തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വിശദമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ഒളിച്ചുകളിയുമില്ലെന്ന് കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കോവിഡ് പ്രതിരോധത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും നേരിട്ടും ലഭിക്കുന്ന വിവരങ്ങളെല്ലാം സര്‍ക്കാര്‍ ക്രോഡീകരിക്കുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള സംവിധാനമുള്ള സ്ഥാപനമാണ് സ്പ്രിങ്ക്ളര്‍. മലയാളിയായ രാജി തോമസാണ് അത് നടത്തുന്നത്.
സംശയിക്കുന്നവര്‍ക്ക് എന്തും സംശയിക്കാം. കേരളീയനായ സ്ഥാപന ഉടമ കേരളത്തിനുവേണ്ടി സഹായം നല്കിയപ്പോള് സ്വീകരിക്കാന്‍ തയാറായി. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഒന്നുമില്ല. എല്ലാ സുരക്ഷയും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ മനസിലുണ്ടായ സംശയം നീക്കാന്‍ പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനോട് ആമസോണ്‍ ക്ലൗഡ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്വെയറുകളും സി-ഡിറ്റിന്റെ പൂര്‍ണ ചുമതലയില്‍ ഉപയോഗിക്കാനും നിര്‍ദ്ദേശം നല്കി.
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മെച്ചപ്പെട്ട എന്ത് നിര്‍ദ്ദേശം മുന്നോട്ടുവച്ചാലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. അടിയന്തര പ്രവര്‍ത്തനം ആവശ്യമുള്ള ഘട്ടത്തില്‍ നേരെത്തെ സ്വീകരിച്ച നടപടിക്രമങ്ങള്‍ പാലിക്കണമെന്ന വാശിപിടിക്കുന്നത് തടസങ്ങള്‍ സൃഷ്ടിക്കും. ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കും.
റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നുവെന്നും ആരോപണം ഉയര്‍ന്നു. ബിപിഎല്‍ കാര്‍ഡ് ഉടമകളില്‍ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് ധനസഹായം നല്കാന് തീരുമാനിച്ചിരുന്നു. ഇതിനായി വിവരങ്ങള്‍ താരതമ്യംചെയ്ത് അര്‍ഹരായവരെ കണ്ടെത്താനാണ് ധനവകുപ്പ് ശ്രമിച്ചത്. പുറത്തുള്ള ഒരു കമ്പനിയുടെയും സഹായം ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ല.ഡാറ്റാ തട്ടിപ്പുകേസില്‍ പ്രതിയായ കമ്പനിയെന്ന ആരോപണമാണ് മറ്റൊന്ന്. പ്രമുഖ കമ്പനികള്‍ക്കെല്ലാം പല കേസുകളും ഉണ്ടായെന്നു വരാം. രണ്ടു വര്‍ഷം മുമ്പുള്ള കേസ് നടന്നുകൊണ്ടിരിക്കുന്നുവെന്നും ആ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്പനിയുടെ നിയമ വിഭാഗം അറിയിച്ചിരുന്നു. എല്ലാ പ്രമുഖ കമ്പനികള്‍ക്കെതിരെയും കേസുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്.
സൗജന്യ സേവനമല്ല എന്നതാണ് മറ്റൊരു ആരോപണം. സെപ്റ്റംബര്‍ 24 വരെയുള്ള നിലവിലെ കാലാവധിയില്‍ സേവനം സൗജന്യമാണ്. അതിനുശേഷം സേവനം തുടരുന്നതിനുള്ള ഫീസ് കമ്പനി അറിയിക്കും. സെപ്റ്റംബര്‍ 24 വരെ നല്‍കേണ്ടി വരുമായിരുന്ന ഫീസും അറിയിക്കും. അറിവിലേക്ക് മാത്രമാണ് ഈ വിവരം നല്‍കുന്നത്. പണം നല്‍കേണ്ടതില്ല
കോവിഡ് 19 ന്റെ മറവില്‍ അഴിമതി എന്നതാണ് മറ്റൊരു ആരോപണം. സ്പ്രിങ്ക്ളര്‍ ഇടപാടില്‍ സാമ്പത്തികമോ അല്ലാത്തതോ ആയ യാതൊരു ബാധ്യതയും സര്‍ക്കാരിനില്ല. കരാറിന് നിയമ സാധുതയില്ല എന്നതാണ് മറ്റൊരു ആരോപണം. നിയമ സാധുതയുള്ള കരാറാണിത്. നിയമ വകുപ്പ് അറിഞ്ഞിട്ടില്ല എന്ന ആരോപണത്തിനും അടിസ്ഥാനമില്ല. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ നിയമ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
ഐ ടി സെക്രട്ടറി കമ്പനിക്കുവേണ്ടി അഭിനയിച്ചുവെന്നത് ചില കുരുട്ടുബുദ്ധികള്‍ ഉണ്ടാക്കിയ വാര്‍ത്തയാണ്. ഐ.ടി സെക്രട്ടറിയോട് കേരളം നേരിട്ട ദുരിതങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി നല്‍കുകയാണ് അദ്ദേഹം ചെയ്തത്. ഏത് ഉദ്യോഗസ്ഥനോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാലും മറുപടി പറയില്ലേ. അതില്‍ എന്താണ് തെറ്റ്. അത് അഭിനയമാണോ ? - മുഖ്യമന്ത്രി ചോദിച്ചു. ഐ ടി സെക്രട്ടറിയുടെ വീഡിയോ പിന്നീട് നീക്കം ചെയ്തതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും അക്കാര്യം നീക്കം ചെയ്തവരോടാണ് ചോദിക്കേണ്ടതെന്നും ഉദ്യോഗസ്ഥരെ തേജോവധം ചെയ്യാന്‍ ശ്രമിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.