Wednesday December 1st, 2021 - 3:21:pm

പ്രവാസിയായ വയോധികന് കാൻസറിനുള്ള മരുന്നെത്തിച്ചത് നാട്ടുകാരനായ സി.ഐ തന്നെ

Anusha Aroli
പ്രവാസിയായ വയോധികന് കാൻസറിനുള്ള മരുന്നെത്തിച്ചത് നാട്ടുകാരനായ സി.ഐ തന്നെ

തൃശൂർ : പ്രവാസിയായ വയോധികന് കാൻസറിനുള്ള മരുന്ന് എത്തിച്ച് നൽകിയത് നാട്ടുകാരനായ സർക്കിൾ ഇൻസ്‌പെക്ടർ. വടക്കേക്കാട് സിഐയും എറവ് ആറാംകല്ല് സ്വദേശിയുമായ എം സുരേന്ദ്രനാണ് അരിമ്പൂർ സ്വദേശി പ്രകാശന് (60) ജീവൻ രക്ഷാ മരുന്നെത്തിച്ച് നൽകിയത്. പ്രകാശന് കാൻസർ രോഗം പിടിപെട്ടതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ചികിത്സ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു മാസം മരുന്നിന്ന് 86000 രൂപ ചിലവ് വരും. മുംബൈയിലുള്ള മരുന്ന് കമ്പനി ഇദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് എട്ട് മാസത്തോളമായി സൗജന്യമായാണ് കൊറിയർ വഴി മരുന്ന് അയച്ച് നൽകിയിരുന്നത്. ലോക് ഡൗണായതോടെ കമ്പനി അടക്കുകയും മരുന്നിന്റെ വരവ് നിലയ്ക്കുകയും ചെയ്തു. പ്രകാശന്റെ വിഷമതകൾ കവി രാവുണ്ണിയാണ് സി.ഐ എം.സുരേന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്.

ഒരാഴ്ച്ച മുൻപ് കാൻസർ രോഗിക്ക് വടക്കേക്കാട് പോലീസ് മരുന്നെത്തിച്ചു നൽകിയത് ജില്ലാ പോലീസ് മേധാവി ഫേസ്ബുക്ക് വഴി പങ്കു വെച്ചതാണ് അരിമ്പൂർ സ്വദേശികൾ വടക്കേക്കാട് പോലീസിനെ ആശ്രയിക്കാൻ കാരണം. സുരേന്ദ്രൻ മുംബൈയിലുള്ള മരുന്ന് കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അന്വേഷണത്തിനൊടുവിൽ ഇദ്ദേഹം കഴിക്കുന്ന കാൻസർ മരുന്നിന്റെ ഏക വിതരണക്കാർ എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തി.

പക്ഷേ ഇവിടെ നിന്ന് മരുന്ന് കൃത്യമായ വിലക്കേ ലഭിക്കുകയുള്ളൂ. ആറ് സ്ട്രിപ്പുള്ള 86,000 രൂപയുടെ മരുന്നായി മാത്രമേ നൽകൂ എന്നും വിതരണക്കാർ പ്രകാശനോട് പറഞ്ഞു. മരുന്ന് തീരുകയും, സാമ്പത്തികമായി ബുദ്ധിമുട്ടിലാവുകയും ചെയ്ത ഇയാൾക്ക് വേണ്ടി അത്യാവശ്യമുള്ള മരുന്നുകൾ മാത്രം നൽകണമെന്ന് സി.ഐ അഭ്യർത്ഥിച്ചു. ലോക് ഡൗൺ തീർന്ന് മരുന്ന് സൗജന്യമായെത്തുന്നത് വരെയുള്ള മരുന്നിന്റെ തുക നൽകാൻ തയ്യാറായി പുന്നയൂർക്കുളം സാന്ത്വനം വെൽഫെയർ ജനറൽ സെക്രട്ടറി അലി വടക്കേക്കാട് സ്റ്റേഷനിൽ എത്തുകയും ചെയ്തു.

മരുന്ന് വിതരണക്കാരും ഒരു ഭാഗം പൈസ ഒഴിവാക്കി നൽകി. എറണാകുളം വിജിലൻസിലെ പോലീസുകാരനാണ് ദൗത്യം ഏറ്റെടുത്ത് കമ്പനിയിൽ പോയി മരുന്ന് വാങ്ങി വടക്കേക്കാട് സ്റ്റേഷനിൽ എത്തിച്ചത്. പ്രകാശന്റെ സഹോദരി പുത്രൻ പ്രജീഷ് സി.ഐ സുരേന്ദ്രനിൽ നിന്ന് മരുന്ന് ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. പോലീസിന്റെ സൽപ്രവൃത്തിക്ക് നന്ദി പറയാനും പ്രകാശൻ മറന്നില്ല.

English summary
thrissur vadakkekkad CI provided medicine for expat cancer patient
topbanner

More News from this section

Subscribe by Email