Saturday September 19th, 2020 - 8:31:am

പാലക്കാട് നഗരം അടച്ചു : നിയന്ത്രണത്തില്‍ അയവുവന്നപ്പോള്‍ ജനം കൂട്ടത്തോടെ പുറത്തേക്ക്: നട്ടം തിരിഞ്ഞ് പോലീസ്

Anusha Aroli
പാലക്കാട് നഗരം അടച്ചു : നിയന്ത്രണത്തില്‍ അയവുവന്നപ്പോള്‍ ജനം കൂട്ടത്തോടെ പുറത്തേക്ക്: നട്ടം തിരിഞ്ഞ് പോലീസ്

പാലക്കാട്: പാലക്കാട് നഗരത്തിലേക്ക് രണ്ടുവഴി, ജനങ്ങളെ വട്ടംചുറ്റിച്ച് പോലീസ്. ലോക്ക് ഡൗണ്‍ 28 ദിവസമായപ്പോഴാണ് നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ച് പുതിയ ട്രാഫിക് പരിഷ്‌കരണവുമായി പോലീസ് രംഗത്തെത്തിയത്. ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ അപ്രതീക്ഷിതമായി പരിഷ്‌കരണം നടപ്പാക്കിയതിനുശേഷമാണ് അറിയിപ്പു പോലും പുറത്തുവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതിയ രീതിയില്‍ ജോലിക്കും മറ്റുമായി നഗരത്തിലെത്തുന്നവര്‍ക്ക് ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. പുതിയ പരിഷ്‌കരണ പ്രകാരം എല്ലാ വാഹനങ്ങള്‍ക്കും ഇനിമുതല്‍ കല്‍മണ്ഡപം, മേപ്പറമ്പ് ഭാഗങ്ങളിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശനമുള്ളൂ. തിരിച്ചും അതുവഴി തന്നെയാണ് പോകേണ്ടത്.

പരിഷ്‌കരണം ഇങ്ങനെ: ഒലവക്കോട്, മലമ്പുഴ, പുത്തൂര്‍, കല്‍പാത്തി, കല്ലേപ്പുള്ളി, ചിറ്റൂര്‍ എന്നീ ഭാഗങ്ങളില്‍നിന്നും വരുന്ന എല്ലാ വാഹനങ്ങള്‍ക്കും കല്‍മണ്ഡപം വഴി മാത്രമേ പ്രവേശനം അനുവദിക്കൂ. കല്ലേക്കാട്, കൊടുന്തിരപ്പുള്ളി, പൂടൂര്‍, തിരുനെല്ലായ് ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മേപറമ്പിലൂടെയായിരിക്കും പ്രവേശനം. രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്കും മറ്റ് അത്യാവശ്യ വാഹനങ്ങള്‍ക്കും മാത്രമേ സാധാരണ വഴികളിലൂടെ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ.

തിങ്കളാഴ്ചക്ക് മുമ്പ് നിലവിലുണ്ടായിരുന്ന അതേ ക്രമീകരണങ്ങള്‍ തുടരും. അത്യാവശ്യ കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള മെഡിക്കല്‍ ഷോപ്പ്, പലചരക്ക് കടകള്‍, പഴം പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ (പാഴ്‌സല്‍ സര്‍വീസുകള്‍ക്ക് മാത്രമായി) ലോക്ക് ഡൗണ്‍ കാലയളവില്‍ നിര്‍ദേശിച്ച സമയപ്രകാരം പ്രവര്‍ത്തിക്കണമെന്നും ട്രാഫിക് എസ്.ഐ. അറിയിച്ചു.

ഇളവുകള്‍ മുതലാക്കി ജനം

ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപനത്തിനു പുറകേ മുന്‍കരുതലുകള്‍ ഇല്ലാതെ ജനം നഗരത്തിലേക്ക് കൂട്ടമായെത്തി. ഓറഞ്ച് ബി മേഖലയില്‍ ഉള്‍പ്പെടുന്ന പാലക്കാട് ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവ് അനുവദിക്കപ്പെട്ടെങ്കിലും നാല് തദ്ദേശസ്്ഥാപന പരിധികള്‍ ഹോട്ട് സ്‌പോട്ടുകളായിരുന്നു.

ഇളവുകള്‍ അവശ്യകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായാണ് പ്രഖ്യാപിച്ചതെങ്കിലും അനാവശ്യമായാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. തുറന്നുപ്രവര്‍ത്തിക്കുന്ന കടകളുടെ കാര്യത്തിലും വ്യക്തത ഇല്ലാതിരുന്നതിനാല്‍ ഇളവ് മുതലെടുത്ത് ഫാന്‍സി കടകളും ചെരുപ്പുകടകളും വരെ തുറക്കുന്ന സ്ഥിതിയുണ്ടായി.

ലോക്ക് ഡൗണിലായ നഗരം കാണാനെത്തിയവരും കുറവായിരുന്നില്ല. കുടുംബസമേതം ഒരു വാഹനത്തില്‍ തന്നെ തിങ്ങിനിറഞ്ഞ് ഷോപ്പിങിന് എത്തിയവരും സത്യവാങ്മൂലം പോലും കൈയ്യില്‍ കരുതിയില്ല. ലോക്ക് ഡൗണ്‍ കാലത്ത് തിരക്ക് നിയന്ത്രണാതീതമായതോടെ ഉച്ചയോടെ കാണിക്കമാതാ കോണ്‍വെന്റിന് മുന്‍വശം, വിക്‌ടോറിയ കോളജ്, ഒലവക്കോട് എന്നിവിടങ്ങളില്‍ പോലീസ് റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

ജില്ലയില്‍ പാലക്കാട് നഗരസഭ, കാരാക്കുറുശ്ശി, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകള്‍ എന്നിങ്ങനെ നാലു ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടെന്നും ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ സ്ഥിതി തുടരുമെന്നുമായിരുന്നു അറിയിപ്പ്. എനാല്‍ ഇത് ഞായറാഴ്ച രാത്രി വൈകിയാണ് മാധ്യമങ്ങള്‍ക്കു പോലും ലഭിച്ചത്. തിങ്കളാഴ്ച രാവിലെ തന്നെ ജനങ്ങള്‍ ഹോട്ട്‌സ്‌പോട്ട് നഗരത്തിലെത്തി.

മിക്ക വാഹനങ്ങളിലും നേരത്തെ നിര്‍ദേശിച്ചതുപ്രകാരമായിരുന്നില്ല ആളുകളുടെ എണ്ണം ഉണ്ടായിരുന്നത്. പലരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഫാന്‍സി കടകള്‍, ചെരുപ്പുകടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങി ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും രാവിലെ തന്നെ തുറന്നു. ഇതോടെ നഗരം തിരക്കിലമര്‍ന്നു. രാവിലെ സാധാരണ പരിശോധന നടത്താറുള്ള പോലീസും ഇന്നലെ 11 മണിയോടെയാണ് പരിശോധനയ്ക്ക് ഇറങ്ങിയത്.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരം, യാക്കര ദേശീയപാത, ഹെഡ് പോസ്റ്റോഫീസ്, സുല്‍ത്താന്‍പേട്ട, കോയമ്പത്തൂര്‍ റോഡ്, ഒലവക്കോട്, മേലാമുറി, ജില്ലാ ആശുപത്രിയ്ക്ക് പരിസരം എന്നിവിടങ്ങളിലെല്ലാം രാവിലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

സ്ഥിതി കൈവിട്ടുപോകുമെന്ന അവസ്ഥ വന്നതോടെ പോലീസ് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. പലരുടെയും കൈയ്യില്‍ സത്യവാങ്മൂലം പോലും ഉണ്ടായിരുന്നില്ല. ഷോപ്പിങിനായി എത്തിയവരും ലോക്ക് ഡൗണിലായ നഗരം കാണുന്നതിനും വെറുതെ കറങ്ങുന്നതിനുമായി ഇറങ്ങിയവരായിരുന്നു ഏറെയും. ചിലര്‍ മരുന്നുവാങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞ് തടിതപ്പി. ഷോപ്പിങിന് കുടുംബസമേതം എത്തിയവരെ പോലീസ് തിരിച്ചയച്ചു.

ആശുപത്രികളില്‍ ഒ.പി. ഉണ്ടായിരുന്നതിനാല്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരും ഇന്നലെ നഗരത്തിലെത്തി. ബാങ്കുകള്‍ക്ക് മുന്നിലും നീണ്ടനിര ദൃശ്യമായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചതോടെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് മുതല്‍ നൂറണിക്ക് അപ്പുറത്തേക്കും ഒലവക്കോട് തുടങ്ങിയ ഇടങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.

സര്‍ക്കാര്‍ ഓഫീസുകളും സഹകരണ സ്ഥാപനങ്ങളും 33 ശതമാനം ജീവനക്കാരോടെയും പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ എന്നിവ 35 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിച്ചു. മൃഗാശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയും തുറന്നുപ്രവര്‍ത്തിച്ചു. പലചരക്ക് കടങ്ങള്‍ക്ക് നിലവിലുള്ള സമയ നിയന്ത്രണം ഒഴിവാക്കി ഇന്നലെ മുതല്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴു വരെ ആക്കിയതോടെ ജനങ്ങളുടെ തിരക്ക് കൂടുതലായിരുന്നു.

Read more topics: palakkad,lock down violation
English summary
palakkad lock down violation
topbanner

More News from this section

Subscribe by Email