തൃശൂർ : കോവിഡ് 19 ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുൾപ്പെടെയുളളവർക്ക് സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ വിതരണം വിഷുവിന് മുമ്പ് പൂർത്തീകരിക്കുമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
തൃശൂർ താലൂക്കിൽ പലവ്യജ്ഞന കിറ്റുകൾ തയ്യാറാക്കുന്ന കുരിയച്ചിറയിലെ വെയർഹൗസ് ഗോഡൗൺ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവ. ചീഫ് വിപ്. പട്ടികവർഗ്ഗകോളനികളിലേക്കുളള കിറ്റ് വിതരണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പരിപ്പ്, ചെറുപയർ, വെളിച്ചെണ്ണ, ആട്ട, റവ, പഞ്ചസാര, മുളക്പൊടി, മല്ലിപൊടി, മഞ്ഞൾപൊടി, കടുക്, സസ്യ എണ്ണ, സോപ്പ് തുടങ്ങി പതിനേഴിനങ്ങൾ അടങ്ങിയ കിറ്റാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ താലൂക്കിലും കിറ്റ് തയ്യാറാക്കൽ പ്രവർത്തനം പുരോഗമിക്കുകയാണ്.
യുവജനസന്നദ്ധ പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളുമാണ് കിറ്റുകൾ ഒരുക്കുന്നത്. കുരിയച്ചിറ ഗോഡൗണിൽ 130 തിലേറെ പേരാണ് കിറ്റ് തയ്യാറാകുന്നത്. താലൂക്കിലേക്കാവശ്യമായ 15000 കിറ്റുകൾ 4 ദിവസത്തിനകം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂർ താലൂക്കിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്ത 12000 ഭക്ഷ്യധാന്യ കിറ്റുകൾ രണ്ട് ദിവസം കൊണ്ടാണ് ഇവിടെ നിന്നും തയ്യാറാക്കിയത്.
കോവിഡ് പ്രതിരോധിക്കാനും പൊതുജനങ്ങളുടെ പട്ടിണിയകറ്റാനും സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് സജീവ പിന്തുണയാണ് സന്നദ്ധപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സാമൂഹ്യ അകലവും ആരോഗ്യസുരക്ഷയും പാലിച്ച് കൊണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും ചീഫ് വിപിനോടൊപ്പുമുണ്ടായിരുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു.