Friday September 25th, 2020 - 9:35:am

പിതൃതുല്യനെന്ന് പറയിപ്പിച്ചത് ഉമ്മന്‍ചാണ്ടി; ലൈംഗിക ചൂഷണവും; സരിതയുടെ പരാതി പുറത്ത്

NewsDesk
പിതൃതുല്യനെന്ന് പറയിപ്പിച്ചത് ഉമ്മന്‍ചാണ്ടി; ലൈംഗിക ചൂഷണവും; സരിതയുടെ പരാതി പുറത്ത്

തിരുവനന്തപുരം: സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്തുവന്നു. പിതൃതുല്യനെന്ന് തന്നെക്കൊണ്ട് പറയിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് പരാതിയില്‍ വെളിപ്പെടുത്തുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് സോളാര്‍ കേസിലെ വിധിയില്‍ പരാമര്‍ശിച്ച ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ ടീം സോളാറിന്റെ ഉപഭോക്താവായിരുന്നു. ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തെന്ന ആരോപണവും പുതിയ കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ:

കമ്പനിയുമായി ബന്ധപ്പെട്ട കാര്യത്തിന് ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം നേരിട്ടുകണ്ടപ്പോള്‍ വലിയ മാനസിക ആഘാതമുണ്ടാക്കുന്ന അനുഭവമാണുണ്ടായത്. രക്ഷിക്കേണ്ടയാള്‍ തന്നെ ചൂഷണം ചെയ്തപ്പോള്‍ ആരോടും പറയാന്‍ കഴിയാത്ത അവസ്ഥയായി. എം.എന്‍.ആര്‍.ഇ, അനര്‍ട്ട് എന്നിവയുടെ ലൈസന്‍സും അംഗീകാരവും നേടിക്കൊടുക്കാന്‍ ഏഴുകോടി രൂപ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ബിജുവുമായി ബന്ധമുള്ളവരുമായി ചേര്‍ന്ന് പണത്തിന്റെ കാര്യത്തില്‍ സമവായത്തിന് ശ്രമിച്ചതിന്റെ ഫലമായി ഒരുകോടി പത്തുലക്ഷം രൂപ ഡല്‍ഹിയില്‍ എത്തിച്ചുകൊടുത്തു. തോമസ് കുരുവിള വഴി 30 ലക്ഷം തിരുവനന്തപുരത്ത് നല്‍കി. ഈ പണം നേടിയത് ഉമ്മന്‍ചാണ്ടിയാണ്. പണം ഉപയോഗിച്ച ഉമ്മന്‍ചാണ്ടി
പ്രതിയായില്ല. സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതി ആകുമെന്നതിനാല്‍ പോലീസും ജുഡീഷ്യറിയും ഒത്തുകളിക്കുകയായിരുന്നു.

ബിജുരാധാകൃഷ്ണനെ അന്ധമായി വിശ്വസിച്ചതാണ് കമ്പനിയുടെ കാര്യത്തില്‍ തനിക്ക് വിനയായത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സിന്റെ ഉപഭോക്താക്കളില്‍ നിന്നും മെഗാ പവര്‍ പ്രോജക്ടുകളുടെ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നുമുള്ള മൂന്നുകോടി രൂപ ശാലു മേനോന്റെ സ്വകാര്യആവശ്യങ്ങള്‍ക്കും വീടുപണിക്കും ഉപയോഗിച്ചു. ഇതില്‍ നിന്ന് നല്ലൊരു തുക ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ നേടി.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ. ഹേമചന്ദ്രനോട് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ചൂഷണം ചെയ്‌തെന്ന് പറഞ്ഞെങ്കിലും അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. എ.ഡി.ജി.പി പത്മകുമാറിന്റെ സഹായത്തോടെയാണ് ലാപ്‌ടോപ്പിലെ തന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ചത്.
പിന്നീട് ഉമ്മന്‍ചാണ്ടി നേരിട്ടും ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ വഴിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

തങ്ങള്‍ നിശ്ചയിച്ച സോളാര്‍ കമ്മീഷനുമായി സഹകരിക്കേണ്ടതില്ലെന്നും കമ്മീഷനെതിരെ കോടതിയെ സമീപിക്കാനും പറഞ്ഞത് തമ്പാനൂര്‍ രവിയാണ്. സരിതയ്ക്ക് ക്രെഡിബിലിറ്റിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞ ജസ്റ്റിസ് കെമാല്‍ പാഷ ടീം സോളാറിന്റെ ഉപഭോക്താവെന്ന നിലയില്‍ തനിയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നയാളാണ്. വിശ്വാസ്യത തെളിയിക്കാന്‍ ഒരു അന്വേഷണം പോലും നടത്തിയില്ല.

മറ്റ് പ്രോജക്ടിനും പണത്തിനും വേണ്ടി താന്‍ ആര്‍ക്കും വഴങ്ങിയിട്ടില്ല. സമ്മതമില്ലാതെയാണ് ഭരണത്തിലിരുന്നവര്‍ ശാരീരികമായി ഉപയോഗിച്ചത്. ഒടുവില്‍ താന്‍മാത്രം ബലിയാടാകുന്ന സാഹചര്യത്തിലാണ് കത്തെഴുതിയത്. പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും കത്തില്‍ സരിത അഭ്യര്‍ത്ഥിക്കുന്നു.

അതേസമയം, സരിത മടങ്ങിയതിന് തൊട്ടുപിന്നാലെ കത്തിലെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടതുസംഘടനയായ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ മുഖ്യമന്ത്രിയെ കണ്ട് കത്ത് നല്‍കി.

 

Read more topics: Saritha, UDF, oommen chandy
English summary
Saritha's salvo: fresh complaint says UDF dismissed two earlier .
topbanner

More News from this section

Subscribe by Email