Monday February 24th, 2020 - 4:19:pm
topbanner

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ഇന്നു തീരശീല : സാംസ്‌കാരിക ഘോഷയാത്രയ്‌ക്കൊരുങ്ങി അനന്തപുരി

princy
സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ഇന്നു തീരശീല : സാംസ്‌കാരിക ഘോഷയാത്രയ്‌ക്കൊരുങ്ങി അനന്തപുരി

തിരുവനന്തപുരം:ഏഴു ദിനരാത്രങ്ങൾ നാടിനെ ഉത്സവത്തിമിർപ്പിൽ ആറാടിച്ച ഓണം വാരാഘോഷത്തിന് ഇന്നു സമാപനം. വെള്ളയമ്പലത്തുനിന്നു തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്ന വർണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഇക്കൊല്ലത്തെ ഓണക്കാലം വിടപറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഹാപ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തിന് നവകേരളം പടുത്തുയർത്താനുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടേയും ഉണർത്തുപാട്ടുമായാണ് അനന്തപുരിയുടെ രാജവീഥിയിലൂടെ ഓണം ഘോഷയാത്ര കടന്നുപോകുക.ഓണാഘോഷത്തിലെ അവസാനത്തെ അവധിദിനമായ ഞാറാഴ്ച്ച വൈകുന്നേരവും നഗര നിരത്തുകൾ ആഘോഷം കാണാനെത്തിയവരെക്കൊണ്ടു നിറഞ്ഞു. പ്രളയത്തെത്തുടർന്ന് ഒരു വർഷം മുടങ്ങിയ ഓണാഘോഷം തിരിച്ചുവന്നതിന്റെ എല്ലാ ആവേശവും കാഴ്ചകാണാനെത്തിയവരിലുണ്ടായിരുന്നു.

നഗര വീഥികൾക്കിരുവശവും തെളിഞ്ഞ വർണ വിളക്കുകളും നിശാഗന്ധിയിലും പരിസരങ്ങളിലും നടന്ന വൈവിധ്യമായ കലാവിരുന്നും അവർ ആവോളം ആസ്വദിച്ചു. സമാപന ദിനമായ ഇന്ന് സാംസ്‌കാരിക ഘോഷയാത്രയ്ക്കു ശേഷവും കലാവിരുന്നുകൾ ആസ്വദിക്കാൻ അവസരമുണ്ട്. നിശാഗന്ധിയിലും പരിസരത്തുമുള്ള വേദികൾ ഇന്നു കൂടി ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്.

നിശാഗന്ധിയിലെ മുഖ്യവേദിയിൽ നടി നവ്യാനായർ അവരിപ്പിച്ച നൃത്തവും ശ്രീരഞ്ജിനി കോടംപള്ളി ഒരുക്കിയ സംഗീത വിരുന്നും ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഗായകൻ ഉണ്ണിമേനോന്റെ നേതൃത്വത്തിൽ നടന്ന ഓണം ഫിയസ്റ്റ മെഗാഷോയ്ക്കും വലിയ തിരക്കനുഭവപ്പെട്ടു. തിരുവോണ നാൾ മുതൽ കനകക്കുന്നിൽ അരങ്ങേറിയ നാടൻ കലാരൂപങ്ങളും ശാസ്ത്രീയ സംഗീത - നൃത്ത വിരുന്നും ഇന്നലെയോടെ അവസാനിച്ചു.

തിരുവരങ്ങിൽ നടന്ന പാക്കനാർതുള്ളൽ, കണ്യാർകളി, സീതക്കളി, സോപാനത്തിലെ തോറ്റംപാട്ട്, അർജുന നൃത്തം, തെയ്യം, സംഗീതികയിൽ നടന്ന സ്വാതീവന്ദനം, വോക്കൽ, പുല്ലാങ്കുഴൽ കച്ചേരി എന്നിവയ്ക്ക് ഇന്നലെയും നിറഞ്ഞ സദസായിരുന്നു.സൂര്യകാന്തിയിലെ വേദിയിൽ ട്രാൻസ്‌ജെന്റേഴ്‌സ് അവതരിപ്പിച്ച കലാപരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു. തീർഥപാദമണ്ഡപത്തിൽ ദുര്യോധന വധം കഥകളിയും ശൂർപ്പണഖാങ്കം കൂടിയാട്ടവും അരങ്ങേറി. അയ്യങ്കാളി ഹാളിൽ ചിലങ്ക എന്റർട്രെയിനേഴ്‌സിന്റെ 'കലപ്പ' നാടകം അവതരിപ്പിച്ചു.

മ്യൂസിയം വളപ്പിൽ നടന്ന കളരിപ്പയറ്റ്, അമേച്വർ നാടകങ്ങൾക്കും വലിയ തിരക്ക് അനുഭവപ്പെട്ടു.ഇന്നു വൈകിട്ട് ഏഴിനു നടക്കുന്ന സമാപന സമ്മേളനത്തിനു ശേഷമാണ് വേദികൾ ഉണരുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ പിന്നണി ഗായകൻ കാർത്തിക് നയിക്കുന്ന ഗാനമേള അരങ്ങേറും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് ആറിന് മെഗാഷോയുമുണ്ട്. മറ്റു പ്രധാന വേദികളിലും ഇന്നു വൈകിട്ട് കലാപരിപാടികൾ നടക്കും.

