Wednesday December 1st, 2021 - 3:56:pm

കോവിഡിന് ഗുഡ്‌ബൈ ; ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് മതിലകം

Anusha Aroli
കോവിഡിന് ഗുഡ്‌ബൈ ; ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് മതിലകം

തൃശൂർ : ഹോട്ട് സ്പോട്ട് ലിസ്റ്റിൽ നിന്ന് മതിലകം പഞ്ചായത്ത് ഒഴിവാക്കപ്പെട്ടപ്പോൾ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുകയാണ് മതിലകം നിവാസികൾ. രാവും പകലും മുഴുവൻ സമയ ഡ്യൂട്ടിയുമായി ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കം പ്രവർത്തിച്ചതിന്റെ ഫലമാണ് പഞ്ചായത്തിൽനിന്ന് കോവിഡ് ഗുഡ്ബൈ പറഞ്ഞ് പോയതെന്ന് അവർക്കറിയാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2020 ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധ മതിലകം പഞ്ചായത്തിൽ സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധയുടെ ഉറവിടമായ ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിൽസയിലൂടെ രോഗം മാറി.

പിന്നെ, മാർച്ച് 15ന് ഖത്തറിൽ നിന്ന് എത്തിയ മതിലകം കൂളിമുട്ടം സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. തുടർന്നങ്ങോട്ട് വിശ്രമമില്ലാത്ത നാളുകളായിരുന്നു ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകർക്ക്.

ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഒരു സാമൂഹിക ആരോഗ്യ കേന്ദ്രവും ഏഴ് പ്രാഥമികാരോഗ്യകേന്ദ്രവുമാണുള്ളത്. അതിന് കീഴിൽ സംസ്ഥാനത്തെ പല ജില്ലകളിൽ നിന്നും വന്ന് ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർ പലപ്പോഴും വെള്ളവും ഭക്ഷണവും പോലും മറന്ന് ജോലി ചെയ്തു. സ്വന്തം ജീവൻ വരെ റിസ്‌ക്കിലാക്കി നിരീക്ഷണത്തിരിക്കുന്ന രോഗികളെ പരിചരിച്ചു.

തീരെ അവശരായ രോഗികൾക്ക് ഭക്ഷണവും മരുന്നും കൊടുക്കുമ്പോൾ അവരോട് അടുത്ത് ഇടപഴകേണ്ടി വരും. തങ്ങൾക്കും അസുഖം വരാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ നഴ്സ്മാർ ഇതൊക്കെ ചെയ്യുന്നത്. ആദ്യമൊക്കെ പ്രവർത്തനങ്ങളോട് പലരും വിമുഖത കാണിച്ചു. താമസിക്കുന്ന ഇടങ്ങളിൽ ഒറ്റപ്പെട്ടു. എന്നാൽ, പ്രതിരോധപ്രവർത്തനങ്ങളിൽ ഇവർ കാണിക്കുന്ന ആത്മാർത്ഥത തിരിച്ചറിഞ്ഞതോടെ ആളുകൾ സഹകരിക്കാൻ തുടങ്ങി. വീടുകൾ കയറിയിറങ്ങിയുള്ള പ്രവർത്തനങ്ങളും അതോടെ ശക്തമായി.

ജില്ലയ്ക്ക് പുറത്തുനിന്ന് വന്ന നഴ്സുമാരെ ഇക്കൂട്ടത്തിൽ പ്രത്യേകം ഓർക്കണം. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പബ്ലിക്ക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ കൊല്ലം സ്വദേശി മേബിളിന് പറയാനുള്ളതും ഇത്തരത്തിൽ ഒരു അനുഭവമാണ്.

ഇരിങ്ങാലക്കുടയിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ താമസിച്ച് ജോലിക്ക് പോയിരുന്ന മേബിൾ മെഡിക്കൽ സംഘത്തിൽ അംഗമായതോടെ, താമസസ്ഥലത്തുനിന്ന് വിവേചനം നേരിടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ തന്നെ ഇവർക്ക് താമസ സൗകര്യം ഒരുക്കി നൽകുകയായിരുന്നുവെന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ സാനു എം പരമേശ്വനും പറയുന്നു.

അങ്ങനെയൊക്കെയാണെങ്കിലും ഈ ദൗത്യത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും അവരുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു. രണ്ടും മൂന്നും വയസ്സായ കുട്ടികൾ മുതൽ പ്രായമായ മാതാപിതാക്കൾ വരെ ഇവരുടെ വീടുകളിൽ കാത്തിരിക്കുന്നുണ്ട്. എന്നാലും ഈ പ്രയാസങ്ങൾ ഒക്കെ മറികടക്കാൻ ഈ കോവിഡ് കാലം തങ്ങളെ പ്രാപ്തരാക്കി എന്ന് ഇവർ ഒന്നടങ്കം അഭിമാനത്തോടെ പറയുന്നു.

English summary
thrissur mathilakam covid prevention
topbanner

More News from this section

Subscribe by Email