും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, മുന്‍ കരുതലുകള്‍ക്കും സംവിധാനമൊരുക്കും. 100 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ സാമൂഹ്യ സന്നദ്ധ സേന രൂപീകരിക്കാനും ലക്ഷ്യമിടുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍,ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍,
ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, കെ.ജി.പി.എ ജനറല്‍ സെക്രട്ടറി പി. വിശ്വംഭര പണിക്കര്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയി ഇളമണ്‍, കില മുന്‍ ഡയറക്ടര്‍ പി.പി. ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ്, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, കെ.ജി.പി.എ പ്രസിഡന്റ് തുളസി ടീച്ചര്‍, കെ.ജി.പി.എ മുന്‍ പ്രസിഡന്റ് പി.ടി മാത്യൂ, കെ.ജി.പി.എ മുന്‍ ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, കെ.ജി.പി.എ സെക്രട്ടറി എച്ച്. മുഹമ്മദ് നിയാസി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, പഞ്ചായത്ത് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് എം.പി അജിത് കുമാര്‍, ഡി.ഡി.പി പി.എസ്. ടിമ്പില്‍ മാഗി തുടങ്ങിയവര്‍ സംസാരിച്ചു.

English summary
wayanad panchayath celebration minister thomas isac
topbanner

More News from this section

Subscribe by Email