കനകക്കുന്നിന്റെ പ്രവേശന കവാടത്തിനു മുന്നിൽ വൈകിട്ട് 3.30ന് ഹൈനസ് സാംസ്‌കാരിക സമിതിയുടെ ചെണ്ടമേളവുമുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് നഗരത്തിൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധിയായതിനാൽ കുടുംബസമേതം സാംസ്‌കാരിക ഘോഷയാത്ര കാണാനും കലാവിരുന്ന് ആസ്വദിക്കാനും നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷ. കലാവിരുന്ന് നടക്കുന്ന എല്ലാ വേദികളിലും പ്രവേശനം സൗജന്യമാണ്.

ഇന്നത്തെ പ്രധാന കലാപരിപാടികൾ
· ആശാ ശരത്ത് അവതരിപ്പിക്കുന്ന നൃത്തം
· ഓട്ടൻതുള്ളലും നാടകവും

ഓണാഘോഷത്തിനു തിരശീലവീഴുന്ന ഇന്ന് (സെപ്റ്റംബർ 16) ജില്ലയിലെ വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണത്തിൽ വൈകിട്ട് 4.30 മുതൽ ആയോധന കലാക്ഷേത്രയുടെ കളരിപ്പയറ്റ് നടക്കും. 5.30ന് അഭിനേത്രി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തവും തുടർന്ന് ഏഴുമുതൽ ബിച്ചു തിരുമല സംഗീത നിശയും വേദിയിലെത്തും.

ആറ്റിങ്ങൽ മുനിസിപ്പൽ പരിസരത്ത് വൈകിട്ട് ആറുമുതൽ കലയപുരം രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും ഏഴുമണിമുതൽ കേരളശ്രീ അവതരിപ്പിക്കുന്ന നാടകവും അരങ്ങേറും.നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തിൽ വൈകിട്ട് ആറുമുതൽ തബല വാദനം, നൃത്തം, ഗാനമേള എന്നിവയും ആസ്വദിക്കാം.

കഥാപ്രസംഗ പ്രേമികൾക്ക് പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയിൽ വൈകിട്ട് ആറുമുതൽ എ.ആർ ചന്ദ്രൻ, മുതുകുളം സേതു എന്നിവരുടെ കഥാപ്രസംഗം ആസ്വദിക്കാൻ അവസരമുണ്ട്. ശംഖുമുഖത്തെ വേദിയിൽ വൈകിട്ട് 4.30 മുതൽ കുച്ചുപ്പുടി, മാജിക്, തിരുവാതിര, കഥാപ്രസംഗം എന്നിവയും ആസ്വാദകരെ കാത്തിരിപ്പുണ്ട്.

കനകക്കുന്നിൽ ഇന്ന്

ഓണാഘോഷത്തിന്റെ അവസാന ദിനമായ ഇന്ന് (സെപ്റ്റംബർ 16) പ്രധാന വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് ആറിന് മലയാള കവിതകളുടെ മോഹിനിയാട്ടം അവതരണവും ലാസ്യ മധുരിമയും അരങ്ങിലെത്തും. ഏഴിന് സമാപന സമ്മേളനവും തുടർന്ന് 7.30 മുതൽ പിന്നണി ഗായകൻ കാർത്തിക് നയിക്കുന്ന ഗാനമേളയും കനകക്കുന്നിനെ ഉത്സവമയത്തിലാക്കും. ഹൈനസ് സാംസ്‌കാരിക സമിതി അവതരിപ്പിക്കുന്ന ചെണ്ടമേളമാണ് കനകക്കുന്നിലെത്തുന്ന സന്ദർശകരെ പ്രധാന കവാടത്തിൽ വരവേൽക്കുക.

വിവിധ വേദികളിൽ ഗാനമേള

ഗാനമേള ആസ്വദിക്കാൻ വിവിധ വേദികളിൽ ഇന്നും അവസരം. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് ആറുമുതൽ സച്ചിൻ വാര്യർ, മൃദുല വാര്യർ എന്നിവർ അവതരിപ്പിക്കുന്ന ഗാനമേളയുണ്ടാകും. വൈകിട്ട് ഏഴുമുതൽ പൂജപ്പുര മൈതാനത്ത് അൻവർ സാദത്ത്, ജ്യോത്സ്‌ന എന്നിവരും പബ്ലിക് ഓഫീസ് പരിസരത്ത് അനന്തപുരി രാജേഷും അവതരിപ്പിക്കുന്ന ഗാനമേള ആസ്വദിക്കാം. കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാൾ പാർക്കിൽ 5.30 മുതൽ ട്രിവാൻഡ്രം ഓർക്കസ്ട്രയും ഏഴുമുതൽ സംഗീത ആർട്‌സ് ആന്റ് സ്‌പേർട്‌സ് ക്ലബ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

 

 

Read more topics: kerala, Onam, Celebration
English summary
Onam Celebration end today
topbanner

More News from this section

Subscribe by Email