തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പെന്ഷന് പ്രായം കൂട്ടുക എന്ന നിര്‍ദ്ദേശത്തിന്റെ മറപിടിച്ച് മറ്റ് സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി.
കെ.എസ്.ആര്.ടി.സി പെന്ഷന് പ്രായം കൂട്ടുന്നത് നിര്‍ദ്ദേശം മാത്രമായിരുന്നു എന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് സഭയില്‍ പറഞ്ഞതിനു പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടാന്‍ വേണ്ടിയാണ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് മുന്പില് ഇല്ലെന്ന് പിണറായി വിജയന് വ്യക്തമാക്കി. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെ.എസ്.ആര്.ടി.സിയെ മറയാക്കി എല്ലാ മേഖലയിലും പെന്ഷന് പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വി.ടി ബല്‍റാം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് വി.ടി ബല്‍റാം പറഞ്ഞു. കെ.എസ്.ആര്.ടി.സിയെ മറയാക്കി മറ്റുമേഖലകളിലും പെന്‍ഷന്‍പ്രായം 60 ആക്കാന്‍ നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യ തീരുമാനമാണെന്നും ബല്‍റാം ആരോപിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക