Monday September 21st, 2020 - 11:23:pm

ബൈക്കിലെത്തി സ്ത്രീകള്‍ക്കുനേരെ അതിക്രമം: യുവാവ് അറസ്റ്റില്‍

NewsDesk
ബൈക്കിലെത്തി സ്ത്രീകള്‍ക്കുനേരെ അതിക്രമം: യുവാവ് അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടിയിലും കൊരട്ടിയിലും സ്ത്രീകളെ ബൈക്കിലെത്തി ആക്രമിക്കുന്ന സംഭവങ്ങളിലെ അജ്ഞാതന്‍ അവസാനം പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് തേനി ജില്ലയില്‍ കമ്പം കുള്ളപ്പഗൗണ്ടന്‍പട്ടി സ്വദേശി മുരുകന്റെ മകന്‍ ശിവകുമാര്‍ (22) ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചാലക്കുടിയുടെ പ്രാന്തപ്രദേശങ്ങളില്‍ യുവതികളെയും വീട്ടമ്മമാരെയും ബൈക്കിലെത്തുന്ന ഒരാള്‍ കടന്നുപിടിച്ച ശേഷം വേഗത്തില്‍ ഓടിച്ചു പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ത്രീകള്‍ പരിഭ്രാന്തരാവുകയും ചാലക്കുടി സ്റ്റേഷനിലും ഡിവൈ.എസ്.പിക്കു മുമ്പിലും പരാതി നല്‍കുകയും ചെയതു. ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ് സംഭവങ്ങള്‍ക്ക് പിന്നിലെ അജ്ഞാതനെ കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയതോടെ ഒരു മാസത്തിനുള്ളില്‍തന്നെ ഈ വിരുതനെ പിടികൂടാനായി.

സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങളിലൊന്നുംതന്നെ പ്രതിയെ കണ്ടെത്താനുതകുന്ന സൂചനകളോ മറ്റോ ലഭ്യമായിരുന്നില്ല. സംഭവം നടന്ന രണ്ടിടങ്ങളുടെ ഏകദേശം ഒരു കിലോമീറ്ററകലെയായി ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ബൈക്ക് ഹീറോ കമ്പനി നിര്‍മിതമാണെന്നും അതല്ല ബജാജ് പ്ലാറ്റിനയാണെന്നും തോന്നിപ്പിച്ചു. ഇന്റര്‍നെറ്റില്‍ പരതി വാഹനം ബജാജ് പ്ലാറ്റിനയുടെ പുതുമോഡല്‍ ആണെന്നു കണ്ടെത്തി. തുടര്‍ന്ന് ചാലക്കുടിയിലേയും പരിസരങ്ങളിലേയും ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ജില്ലയിലേയും സമീപ ജില്ലകളിലേയും ഇരുചക്രവാഹന ഡീലര്‍മാരേയും സര്‍വീസ് സെന്ററുകളേയും സമീപിച്ചും പ്രസ്തുത മോഡലിലുള്ള വണ്ടി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

തുടര്‍ന്ന് ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും വന്നു താമസിക്കുന്നവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതില്‍നിന്നും തമിഴ് നാട്ടുകാരാണ് പ്ലാറ്റിന വണ്ടികള്‍ കൂടുതലും ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയെങ്കിലും അക്രമിയെ മാത്രം കണ്ടെത്താനായില്ല. തമിഴ് നാട്ടുകാര്‍ കൂട്ടമായി താമസിക്കുന്ന അങ്കമാലി കരയാമ്പറമ്പ് കേന്ദ്രീകരിച്ച് ദിവസങ്ങളോളം അന്വേഷണം നടത്തവേ കോഴിത്തീറ്റ വ്യാപാരവുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന വിവരം ലഭിച്ചു. ഇതിന്റെ ചുവടു പിടിച്ച് കോഴിഫാമുകള്‍ തോറും കയറിയിറങ്ങി തമിഴ്‌നാട്ടുകാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അങ്ങനെ അക്രമകാരിയായ യുവാവിലേക്കെത്തുകയുമായിരുന്നു.

അന്വേഷണ സംഘത്തിന്റെ മുമ്പിലൂടെ ഇയാള്‍ അവിചാരിതമായി മിന്നല്‍വേഗത്തില്‍ കടന്നുപോയതും ഒരു വര്‍ഷം മുമ്പ് നടന്ന മാല പൊട്ടിക്കല്‍ സംഭവങ്ങളിലെ അന്വേഷണത്തിനുവേണ്ടി ചാലക്കുടി സ്വദേശികളല്ലാത്ത ചാലക്കുടയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വച്ചിരുന്നതും പ്രതിയെ പിടികൂടുന്നതിന്റെ ആക്കം വര്‍ധിപ്പിച്ചു.

പ്രത്യേകാന്വേഷണ സംഘത്തിലും ഈ യുവാവിനെ പിടികൂടിയതിലും ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണ്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. ബെന്നി എന്നിവരാണ് ഉണ്ടായിരുന്നത്.പിടിയിലായ യുവാവ് ആദ്യം എതിര്‍ത്തെങ്കിലും ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൂടാതെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ സിസിടിവി ദൃശ്യത്തിലെ യുവാവും പിടിയിലായ ആളും ഒന്നാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും.

Read more topics: thrissur, arrest,
English summary
thrissur youth arrested
topbanner

More News from this section

Subscribe by Email